എന്റെ കർത്താവേ എന്റെ ദൈവമേ എന്നത് ഈശോയുടെ ശിഷ്യരിലൊരുവനായ വിശുദ്ധ തോമസ് ഉത്ഥിതനായ കർത്താവിന്റെ മുൻപിൽ ഏറ്റുപറഞ്ഞ വാക്കുകളാണ്. ഈ വാക്കുകൾക്ക് പിന്നിൽ ആഴമാർന്ന വിശ്വാസമുണ്ട്, സ്നേഹമുണ്ട്, ബോധ്യമുണ്ട് ഒപ്പം അവന്റെ ജീവിതവുമുണ്ട്.
വിശുദ്ധ തോമസിന്റെ രീതികൾ പരിശോധിച്ചുനോക്കിയാൽ എല്ലവരുടേയും ഇഷ്ടം ലഭിക്കാൻ സാധ്യത തീരെയില്ലാത്ത, തനിച്ച് നിൽക്കാൻ കരുത്തുള്ള ഒരു ശിഷ്യനാണിവൻ എന്ന് മനസിലാക്കാനാകും. തോമസ് ഒരു അവിശ്വാസിയാണ്, കാരണം അവൻ മറ്റുള്ളവരുടെ സാക്ഷ്യത്തെ വിശ്വസിക്കാത്തവനാണ്. എന്നാൽ അവൻ ഒരു വിശ്വാസിയാണ് അത് മറ്റുള്ളവർ പറഞ്ഞിട്ടുള്ള വിശ്വാസമല്ല, പകരം സ്വയം ബോധ്യപ്പെട്ട സത്യത്തിലുള്ള വിശ്വാസമാണ്.
നിങ്ങൾക്ക് സമാധാനം എന്നാശംസിച്ചുകൊണ്ട് ഉത്ഥിതനായ ഈശോ തന്റെ പ്രിയ ശിഷ്യരുടെ അരികിൽ എത്തിച്ചേർന്ന്, തന്റെ ഉത്ഥാനത്തിൽ സംശയം ഉന്നയിച്ച തോമസിനെ അരികിൽ വിളിച്ച് സംസാരിക്കുമ്പോൾ, എന്റെ കർത്താവേ എന്റെ ദൈവമേ എന്നു പറഞ്ഞുകൊണ്ട് തോമസ് ഈശോയുടെ വക്ഷസ്സോട് ചേർന്നു നിൽക്കുന്ന ആ രംഗമൊന്ന് മനസിൽ കണ്ടുനോക്കുക, എത്ര സുന്ദരമാണീ കാഴ്ച.
അവൻ അനുഭവിക്കുന്ന ശാന്തതയും സമാധാനവും അത്രമാത്രം അഗാധമാണ്. അവിടെ അവർക്ക് ഈശോ ആശംസിച്ച സമാധാനം ഹൃദയത്തിലേറ്റുവാങ്ങിയത് തോമസാണ് എന്നുതന്നെ പറയാം. ഉത്ഥിതനായ കർത്താവിനെ ആദ്യം കണ്ടത് മഗ്ദലന മറിയമാണ്, എന്നാൽ അവനെ ആദ്യം തൊടാനുള്ള ക്ഷണം ലഭിച്ചത് ശിഷ്യനായ തോമസിനാണ്. തോമസ് ഉത്ഥിതനായ ഈശോയെ സ്പർശിച്ചതായി വചനത്തിൽ പറയുന്നില്ല, പകരം അവൻ ഉത്ഥിതനായ ഈശോയെ തൊട്ടതും വിശ്വസിച്ചതും അവന്റെ ഹൃദയംകൊണ്ടാണ്.
ഉത്ഥിതനായ കർത്താവിനെ നേരിട്ട് കണ്ടാലല്ലാതെ വിശ്വസിക്കാൻ തയ്യാറാകാതിരുന്നവനാണ് തോമസ്.
അവൻ തന്റെ കൂടെയുള്ളവരോട് പറഞ്ഞ കാര്യങ്ങൾ യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്: “അവന്റെ കൈകളിൽ ആണികളുടെ പഴുതുകൾ ഞാൻ കാണുകയും അവയിൽ എന്റെ വിരൽ ഇടുകയും അവന്റെ പാർശ്വത്തിൽ എന്റെ കൈ വയ്ക്കുകയും ചെയ്തല്ലാതെ ഞാൻ വിശ്വസിക്കുകയില്ല”. (യോഹന്നാൻ 20:25) ഇതൊരു വാശിപ്പുറത്തുള്ള ഒരാളുടെ വാക്കുകളായിട്ടല്ല, പകരം ഒരു യഥാർത്ഥ വിശ്വാസിയുടെ ജീവിതത്തിന്റെ പരിച്ഛേദമായിട്ടാണ് ഞാൻ കാണുക. കൂടെയുള്ളവരെല്ലാം ഉത്ഥിതനായ കർത്താവിനെ കണ്ടു എന്ന് പറയുമ്പോൾ, അതിൽ വേണമെങ്കിൽ വിശ്വസിക്കാമായിരുന്നു, കാരണം മൂന്ന് വർഷമായി ഒപ്പമുള്ള മറ്റ് ശിഷ്യർക്ക് തോമസിനോട് കള്ളം പറയേണ്ട കാര്യമില്ല.
