കൊച്ചി/ ലണ്ടന്‍: കോവിഡ് ബാധിച്ച് ലണ്ടനില്‍ വച്ച് മരണമടഞ്ഞ മലയാളിയായ സിന്റോ ജോര്‍ജിന്റെ അകാലവേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുശോചനസന്ദേശം അയച്ചു. ഭാര്യയ്ക്കും മക്കള്‍ക്കുമായിട്ടാണ് അനുശോചനസന്ദേശം അയച്ചിരിക്കുന്നത്. സിന്റോയുടെ മാതാപിതാക്കളെയും ബന്ധുമിത്രാദികളെയും അനുശോചനകത്തില്‍ പരാമര്‍ശിച്ചിട്ടുമുണ്ട്.
നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കേണ്ട വലിയ സന്ദര്‍ഭമാണിത്. കര്‍ത്താവ് കുരിശില്‍ കിടന്നുകൊണ്ട് പിതാവ് തന്നെ കൈവിട്ടു എന്ന് ചിന്തിച്ച നിമിഷങ്ങളുണ്ടായിരുന്നു. എന്നാല്‍ കര്‍ത്താവ് തന്നെ അടുത്ത നിമിിഷം തന്റെ ആത്മാവിനെ പിതാവിന്റെ പക്കല്‍ സമര്‍പ്പിക്കുന്നു എന്ന് പറഞ്ഞു. ഈ സാഹചര്യത്തില്‍ സിന്റോയെ നമുക്ക് ദൈവത്തിന്റെ പക്കല്‍ സമര്‍പ്പിക്കാം. അവിടുന്ന് അവന് നിത്യസൗഭാഗ്യം നല്കും. നിങ്ങള്‍ക്ക് ആശ്വാസം പകരും. അനുശോചന സന്ദേശത്തില്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
സഭയുടെ കൂട്ടായ്മയില്‍ ചേര്‍ത്ത് പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തുകൊണ്ടാണ് അദ്ദേഹം അനുശോചനസന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
കോവിഡ് ബാധിച്ചു മരിച്ച സിന്റോയ്ക്ക് വേണ്ടി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ പ്രത്യേക അനുസ്മരണബലികളും പ്രാര്‍ത്ഥനകളും നടന്നു. 36 വയസേ സിന്റോയ്ക്കുണ്ടായിരുന്നുള്ളൂ.