യേശു പത്രോസിനെയും യോഹന്നാനെയും അയച്ചുകൊണ്ടു പറഞ്ഞു: നിങ്ങൾ പോയി നമുക്കു പെസഹാ ഭക്ഷിക്കേണ്ടതിന് ഒരുക്കങ്ങൾ ചെയ്യുവിൻ. അവർ അവനോടു ചോദിച്ചു: ഞങ്ങൾ എവിടെ ഒരുക്കണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അവൻ പറഞ്ഞു: ഇതാ, നിങ്ങൾ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ഒരു കുടം വെള്ളം ചുമന്നുകൊണ്ട് ഒരുവൻ നിങ്ങൾക്കെതിരേ വരും. അവൻ പ്രവേശിക്കുന്ന വീട്ടിലേക്കു നിങ്ങൾ അവനെ പിന്തുടരുക. ആ വീടിന്റെ ഉടമസ്ഥനോടു പറയുക: ഗുരു നിന്നോടു ചോദിക്കുന്നു, എന്റെ ശിഷ്യൻമാരോടുകൂടെ ഞാൻ പെസഹാ ഭക്ഷിക്കുന്നതിനുള്ള വിരുന്നുശാല എവിടെയാണ്? സജ്ജീകൃതമായ ഒരു വലിയ മാളികമുറി അവൻ നിങ്ങൾക്കു കാണിച്ചുതരും. അവിടെ ഒരുക്കുക. അവർ പോയി അവൻ പറഞ്ഞതുപോലെ കണ്ടു, പെസഹാ ഒരുക്കുകയും ചെയ്തു. (ലൂക്കാ 22:8-13)
ആണ്ടുതോറുമുള്ള യഹൂദരുടെ പെസഹാ ആചരണം അവരുടെ ഈജിപ്തിലെ അടിമത്തത്വത്തിൽ നിന്നുള്ള മോചനത്തിന്റെ പ്രതീകമാണ്. മോശയിലൂടെ ദൈവം ഇസ്രായേൽ ജനത്തിന് വെളിപ്പെടുത്തിയ ഈ വിമോചനത്തിനായുള്ള ഒരുക്കം പ്രത്യേകമായ വിധത്തിലുള്ള ഒരു ഭക്ഷണക്രമത്തോടു കൂടിയതായിരുന്നു.
അത് പാലിക്കാൻ ആ സമൂഹം അന്നും ഇന്നും പരിശ്രമിക്കാറുമുണ്ട്. ആചാരത്തിന്റേയും വിശ്വാസത്തിന്റേയും ഭാഗമായ ഈ പെസഹാ ഭക്ഷണം കഴിക്കാൻ സ്വന്തമായൊരിടം ഉണ്ടാവുക എന്നത് എക്കാലത്തും പ്രധാനപ്പെട്ടതാണ്. എന്നാൽ ഈശോയ്ക്കും ശിഷ്യർക്കും പെസഹാ ആഘോഷിക്കാൻ സ്വന്തമായൊരിടം പോലുമില്ലായിരുന്നു എന്ന് ലൂക്കാ സുവിശേഷകന്റെ വിവരണത്തിലൂടെ മനസിലാവുന്നുണ്ട്. എല്ലാ സൗകര്യങ്ങളും സൗഭാഗ്യങ്ങളും ഉള്ളവർക്ക് മാത്രമല്ല ഇല്ലാത്തവർക്കും എല്ലാക്കാര്യങ്ങളും പ്രാപ്യമാണ് എന്നത്, മണ്ണിൽ പിറക്കാൻ ഇടം കിട്ടാതിരുന്ന ഈശോയുടെ ജനനം മുതൽ വെളിവാക്കപ്പെട്ട സത്യമാണ്.
അത് ഇവിടേയും തുടരുന്നു എന്ന് മാത്രം.
