ലോകത്ത് സമാധാനം പുന:സ്ഥാപിക്കപ്പെടുന്നതില്‍ പരിശുദ്ധ കന്യാമറിയത്തിനുള്ള അനിഷേധ്യമായ സ്ഥാനം തെളിയിക്കപ്പെട്ട ഒന്നായിരുന്നു ഫാത്തിമായിയിലെ ഇടയബാലകരായ ഫ്രാന്‍സിസ്‌ക്കോ,ജസീന്ത, ലൂസി എന്നിവര്‍ക്ക് പരിശുദ്ധ കന്യാമറിയം മെയ് 13 ന് പ്രത്യക്ഷപ്പെട്ട സംഭവം. 1917 മെയ് 13 മുതല്‍ ഒക്ടോബര്‍ 13 വരെ ആറു തവണയാണ് മാതാവ് കൂട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടത്.
ജപമാലയിലെ ഓരോ ദശകത്തിനു ശേഷവും ഓ എന്റെ ഈശോയേ എന്ന് തുടങ്ങുന്ന പ്രാര്‍ത്ഥന ഫാത്തിമാമാതാവ് തന്റെ ദര്‍ശനവേളയില്‍ ഈ പുണ്യജീവിതങ്ങളെ പഠിപ്പിച്ചതായിരുന്നു. ഫാത്തിമാപ്രാര്‍ത്ഥന എന്നാണ് ഇത് അറിയപ്പെടുന്നത്.
റഷ്യയുടെ മാനസാന്തരത്തിനുവേണ്ടിയുള്ള മാതാവിന്റെ സന്ദേശം വളരെ പ്രധാനപ്പെട്ടതായിരുന്നു. റഷ്യയെ വിമലഹൃദയത്തിന് സമര്‍പ്പിക്കാനും റഷ്യയുടെ മാനസാന്തരത്തിന് വേണ്ടി ആദ്യശനിയാഴ്ചകളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കാനും മാതാവ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്കി.
നരകത്തെക്കുറിച്ചുളള ദര്‍ശനങ്ങളും മാതാവ് നല്കി. പാപികളുടെ നരകത്തിലേക്കുള്ള പ്രവേശനം കുറയ്ക്കാന്‍ മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ലോകമെങ്ങും പ്രചരിപ്പിക്കാനും മാതാവ് ആവശ്യപ്പെട്ടു.
അതെ നമുക്കും ആ വാഗ്ദാനം ഓര്‍മ്മിക്കാം. മാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട ഒരു ആത്മാവും നശിച്ചുപോകാന്‍ അമ്മ ഇടവരുത്തുകയില്ലെന്ന ഉറച്ചവിശ്വാസത്തോടെ നമുക്ക് മാതാവിന്റെ വിമലഹൃദയത്തില്‍ അഭയം തേടാം.
മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയവായനക്കാര്‍ക്കും ഫാത്തിമാമാതാവിന്റെ തിരുനാള്‍ മംഗളങ്ങള്‍.