Friday, November 8, 2024
spot_img
More

    ധ്യാനപൂര്‍വ്വം നിന്റെ കുരിശിന്റെ ചാരെ

    ലോകത്തിന്‌ രക്ഷപകർന്ന ഈശോയുടെ കുരിശുമരണം ഏറെ വിശുദ്ധമായി മനസിലാക്കുകയും അംഗീകരിക്കുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ളവരാണ്‌ അവനിൽ വിശ്വസിക്കുന്നവരായ നമ്മളെല്ലാവരും. ഈശോയുടെ കുരിശിലെ മരണം സംഭവിച്ചത്‌ പതിവുപോലുള്ളൊരു ദിനത്തിലായിരുന്നെങ്കിലും, വിശുദ്ധമായ പെസഹായുടെ തുടർച്ചയായിട്ടാണ്‌. അങ്ങനെ ആ വെള്ളിയാഴ്ച വിശുദ്ധ വെള്ളിയായി മാറ്റപ്പെട്ടു.

    അന്നുമുതൽ കുരിശിലെ രക്ഷയെ അനുസ്മരിക്കുന്ന കാലത്തോളം ഇത്‌ വിശുദ്ധ വെള്ളിയായിരിക്കും. ദു:ഖവെള്ളിയെന്ന്‌ പറഞ്ഞും കേട്ടും ശീലിച്ചതിനാൽ ഇതൊന്ന്‌ മാറ്റിപ്പറയാൻ സ്വാഭാവികമായും നമുക്ക്‌ ബുദ്ധിമുട്ടുണ്ടാകും. അതെന്തുമാകട്ടെ, ഈ ദിനത്തിൽ നാം പ്രാർത്ഥനാപൂർവം അനുസ്മരിക്കുന്ന കർമ്മങ്ങൾ ഓരോന്നും നമുക്ക്‍്‌ രക്ഷയുടെ അനുഭവം പകരുന്നവയാണ്‌. ഈശോ തന്റെ പീഡാനുഭവത്തെക്കുറിച്ച്‌ പറയുമ്പോളെല്ലാം തനിക്ക്‌ വരാൻ പോകുന്ന സഹനത്തെക്കുറിച്ച്‌ കൃത്യമായും ഓർമ്മിപ്പിക്കുന്നുണ്ട്‌.

    ഇന്ന്‌ ഈ വിശുദ്ധമായ ദിനത്തിൽ ഈശോയേയും അവൻ കടന്നുപോയ സഹനത്തേയും വേദനയേയും കുരിശിലെ മരണത്തേയും പ്രത്യേകമായവിധം നമ്മൾ ധ്യാനിക്കുമ്പോൾ, നമ്മുടെ ഉള്ളിലും കൂടുതൽ ആത്മീയമായ കരുത്ത്‌ നിറയും എന്നത്‌ പൊതുവായ നമ്മുടെ അനുഭവമാണ്‌ ഒപ്പം വിശ്വാസവുമാണ്‌.
    ഓശാന ഞായറിൽ  നമ്മൾ ആരംഭിച്ച ഈ വിശുദ്ധവാരത്തിലെ ആദ്യത്തെ രണ്ട്‌ ദിനങ്ങളിൽ (ഓശാനയ്ക്കും, പെസഹായ്ക്കും) സംഭവിക്കുന്ന കാര്യങ്ങളിൽ, ഈശോയെക്കുറിച്ച്‍ നല്ലതുപറയുന്നവരും അവൻ സ്നേഹിക്കുന്നവരുമൊക്കെ ഒപ്പമുണ്ട്‌ എന്ന്‌ കാണാനാകും.

    എന്നാൽ അധിക ദിനങ്ങൾ കഴിയും മുൻപേ അതേ ആളുകൾത്തന്നെ ഈശോയുടെ കുരിശുമരണത്തിന്‌ കാരണക്കാരാകുന്നു എന്ന വിചിത്രമായ ഒരു യാഥാർത്ഥ്യവും പെസഹായുടെ ആഘോഷം കഴിയുമ്പോൾ നമ്മുടെ മുൻപിലെത്തുന്നുണ്ട്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ അവന്റെ ജീവിതത്തിൽ സംഭവിച്ചത്‌? ലളിതമായ ഉത്തരമിതാണ്‌, എന്റേയും നിന്റേയുമൊക്കെ ജീവിതത്തെ അതിന്റെ ലക്ഷ്യത്തിലേക്ക്‌ കൃത്യതയോടെ എത്തിക്കുന്നതിനാണ്‌ എന്നുമാത്രം അറിയാം.