പെസഹാ ആചരണത്തിന്റെ ഏറ്റവും സൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തത യഹൂദജനത്തിനുണ്ട്, (പുറപ്പാടിന്റെ പുസ്തകം പന്ത്രണ്ടാം അധ്യായത്തിൽ പെസഹാ ആചരിക്കേണ്ടത് എപ്രകാരമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതുപോലെ സംഖ്യയുടെ പുസ്തകത്തിൽ രണ്ടാമത്തെ പെസഹായുടെ വിവരണവും കൊടുത്തിട്ടുണ്ട് (സംഖ്യ 9:1-14))
അനുഷ്ടാനങ്ങളിൽ യാതൊരു വിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും ഒത്തുതീർപ്പിനും തയ്യാറാകാത്ത സമൂഹത്തിലെ ഒരംഗമായിരുന്ന ഈശോ, തന്റെ അവസാനത്തെ പെസഹാ ആഘോഷിച്ചത് ഏതുരീതിയിലാണെന്ന് വചനത്തിലൂടെ നമുക്കറിയാവുന്നതാണ്. ഈശോയും ശിഷ്യരും ഒന്നിച്ചാഘോഷിക്കുന്ന ഈ പെസഹായിൽ ഊനമറ്റ കുഞ്ഞാടിനെ കൊന്നിട്ടില്ല, പുളിപ്പില്ലാത്ത അപ്പമുണ്ടാക്കിയിട്ടില്ല, കൂടെ കഴിക്കാനായി കയ്പുള്ള ഇലകളില്ല, കയ്യിൽ വടിയില്ല, അരമുറുക്കിയിട്ടില്ല, തിടുക്കമില്ല. ആകെ ചെയ്തത് ഈശോ തന്റെ ശിഷ്യരുടെ പാദങ്ങൾ കഴുകി അവരെ ശുദ്ധരാക്കി എന്നത് മാത്രം. പെസഹായ്ക്കുള്ള ഭക്ഷണമായി അവരുടെ പക്കൽ ഉണ്ടായിരുന്നത് അവർ പതിവായി ഉപയോഗിക്കുന്ന അപ്പവും (bread) മുന്തിരിച്ചാറുമാണ്.
എന്നിട്ടുമിതാ കാലങ്ങളായി ക്രിസ്തുവിശ്വാസികൾ അവന്റെ അവസാനത്തെ പെസഹായുടെ ഓർമ്മ ജീവനിലേറ്റിയിരിക്കുന്നു എന്നത് എത്രവലിയ അത്ഭുതമാണ്.
യഹൂദരുടെ പെസഹാ ഭക്ഷണത്തിനായി ഊനമറ്റ കുഞ്ഞാട് നിർബന്ധമായിരുന്നു. അതില്ലാത്ത പെസഹാ ആചരണത്തെക്കുറിച്ച് അവർക്ക് ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല.
ആചാരവിധികളിലെ ഏതാണ്ടെല്ലാ കാര്യങ്ങളും തെറ്റിച്ചാണ് ഈശോ തന്റെ അവസാനത്തെ പെസഹ ആചരിച്ചത് എന്ന വായനയെ നിസ്സാരമായി കാണാനാകില്ല. സകലജനത്തിനും വേണ്ടിയാണ് ഈശോ പിറന്നത് എന്ന് തിരുവചനം പറഞ്ഞുതരുമ്പോൾ, അത് മനസിലാക്കാൻ പലർക്കും എളുപ്പമല്ല. ഇവിടെ ഈ പെസഹാ ഇത്രയും ലളിതമായി അവൻ ആചരിക്കുമ്പോൾ ആദ്യം പറഞ്ഞത് സാധൂകരിക്കപ്പെടുകയാണ്.
അങ്ങനെ ഏറ്റവും ദരിദ്രമായ സാഹചര്യത്തിൽ കഴിയുന്നവർക്കുപോലും കിട്ടാൻ സാധ്യതയുള്ള അപ്പവും മുന്തിരിച്ചാറും മാത്രം ഉപയോഗിച്ചാലും പെസഹാ സാധ്യമാകുമെന്ന പുതിയ രീതിക്കും ഈശോ തുടക്കം കുറിക്കുകയും ചെയ്തു.
