പാലാ: കെ എം മാണി എന്ന പാലാക്കാരുടെ മാണി സാറിനെ കുറിച്ച് രാഷ്ട്രീയപരമായി പല വിയോജിപ്പുകളും പലര്‍ക്കും കണ്ടേക്കാം. അദ്ദേഹത്തിന്റെ നിലപാടുകള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും അദ്ദേഹം സഭയ്ക്കും കുടുംബത്തിനും നല്കിയ പ്രാധാന്യവും സംഭാവനകളും ആര്‍ക്കും നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല.
സമുദായമാണ് തന്റെ ബലമെന്ന തിരിച്ചറിവ് അദ്ദേഹത്തിന് എപ്പോഴുമുണ്ടായിരുന്നു. സീറോ മലബാര്‍ സഭയിലും കേരള കത്തോലിക്കാ സഭയിലും നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. ഭാരതത്തിലെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ വിശുദ്ധപദപ്രഖ്യാപനം വത്തിക്കാനില്‍ നടക്കുമ്പോള്‍ അദ്ദേഹം അവിടെയുണ്ടായിരുന്നു. അതുപോലെ സഭയുടെ എല്ലാ ചടങ്ങളിലും വലുപ്പചെറുപ്പം നോക്കാതെ അദ്ദേഹം ഓടിയെത്തുകയും ചെയ്തിരുന്നു.
പ്രോലൈഫ് കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു മാണി സാര്‍.കൂടുതല്‍ മക്കളെ സ്വീകരിക്കാനും അദ്ദേഹം സന്നദ്ധനായിരുന്നു. ആ നിലയില്‍ കെസിബിസി പ്രോലൈഫ് സമിതിയുടെ അനുമോദനം കെഎം മാണി ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.
ഭാര്യയോട് ചേര്‍ന്നുനിന്ന് വിജയങ്ങള്‍ വെട്ടിപിടിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം. ജീവിതത്തിന്റെ ആദ്യാവസാനം ഭാര്യ കുട്ടിയമ്മയുടെ കൈപിടിച്ചായിരുന്നു മാണി സാര്‍ നടന്നിരുന്നത്. തന്റെ ഉയര്‍ച്ചയ്ക്ക് കാരണം കുട്ടിയമ്മയാണ് എന്ന് അദ്ദേഹം പലയിടത്തും തുറന്നുപറഞ്ഞിട്ടുമുണ്ട്.
ദൈവത്തിന്റെ അനുഗ്രഹമാണ് ഈ ദാമ്പത്യം. പരസ്പര സ്‌നേഹവും വിശ്വാസവും ഞങ്ങള്‍ക്കിടയിലുണ്ട്. എല്ലാം തുറന്നുപറയും. ദാമ്പത്യജീവിതത്തിന്റെ വിജയത്തെക്കുറിച്ച് മാണി സാര്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയത് അങ്ങനെയായിരുന്നു. പൂമുഖവാതില്ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ എന്ന വിശേഷണം എല്ലാ അര്‍ത്ഥത്തിലും തന്റെ ഭാര്യയ്ക്ക് യോജിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അറുപതു വര്‍ഷം മുമ്പ് അള്‍ത്താരയ്ക്ക് മുമ്പാകെ കോര്‍ത്തുപിടിച്ച കരം മരണത്തിന്റെ അവസാനവിനാഴികയിലും അദ്ദേഹം ഭാര്യയുമായി കോര്‍ത്തുപിടിച്ചിരുന്നു.