    എനിക്ക്‌ ഒരു സ്നാനം സ്വീകരിക്കാനുണ്ട്‌, അതു നിവൃത്തിയാകുവോളം ഞാൻ എത്ര ഞെരുങ്ങുന്നു, (ലൂക്കാ 12:50) എന്ന്‌ ഈശോ പറയുമ്പോൾ അവന്റെ ജീവിത നിയോഗത്തെക്കുറിച്ചാണവൻ വിവക്ഷിക്കുന്നത്‌. ഈശോയുടെ നിയോഗം നമ്മുടെ രക്ഷയാണെന്നും അത്‌ സാധിതമാക്കിയത്‌ കുരിശിലെ മരണത്തിലൂടെയാണെന്നും നമുക്കറിയാം. ഇതുപോലെ, പൂർത്തിയാക്കേണ്ടതായ ഒരു നിയോഗത്തോടെയാണ്‌ ഈ മണ്ണിലെ ജീവിതത്തിലേക്ക്‌ നാമോരുത്തരും വന്നിരിക്കുന്നത്‌. ആ നിയോഗത്തിന്റെ വഴിയിൽ വന്നുചേരുന്ന ചെറുതും വലുതുമൊക്കെയായ കുരിശുകളോട്‌ നാമെപ്രകാരം പ്രതികരിക്കുന്നു എന്നതിനനുസരിച്ചായിരിക്കും നമ്മുടെ പ്രതിഫലം.

    ഈശോയുടെ നിയോഗത്തോട്‌ പത്രോസ്‌ അനുകൂലമായിട്ടല്ല പ്രതികരിക്കുന്നത്‌. ദൈവം കനിയട്ടെ! കർത്താവേ, ഇതൊരിക്കലും നിനക്കു സംഭവിക്കാതിരിക്കട്ടെ. അതിനു പറുപടിയായി യേശു തന്റെ ശിഷ്യനായ  പത്രോസിനോട്‌ പറഞ്ഞത്‌ സാത്താനേ, എന്റെ മുമ്പിൽ നിന്നുപോകൂ, നീ എനിക്കു പ്രതിബന്ധമാണ്‌, നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്‌ (മത്തായി 16:21-23). തന്റെ ലക്ഷ്യത്തിനും നിയോഗത്തിനും എതിരെവന്ന പ്രതിബന്ധങ്ങളെ ഈശോ നേരിട്ടതുപോലെ നാമും നേരിടണം. എന്തെന്നാൽ, ജീവിത നിയോഗങ്ങൾ പൂർത്തികരിക്കപ്പെടേണ്ടവയാണ്‌, അത്‌ ദൈവപുത്രന്റേതാണെങ്കിലും മനുഷ്യരുടേതാണെങ്കിലും. അപ്പോഴാണ്‌ ജീവിതത്തിന്‌ തികവുണ്ടാകുന്നത്‌.

    പെസഹാ ആചരണത്തിനുശേഷം ഈശോയുടെ ജീവിതത്തിൽ അന്ന്‌ സംഭവിച്ചതിന്‌ സമാനമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയവരും കടന്നുപോകുന്നവരും ധാരാളമാണ്‌. തെറ്റായതോ കുറ്റകരമായതോ ചെയ്യാതിരുന്നിട്ടും മറ്റുള്ളവരുടെ വിധിപറച്ചിലുകൾ ജീവിതത്തിൽ കേൾക്കേണ്ടതായി വന്നിട്ടുള്ള അനേകരുണ്ട്‌.

    അത്തരം നിമിഷങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്നുപോയിട്ടുള്ളവർക്ക്‌ ഈശോയെ മരണത്തിനായി വിധിക്കുന്നതിന്റെ വേദന കൃത്യമായും മനസിലാകും. ജീവിതത്തിന്റെ നന്മയും സന്തോഷവും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള ഓരോ വാക്കും മരണത്തിലേക്കാണ്‌ ഒരാളെ നയിക്കുന്നത്‌. അന്യായമായും അനാവശ്യമായും തങ്ങളുടെ ജീവിതത്തിൽ വന്നുചേർന്ന കുരിശുകൾ ഈശോയെപ്പോലെ, ചുമന്ന്‌ അനേകർ അവരുടെ കാൽവരിയിലേക്കുള്ള യാത്രയിലാണ്‌. അതിൽ, കാൽവരി എന്ന ലക്ഷ്യസ്ഥാനത്തെത്താതെ വഴിയിൽ തളർന്നു വീഴുകയും തകർന്നുപോകുകയും ചെയ്യുന്നവരാണ്‌ കൂടുതൽപേരും.

    എന്നാൽ ചുരുക്കം ചിലർ, കുരിശുമായുള്ള യാത്രയിൽ പലവട്ടം വീണിട്ടും, വീണ്ടും വീണ്ടും എഴുന്നേറ്റ്‌ യാത്ര തുടരുകയും ലക്ഷ്യത്തിലെത്തുകയും ചെയ്യുന്നു എന്നതാണ്‌ ഈശോയുടെ ജീവിതത്തിലൂടെ അവർ നേടിയെടുത്ത ആത്മീയത.
    ഈശോയുടെ പരസ്യജീവിതത്തിന്റെ മൂന്ന്‌ വർഷങ്ങളിൽ ഊണിലും ഉറക്കത്തിലും ഒപ്പമുണ്ടായിരുന്ന ശിഷ്യരാരും അവന്റെ കുരിശുമായുള്ള യാത്രയിൽ ഒപ്പമില്ലായിരുന്നു എന്നതും ഈ വിശുദ്ധവെള്ളി പകർന്നുതരുന്ന പാഠമാണ്‌. പത്രോസും മറ്റ്‌ ശിഷ്യരും ഈശോയോട്‌ പറഞ്ഞത്‌ സുവിശേഷത്തിൽ നാം വായിക്കുന്നുണ്ട്‌: “എല്ലാവരും നിന്നിൽ ഇടറിയാലും ഞാൻ ഇടറുകയില്ല. നിന്നോടുകൂടെ മരിക്കേണ്ടി വന്നാൽപോലും ഞാൻ നിന്നെ നിഷേധിക്കുകയില്ല. ഇങ്ങനെതന്നെ മറ്റെല്ലാ ശിഷ്യൻമാരും പറഞ്ഞു.” (മത്തായി 26:33,35)