നമ്മുടെയൊക്കെ ചുറ്റുപാടുകളിൽ പോലും ഒരു വിരുന്നിനു വേണ്ടതായ വിഭവങ്ങൾ ഒരുക്കാൻ പറ്റാത്തതിന്റെ നോവിൽ, ജീവിതത്തിൽ ഒരിക്കൽ പോലുമൊരു വിരുന്ന് നടത്താൻ ധൈര്യപ്പെടാത്ത എത്രയോ പേരുണ്ട്, ഈശോയുടെ പെസഹാ അവർക്കുംകൂടി വേണ്ടിയായിരുന്നു. എത്രമാത്രം വിഭവങ്ങളാൾ സമ്പന്നമാണ് ഒരാളൊരുക്കുന്ന അത്താഴങ്ങളും വിരുന്നുകളും എന്ന് നോക്കി ആതിഥേയന്റെ നിലവാരമളക്കുന്ന അനേകം ആളുകൾ ലോകത്തെല്ലായിടത്തുമുണ്ട്.
എന്നാൽ ഈശോ അന്നത്തെ പെസഹായിൽ കാണിച്ചുതന്നത് മറിച്ചൊരു വസ്തുതയാണ്. വിഭവങ്ങളുടേയും, ചിലപ്പോൾ അനുഷ്ടാന വിധികളുടേയും രീതികൾക്കപ്പുറം എത്രമാത്രം സ്നേഹത്തോടെയായിരിക്കണം ഓരോ അത്താഴവും വിളമ്പിക്കൊടുക്കേണ്ടതെന്ന പുതിയ പാഠം പകർന്നേകിയ ദിവസവുമാണത്. എന്നും വയറുനിറച്ച് ഭക്ഷണം കഴിയ്ക്കാനാവുക എന്നത് എല്ലാവർക്കും എക്കാലവും ലഭിക്കാത്ത ഭാഗ്യമാണ്. എന്നാൽ അതിനേക്കാളുമുപരിയായി വയറിനോപ്പം ഹൃദയവും നിറയപ്പെടുന്ന അനുഭവം ഒരിക്കലെങ്കിലും ലഭിക്കുന്നത് മഹാഭാഗ്യം തന്നെയാണ്.
ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് കുറേയധികം സാധ്യതകളുടെ വാതിൽ തുറന്നു കിട്ടിയ ദിനത്തിന്റെ അനുസ്മരണമാണ് ഓരോ പെസഹായും. പെസഹാ അത്താഴത്തിൽ അപ്പവും മുന്തിരിച്ചാറും തന്റെ ശരീരരക്തങ്ങളായി പരിധികളില്ലാത്ത സ്നേഹത്തോടെ തന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കായി പങ്കുവച്ചുക്കൊണ്ട് “എന്റെ ഓർമ്മയ്ക്കായി നിങ്ങളിത് ചെയ്യുവിൻ” എന്ന ഈശോയുടെ മൊഴികൾ വിശുദ്ധ കുർബാനയായി അൾത്താരയിൽ അർപ്പിക്കുന്നവരാണ് വിശ്വാസികളായ നമ്മൾ.
ദൈവാലയങ്ങളിൽ നടത്തപ്പെടുന്ന ഈ ഓർമ്മ ആചരണത്തിൽ അന്നന്നത്തെ അപ്പത്തിന് വഴിയില്ലാത്തവരും എപ്പോഴും ഇടകലർന്നിട്ടുണ്ടാകും. ആത്മവിശുദ്ധിയോടെ നാം അവന്റെ ശരീരവും രക്തവും സ്വന്തമാക്കിക്കഴിയുമ്പോൾ, സാബത്തിനേക്കാൾ വിലകൽപിച്ച് ഇത്തരം ജീവിതങ്ങളെ ഈശോ ചേർത്തുപിടിച്ചതുപോലെ ചേർത്തുപിടിയ്ക്കാനും അവർക്കായി ഉള്ളത് പകുത്തേകാനും നമുക്കു സാധിക്കും..