അതുപോലെ താൻ മരണത്തിനുശേഷം മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കും എന്ന് ഈശോ മുൻപേ പറഞ്ഞിട്ടുള്ളതുമാണ്. എന്നിട്ടും തോമസ് ചില നിബന്ധനകളോടെ ഈശോയെ കാണാൻ കാത്തിരുന്നു. ആ കാത്തിരിപ്പാണ് ഇവിടെ പൂർണമായത്.
ഈശോയുടെ ശിഷ്യരിലൊരുവനായ തോമസിന്റെ, എന്റെ കർത്താവേ എന്റെ ദൈവമേ എന്നു പറഞ്ഞുകൊണ്ടുള്ള വിശ്വാസ പ്രഖ്യാപനത്തെ ഒരുവേളകൂടി വായിക്കുമ്പോൾ, അവന്റെ ജീവിതം നമ്മുടെ മുൻപിലുയർത്തുന്ന ഒരു വലിയ വെല്ലുവിളിയുണ്ട്, അതിതാണ്, എത്രമാത്രം ബോധ്യമുള്ളതും അതുപോലെ എത്രമാത്രം ഹൃദയത്തിൽ പതിയപ്പെട്ടതുമാണ് ഉത്ഥിതനായ ഈശോയിലുള്ള നമ്മുടെ വിശ്വാസം എന്നതല്ലാതെ മറ്റൊന്നുമല്ലത്. നാമെല്ലാവരും ഈശോയിൽ വിശ്വസിക്കുന്നു എന്നത് സംശയമേതുമില്ലാത്ത കാര്യമാണ്, എങ്കിലും നമ്മുടെ ഈ വിശ്വാസത്തിൽ നമുക്ക് ശരിക്കും ബോധ്യമുണ്ടോ എന്ന പരിശോധന ഒരിക്കൽകൂടി നടത്തുന്നത് നല്ലതാണ്.
നാമോരുത്തരും ജനിച്ചു വളർന്ന കുടുംബ പശ്ചാത്തലവും, ലഭിച്ചതായ ആത്മീയ കാര്യങ്ങളും നമ്മളെ ക്രിസ്തുവിശ്വാസികളാക്കുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്. എങ്കിലും, നാളുകളായി/ വർഷങ്ങളായി ഈ വിശ്വാസത്തിൽ ജീവിക്കുന്ന നമുക്ക്, തോമസ് പറഞ്ഞതുപോലെ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് വിളിക്കാൻ ശരിക്കും കഴിയുന്നുണ്ടോ? അതിനു തക്കതായവിധം ഉത്ഥിതനായ കർത്താവിൽ വിശ്വാസമുണ്ടോ?. പലരും പറഞ്ഞുതന്നതും, പലയിടത്തുനിന്നും കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ കാര്യങ്ങളോടൊപ്പമായിരിക്കാം നമ്മുടെ വിശ്വാസം വളർന്നത്.
എന്നാൽ ഇന്നോളം നമുക്ക് പലയിടത്തു നിന്നായി ഈശോയെക്കുറിച്ച് ലഭിച്ച അറിവുകളും സത്യങ്ങളുമെല്ലാം തോമസിന്റേതുപോലുള്ള ആഴമേറിയ ബോധ്യമായി ഉള്ളിൽ നിറഞ്ഞാൽ മാത്രമേ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് ആത്മാർത്ഥതയോടെ പറയാനാകൂ.