    വ്യക്തിജീവിതത്തിലെ പലകാര്യങ്ങൾക്കും പലരും കൂടെയുണ്ടാകും എന്നാൽ സഹനത്തിലും വേദനയിലും ഈശോയുടെ ശിഷ്യരുടെ മനോഭാവമായിരിക്കും മിക്കവരും പുലർത്തുക എന്നതും ഈശോയുടെ അനുഭവം പറഞ്ഞുതരുന്നു.. ഇവിടെ ഈശോ പരാതിപ്പെടുന്നില്ല, ഒപ്പമുണ്ടാകേണ്ടിയുന്നവരെ ശപിക്കുന്നില്ല, പകരം അവൻ ശാന്തത കൈവിടാതെയാണ്‌ തന്റെ നിയോഗം പൂർത്തീകരിക്കുന്നത്‌.

    നമ്മളും കുരിശിന്റെ വഴിയിൽ പിൻതുടരേണ്ടത്‌ ഇതേ മാതൃകതന്നെയാണ്‌.
    പെസഹായുടെ ആഘോഷത്തിൽ നിന്നും കാൽവരിയിലെ കുരിശിലേക്ക്‌ ഈശോയ്ക്ക്‌ അധിക സമയമോ ദൂരമോ ഇല്ലായിരുന്നു. നമ്മുടേയും സന്തോഷങ്ങൾ സഹനമായും കുരിശുകളായും പരിണമിക്കാൻ അധിക സമയൊമൊന്നും വേണമെന്നില്ല. പക്ഷേ, അവിടേയും ഈശോയുടേതിന്‌ സമാനമായ ജീവിതം നമുക്ക്‌ കൈവരിക്കാനായാൽ തകർന്നുപോകില്ല എന്നതുറപ്പാണ്‌. ഈശോയുടെ സഹനവും മരണവും അത്രയധികമായി ലോകത്തനേകരുടെ ജീവിതത്തെ, ദൈവവിശ്വാസം കുറഞ്ഞുപോകുന്നു എന്ന്‌ ചിലരെങ്കിലും വിലപിക്കുന്ന ഇക്കാലത്തും സ്വാധീനിക്കുന്നെങ്കിൽ, ജീവിച്ചിരുന്നപ്പോൾ എത്രമാത്രം തികവാർന്ന വ്യക്തിത്വത്തിന്‌ ഉടമയായിരുന്നു ഈശോ എന്നത്‌ ഏറെ ചിന്തനീയമായ കാര്യമാണ്‌.

    ഈശോയെ കുരിശിൽ തറച്ചത്‌ രണ്ട്‌ കള്ളന്മാരുടെ മധ്യേയാണ്‌. അന്ന്‌ കൊടുക്കാവുന്നതിൽ വച്ച്‌ ഏറ്റവും മോശമായ മരണമാണ്‌ അവന്‌ കിട്ടിയത്‌ എന്നിട്ടും അവൻ ലോകത്തെ ഇപ്പോഴും സ്വാധീനിച്ചു കൊണ്ടേയിരിക്കുകയാണ്‌.
    ഈ വിശുദ്ധ വെള്ളിയാഴ്ച, ഈശോയുടെ സഹനത്തേയും കുരിശിലെ മരണത്തേയും, സ്വന്തം ജീവിതത്തോട്‌ ചേർത്ത്‌ കാണാനും ധ്യാനിക്കാനും മനസിലാക്കാനും കഴിയുന്ന വിധം നമ്മുടെ ഹൃദയങ്ങൾ തുറക്കപ്പെടട്ടെ. അവന്റെ വിലാവിൽ നിന്നൊഴുകിയ രക്തവും ജലവും നമ്മേ വിമലീകരിക്കുകയും നമ്മുടെ നിയോഗങ്ങളുടെ പൂർത്തീകരണത്തിനുള്ള ബലം നൽകുകയും ചെയ്യട്ടെ.

    വിശുദ്ധ വെള്ളിയുടെ വിശുദ്ധമായ ആശംസകൾ എല്ലാവർക്കും നേരുന്നു.

    പോള്‍ കൊട്ടാരം കപ്പൂച്ചിന്‍

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!