താൻ സ്നേഹപൂർവം പകുത്തേകുന്ന അപ്പവും മുന്തിരിച്ചാറും സ്വീകരിക്കുന്നവർ തനിക്ക് ഉപകാരമാണോ ഉപദ്രവമാണോ പിന്നീട് ചെയ്യുക എന്ന് ഈശോ ഒരുവേളപോലും ചിന്തിച്ചില്ല. സ്നേഹത്തിന് നിരക്കാത്ത വാക്കുകളും പ്രവർത്തികളും ഈശോയിൽനിന്ന് പുറപ്പെട്ടുമില്ല. എന്നാൽ, എല്ലായിടത്തുനിന്നല്ലെങ്കിലും നമ്മുടെ ചില ദൈവാലയങ്ങളിൽനിന്നും, ദൈവാലയത്തിലെ ബലിപീഠത്തിൽ നിന്നും, ഗാർഹിക സഭയെന്ന് വിളിക്കപ്പെടുന്ന നമ്മുടെ ഭവനങ്ങളിൽ നിന്നുമൊക്കെ, തന്റെ അവസാന പെസഹാ വേളയിൽ സ്നേഹത്തിന്റെ കൽപ്പന തന്നവന്റെ, സ്നേഹത്തിന്റെ ഏറ്റവും മൂർത്തഭാവമായി സ്വയം പകുത്തേകിയതിന്റെ ഒക്കെ അനുസ്മരണത്തിന് പകരം സ്നേഹരാഹിത്യത്തിന്റെ പെസഹാ ആചരിക്കപ്പെടുന്നുണ്ട് എന്ന് നമുക്കറിയാം.
ഈശോ വിളമ്പിയ അപ്പവും മുന്തിരിച്ചാറും സ്വീകരിച്ചശേഷം യൂദാസ് ചെയ്തതുപോലെ ഒറ്റിക്കൊടുക്കുന്നതും, പത്രോസ് ചെയ്തതുപോലെ തള്ളിപ്പറയുന്നതും, ബാക്കിയുള്ളവർ ചെയ്തതുപോലെ ഓടിയൊളിക്കുന്നതുമല്ല ക്രിസ്തുവിശ്വാസിയുടെ ശരിയായ മാർഗം. പകരം, നമുക്കായി സ്നേഹപൂർവം തന്റെ ശരീരവും രക്തവും പകുത്തേകിയ അവനൊപ്പം നിൽക്കുകയും, അവൻ നടത്തുന്ന വഴിയിലൂടെ നടക്കുകയും ചെയ്യുക എന്നതാണ്. എന്തെന്നാൽ അവനാണല്ലോ വഴിയും സത്യം ജീവനും, അവന്റെ പക്കലാണല്ലോ നിത്യജീവന്റെ വചനമുള്ളതും.
ഇപ്രാവശ്യം നാം ഈശോയുടെ പെസഹാ ആചരിക്കുമ്പോൾ, കാലങ്ങളായി നമ്മൾ ശീലിച്ചുപോരുന്ന ചില ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും മാത്രമൊതുങ്ങി ഈ ദിനം മാറാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പെസഹായുടെ തിരുനാൾ ദിനത്തിൽ/വിശുദ്ധ കുർബാന സ്ഥാപിച്ച ഈ ദിനത്തിൽ/ സ്നേഹത്തിന്റെ കൽപന നൽകപ്പെട്ട ഈ ദിനത്തിൽ/ നമ്മോടുതന്നെ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്, അതിതാണ്:
“
ഈ രാവു തീരുമ്പോൾ എന്തു ഞാൻ ചെയ്തിടുംതള്ളിപ്പറയുമോ, ഒറ്റിക്കൊടുക്കുമോആ ചാരെ നിൽക്കാതെ ഓടിയൊളിക്കുമോ… ?”
ഏവര്‍ക്കും പെസഹാ തിരുനാള്‍ ആശംസകളോടെ
പോള്‍ കൊട്ടാരം കപ്പൂച്ചിന്‍