Wednesday, February 5, 2025
spot_img
More

    ഇതാ കൊറോണയ്‌ക്കെതിരെയുള്ള വിശ്വസാഹോദര്യ ഗാനം

    ലോകം മുഴുവനും ഭീതിയുടെയും ആശങ്കയുടെയും താഴ് വരയിലൂടെ അലഞ്ഞുതിരിയുന്ന ഒരു കാലത്തിലൂടെയാണ് നാം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. ഒരു വൈറസിന് മുമ്പില്‍ മനുഷ്യന്‍ നിസ്സഹായനായി നില്ക്കുന്ന സമയം.

    പക്ഷേ അതിജീവിക്കാനുള്ള കരുത്തുകൊണ്ടും പോരാടാനുളള ശക്തി കൊണ്ടും കൊറോണയുമായുള്ള യുദ്ധം നാം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഈ പോരാട്ടത്തില്‍ നമുക്ക് മുന്നില്‍ നിന്ന് യുദ്ധം നയിക്കുന്നത് ഭരണാധികാരികളും ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെട്ട വലിയൊരു സംഘമാണ്. അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചും നിയമങ്ങള്‍ അനുസരിച്ചും നാം കീഴ്‌പ്പെട്ടുനില്ക്കുന്നതുകൊണ്ട് ഈ ശത്രു നമ്മെ ഇനിയും അത്യധികമായി പരാജയപ്പെടുത്തിയിട്ടുമില്ല.

    ഇത്തരമൊരു സാഹചര്യത്തിലാണ് ഫാ. മിഖാസ് കൂട്ടുങ്കല്‍ എംസിബിഎസിന്റെയും ടീം അംഗങ്ങളുടെയും നേതൃത്വത്തിലുള്ള കൊറോണയ്‌ക്കെതിരെയുള്ള വിശ്വസാഹോദര്യഗാനം ശ്രദ്ധനേടുന്നത്. വൈറസിന്റെ മുമ്പിലുള്ള മനുഷ്യന്റെ നിസ്സഹായതയുടെയും ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിടാനുള്ള മനുഷ്യസമൂഹത്തിന്റെ ചങ്കുറപ്പിന്റെയും ലോകം മുഴുവന്‍ സുഖം പകരട്ടെയെന്ന പ്രാര്‍ത്ഥനയുടെ നെടുവീര്‍പ്പിന്റെയും ലോകത്തിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഒരു ഗാനമാണ് ഇത്. കൊറോണയെ പാടി തോല്പിക്കുന്ന ഇതിനകം പുറത്തിറങ്ങിയിട്ടുള്ള മറ്റെല്ലാ ഗാനങ്ങളില്‍ നിന്നും ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നതും അതിലെ വിശ്വമാനവികതയാണ്.

    കൊറോണയെ വരുതിയിലാക്കാന്‍ ശ്രമിക്കുന്ന എല്ലാവരോടുള്ള നന്ദിയും സ്‌നേഹവും കടപ്പാടുമാണ് ഈ ഗാനത്തിന്റെ ഇതിവൃത്തത്തിന്റെ ഒരു ഭാഗം.

    ലോക്ക് ഡൗണിന്റെ കാലത്ത് ജര്‍മ്മനി, ബവേറിയാ, പാസാവിലെ ഒരു കത്തോലിക്കാ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന് ശേഷം ഏകനായി ഇരിക്കുമ്പോള്‍ ഗാനരചയിതാവായ ഫാ. മിഖാസ് കൂട്ടുങ്കലിന്റെ മനസ്സില്‍ മുഴുവന്‍ കൊറോണയും ലോകരാജ്യങ്ങളും മനുഷ്യവംശം മുഴുവനും അതിന്റെ മുമ്പില്‍ നിസ്സഹായമാകുന്ന അവസ്ഥയുമായിരുന്നു. ലോക്ക് ഡൗണില്‍ പെട്ടുപോയ മനുഷ്യന്റെ ദുരിതങ്ങള്‍ ഒരു വശത്ത്. മറുവശത്ത് കോവിഡ് 19 മൂലം മരിച്ചുവീഴുന്ന മനുഷ്യജന്മങ്ങള്‍.

    ഇത്തരമൊരു സാഹചര്യത്തില്‍ അള്‍ത്താരയിലെ കെടാവിളക്കുകളെ നോക്കി മനസ്സുരുകി പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിന്നെത്തിയ ഒരു മാലാഖ അച്ചന്റെ നാവിന്‍ത്തുമ്പില്‍ എഴുതിചേര്‍ക്കുകയായിരുന്നു ഈ ഗാനത്തിലെ ആദ്യവരികള്‍. പിന്നെ അതിന്റെ ഈണം മാലാഖ കാതില്‍ മൂളിക്കൊടുക്കുകയും ചെയ്തു. പ്രത്യേകമായ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഗാനം പിറന്നതിന്റെ കഥ പറയുമ്പോള്‍ നമുക്ക് മനസ്സിലാവുന്നത് അങ്ങനെ തന്നെയാണ്. കാരണം ഓരോ സൃഷ്ടിയും ദൈവത്തിന്റെ സമ്മാനമാണല്ലോ.