കൂടെയുള്ളവർ പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാതിരുന്ന തോമസ് പഠിപ്പിക്കുന്നത് ഭൂരിപക്ഷ ആത്മീയതയല്ല, മറിച്ച്, വ്യക്ത്യാധിഷ്ടിതമായ ആത്മീയതയാണ്. ഭൂരിപക്ഷം പറയുന്നതും ജീവിക്കുന്നതുമായ ആത്മീയത മാത്രമാണ് എപ്പോഴും ശരിയായതെന്ന് പറയുന്നത് തെറ്റിദ്ധരിപ്പിക്കുന്ന ഒരു ആശയമാണ്. അതിൽ ശരികളും തെറ്റുകളും കെന്നുകൂടാം എന്നതാണ് യാഥാർത്ഥ്യം. ഇവിടെ തോമസൊഴികെയുള്ള ഭൂരിപക്ഷംപേരും പറഞ്ഞ കാര്യം (അവർ കർത്താവിനെ കണ്ടു എന്നത്) സത്യമായിരുന്നു.
എങ്കിലും അവനെ സംബന്ധിച്ച് ഭൂരിപക്ഷത്തോടൊപ്പം, ശരിയായ ബോധ്യമില്ലാതെ ചേർന്നുനിക്കാൻ കഴിയുമായിരുന്നില്ല. കൂടെയുള്ളവർ പറഞ്ഞതുകൊണ്ടുള്ള വിശ്വാസമല്ല, പകരം സ്വന്തം ഹൃദയത്തിൽ അറിഞ്ഞതുകൊണ്ടുള്ള വിശ്വാസമാണ് തോമസ് ആഗ്രഹിച്ചത്. അവിടെയാണ് തോമസ് ഉത്ഥിതനായ കർത്താവിനെ കാണാൻ ശാഡ്യം പിടിക്കുന്നത്, അതിനാണവൻ കൊതിച്ചതും.
ഈശോ തോമസിനോട് പറയുന്നുണ്ട്:
“നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു; കാണാതെതന്നെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ” (യോഹന്നാൻ 20:29). കാണാതെ വിശ്വസിക്കാനാകുക വളരെ നല്ല കാര്യമാണ്. ഇവിടെ ഈശോ അത് ഒരു ഭാഗ്യമായി അവതരിപ്പിക്കുന്നുമുണ്ട്. അത് എല്ലാവർക്കും കൈവരിക്കാവുന്ന ഭാഗ്യവുമല്ലാ എന്നതും തോമസ് കാണിച്ചുതരുന്നുണ്ട്. എങ്കിലും ഉത്ഥിതനായ കർത്താവിനെ കണ്ടു വിശ്വസിച്ച തോമസിന്റേതുപോലുള്ള ആത്മീയാനുഭവം സ്വന്തമാക്കാനാകുക വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ ഈ ഒരു ആത്മീയ തലത്തിലേക്ക് ഒരാൾക്ക് എത്തിച്ചേരാനാകുക എന്നതും അത്ര നിസ്സാരമായ കാര്യമല്ല.
തോമസിനെപ്പോലെ എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് ഹൃദയപൂർവം ഏറ്റുപറയാൻ കഴിയുന്ന ഏതൊരാളും യഥാർത്ഥ വിശ്വാസിയായിരിക്കും എന്നത് സത്യമാണ്. ബോധ്യങ്ങളില്ലാതെ കാട്ടിക്കൂട്ടലുകളുമായി ആത്മീയതയിൽ ജീവിക്കുന്നവർക്ക് അപചയം ഉറപ്പാണ്. പരാജയപ്പെട്ടുപോയിട്ടുള്ള പല വ്യക്തികളും അനേകം ആത്മീയ കൂട്ടായ്മകളും ഇതിനുദാഹരണമാണ്. അവിശ്വാസിയെന്നും, ഒപ്പമുള്ളവരുടെ സാക്ഷ്യം സ്വീകരിക്കാത്തവനെന്നും തോമസിനെക്കുറിച്ച് പറയാൻ എളുപ്പമാണ്.
എന്നാൽ, കാത്തിരുന്ന് ഉത്ഥിതനായ കർത്താവിനെ കാണുകയും, എന്റെ കർത്താവേ എന്റെ ദൈവമേ എന്ന് വിശ്വാസത്തോടെയും പൂർണബോധ്യത്തോടെയും പറയുകയും ചെയ്ത വിശുദ്ധ തോമസ് നമ്മുടെ വിശ്വാസ ജീവിതത്തെ വിശകലനം ചെയ്യാൻ നമ്മുടെ മുൻപിൽ പ്രത്യാശയുടെ സാന്നിധ്യമായിട്ടാണ് നിലകൊള്ളുന്നത് എന്നത് മറക്കാതിരിക്കാം.
ആഴമേറിയ ബോധ്യത്തോടെയും വിശ്വാസത്തോടെയും വിശുദ്ധ തോമസിനെപ്പോലെ നമുക്കും പറയാം എന്റെ കർത്താവേ എന്റെ ദൈവമേ…
പോൾ കൊട്ടാരം കപ്പൂച്ചിൻ