വത്തിക്കാന്‍ സിറ്റി: പരിശുദ്ധ കന്യാമറിയത്തെ എല്ലാ ജനതകളുടെയും ആത്മീയമാതാവായി പ്രഖ്യാപിക്കണമെന്ന് വിവിധ ഭൂഖണ്ഡങ്ങളിലെ കര്‍ദിനാള്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ആവശ്യപ്പെട്ടു.ലോകമെങ്ങും കൊറോണ വ്യാപനത്തിന്റെ പിടിയില്‍ അമര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആവശ്യം സഭാധികാരികള്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഏഷ്യയില്‍ നിന്ന് കര്‍ദിനാള്‍ ടെലസ്‌ഫോര്‍ ടോപ്പോ, മെക്‌സിക്കന്‍ കര്‍ദിനാള്‍ ജുവാന്‍ സാന്‌ഡോവല്‍, നൈജീരിയ ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ജോബ്, സ്‌കോട്ട്‌ലന്റ് ബിഷപ് ജോണ്‍ കീനാന്‍, അമേരിക്ക ബിഷപ് ഡേവിഡ് റിക്കന്‍, അര്‍ജന്റീന ബിഷപ് അന്റോണിയോ ബാസോറ്റോ, സിറിയക് കത്തോലിക്കരുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് ഡെന്‍യസ് അന്റോണി, മാരോനൈറ്റ് കത്തോലിക്കരുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ് നാബില്‍ ഇ ഹേഗ് എന്നിവരാണ് ഇതു സംബന്ധിച്ച് മാര്‍പാപ്പയ്ക്ക് കത്തെഴുതിയത്. മുമ്പെന്നത്തെക്കാളുമേറെ നന്മയും തിന്മയും തമ്മിലുള്ള യുദ്ധം നടന്നുകൊണ്ടിരിക്കുന്നു. ഇരുട്ടും വെളിച്ചവും തമ്മില്‍ മനുഷ്യഹൃദയങ്ങളില്‍ സംഘടനം നടക്കുന്നു. മനുഷ്യവംശത്തിന് മുഴുവന്‍ മാനസാന്തരം ആവശ്യമായിരിക്കുന്നു. ദൈവികമായ സഹായം മനുഷ്യവംശത്തിന് ഈശോയിലൂടെ അവിടുത്തെ അമ്മയിലൂടെ ലോകത്തിന് ആവശ്യമാണ്. കത്തില്‍ പറയുന്നു.
തന്റെ രാജ്യത്തിന്റെ താക്കോല്‍ ഈശോ പത്രോസിനെയാണ് ഏല്പിച്ചത്. ഇപ്പോള്‍ ഞങ്ങള്‍ പരിശുദ്ധപിതാവിനോട് അഭ്യര്‍ത്ഥിക്കുന്നു, ആ താക്കോല്‍ ഇപ്പോള്‍ ഉപയോഗിക്കണമെന്ന്. മാനവരക്ഷയില്‍ ദൈവത്തോട് സഹകരിച്ച് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ പരിശുദ്ധ കന്യാമറിയത്തിന് പ്രമുഖമായ സ്ഥാനമുണ്ടെന്നും കത്തില്‍ നിരീക്ഷിക്കുന്നു. ഇങ്ങനെ പല വിശദീകരണങ്ങള്‍ നല്കിയാണ് പരിശുദ്ധ മറിയത്തെ സകല ജനതകളുടെയും ആത്മീയ മാതാവ് എന്ന വിശ്വാസസത്യമായി പ്രഖ്യാപിക്കണമെന്ന സഭാധികാരികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മറിയത്തെ സംബനധിച്ച് നാലു വിശ്വാസസത്യങ്ങളാണ് നിലവിലുള്ളത്.ദൈവമാതൃത്വം, നിത്യകന്യകാത്വം, അമലോത്ഭവത്വം, സ്വര്‍ഗ്ഗാരോപണം എന്നിവയാണവ.