ന്യൂഡല്‍ഹി: കോവിഡ് 19 നോ ലോക്ക് ഡൗണിനോ തളര്‍ത്താന്‍ സാധിക്കാത്ത ആത്മീയ മുന്നേറ്റവുമായി ഫരീദാബാദ് രൂപത ജൈത്രയാത്ര തുടരുന്നു. വിശ്വാസികളുമായി ഇടപെടുന്നതിനോ അവരുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനോ ലോക്ക് ഡൗണ്‍ കാലം രൂപതയെ ബാധിച്ചിട്ടില്ല. രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയും സഹായമെത്രാന്‍ ജോസ് പുത്തന്‍വീട്ടിലും ഇതിനായി ആശ്രയിക്കുന്നത് വീഡിയോ കോണ്‍ഫ്രന്‍സും സോഷ്യല്‍ മീഡിയായുടെ വിവിധ പ്ലാറ്റ്‌ഫോമുകളുമാണ്.
ഇതിലൂടെ വൈദികര്‍, അല്മായര്‍, മതബോധനവിദ്യാര്‍ത്ഥികള്‍, മാതൃസംഘം ഭാരവാഹികള്‍, ട്രസ്‌ററികള്‍, അള്‍ത്താര ബാലന്മാര്‍, യുവജനങ്ങള്‍ എന്നിവരുമായെല്ലാം ആശയവിനിമയം നടത്തുന്നു. ലോക്ക് ഡൗണിനെ പ്രാര്‍ത്ഥനാജീവിതം മെച്ചപ്പെടുത്താനും കുടുംബബന്ധങ്ങള്‍ ദൃഢമാക്കാനുമുള്ള അവസരമായിട്ടാണ് ആര്‍ച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര കാണുന്നത്.
മറ്റ് പല രൂപതകളിലെന്നതുപോലെ ലോക്ക് ഡൗണ്‍ കാലത്ത് അതിരൂപതയിലെ ദേവാലയങ്ങളിലും വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടായിരുന്നില്ലെങ്കിലും ഓണ്‍ലൈന്‍ കുര്‍ബാനകളിലൂടെ വിശ്വാസികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നുണ്ടായിരുന്നു. ഓണ്‍ലൈന്‍ കുര്‍്ബാനകളിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. ഞായറാഴ്ചകളില്‍ ഒമ്പതു മണിക്ക് അതിരൂപതാധ്യക്ഷന്‍ ലൈവ് കുര്‍ബാന അര്‍പ്പിക്കുന്നുണ്ടായിരുന്നു. ദൈവത്തോട് കൂടുതല്‍ ബന്ധം സ്ഥാപിക്കുക. ആര്‍ച്ച് ബിഷപ് വിശ്വാസികളോട് ഇക്കാലത്ത് ആവര്‍ത്തിച്ചു പറയുന്നത് അതാണ്.
സംഗീത മത്സരം, കത്തെഴുത്ത് മത്സരം, ബൈബിള്‍ ക്വിസ് എന്നിങ്ങനെ വിശ്വാസികള്‍ക്കായി നിരവധി ഓണ്‍ലൈന്‍ മത്സരങ്ങളും ഇക്കാലയളവില്‍ രൂപത സംഘടിപ്പിച്ചു.