    ഗാനം രൂപപ്പെട്ടതിന്റെ സന്തോഷം അച്ചന്‍ ആദ്യം വിളിച്ചറിയിച്ചത് ഫാ. എബി കാളിയത്തിനെയും ഫാ. മാത്യുസ് പയ്യപ്പിള്ളി എംസിബിഎസിനെയുമാണ്.ഇരുവരും നല്കിയ പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളുമാണ് ഇന്ന് കാണുന്ന വിധത്തില്‍ ഈ കൊറോണ ഗാനം പുറത്തുവരാന്‍ കാരണമായിരിക്കുന്നത്.

    വിദൂരമായ ദേശങ്ങളിലായിരിക്കുന്നതും ലോക്ക് ഡൗണ്‍ സാഹചര്യങ്ങളും ഗാനത്തെ അവതരിപ്പിക്കുന്നതിന് മുമ്പിലുള്ള വെല്ലുവിളികളായിരുന്നു. സഹായിക്കാമെന്നും സഹകരിക്കാമെന്നും വാക്കുനല്കിയ ചിലരുടെ പിന്‍വാങ്ങലുകളും. പക്ഷേ പിന്തിരിയാന്‍ മൈക്കളച്ചനും കൂട്ടുകാരും തയ്യാറായില്ല. കോവിഡിനെ പ്രതിരോധിക്കുന്നതുപോലെയുളള ആത്മബലം അവര്‍ക്കുണ്ടായിരുന്നു. അങ്ങനെ ഈ ആശയത്തിന്റെ വിവിധഭാഗങ്ങളില്‍ വിവിധ ദേശങ്ങളിലായിരുന്നുകൊണ്ട് പങ്കുചേരാന്‍ പലരുമെത്തി.

    ശ്രേയക്കുട്ടിയും വിപിന്‍ലാലും ക്രിസറ്റീനും ഡോക്ടര്‍ രശ്മി മധുവും ടീന മേരിയും പാട്ട് പാടി കൂട്ടുചേര്‍ന്നപ്പോള്‍ ഡെനി ഓര്‍ക്കസ്‌ട്രേഷനും വീഡിയോ എഡിറ്റിംങ് ജോജി ഗ്രായിസണും ശബ്ദമിശ്രണം ദിലും ഏറ്റെടുത്തു. കോവിഡ് പ്രതിരോധത്തില്‍ മുന്നണിയിലായിിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മറ്റൊരു രീതിയിലുള്ള പ്രതിനിധികള്‍ തന്നെയായിരുന്നു ഇവരോരുത്തരും. കൂടാതെ ജര്‍മ്മനി, യുകെ. ബ്രസില്‍, ഫിലിപ്പൈന്‍സ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ഗായകരും പങ്കുചേര്‍ന്നതോടെ ഈ ഗാനം വിശ്വസാഹോദര്യത്തിന്റെയും മാനവികത.യുടെയും ഭൂപടത്തില്‍ പേരു ചേര്‍ക്കപ്പെടുകയായിരുന്നു.

    പലതരം ഓര്‍മ്മകളുണര്‍ത്തുന്ന ദൃശ്യങ്ങള്‍ പലതരം തിരിച്ചറിവുകളും നല്കുന്നുണ്ട്.

    ഇതൊരു ഭക്തിഗാനമല്ല പക്ഷേ ഹൃദയത്തെ ദൈവത്തിലേക്കുറപ്പിക്കുന്ന ഗാനമാണ്. ഫാ. മിഖാസ് ഗാനത്തെക്കുറിച്ച് പറയുന്നു. കൂടെ നടന്നവന്‍ കുര്‍ബാനയാണ്, ഓരോ നിമിഷവും ദൈവമേ തുടങ്ങിയ അനശ്വരഗാനങ്ങളുടെ രചയിതാവാണ് ഇദ്ദേഹം. പത്തു വര്‍ഷമായി ജര്‍മ്മനിയിലാണ് സേവനം ചെയ്യുന്നത്.

    മാലോകര്‍ മുഴുവന്‍
    ചെറുവണുവെ ജയിക്കാന്‍
    യുദ്ധം ചെയ്യുമീ നാളില്‍
    വേഗം വിജയം വരിക്കാന്‍
    കരുതല്‍ പരിചയാല്‍
    കരുത്തുള്ളോരാവുക നമ്മള്‍ എന്ന് ഈ ഗാനത്തിലൂടെ കടന്നുപോകുമ്പോള്‍ നാം അറിയാതെ പാടിപ്പോകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!