ഒഡീഷ: ഒഡീഷയില്‍ ക്രിസ്ത്യന്‍ കൗമാരക്കാരനെ മതതീവ്രവാദികള്‍ കൊലപ്പെടുത്തി. സമറു മാഡ്കാമി എന്ന 14 വയസുകാരനാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ മൂന്ന് ക്രൈസ്തവരെ ബലമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. രണ്ടുപേര്‍ ശാരീരികമായി കരുത്തരായിരുന്നതുകൊണ്ട് അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. സമറു ദയയ്ക്കായി കേണപേക്ഷിച്ചുവെങ്കിലും അക്രമികള്‍ അത് ചെവിക്കൊണ്ടില്ല.
ചെറുപ്രായത്തിലേ അമ്മ നഷ്ടപ്പെട്ട സമറുവിന്റെ അച്ഛന്‍ സുവിശേഷപ്രഘോഷകനാണ്. സമറുവും അച്ഛനും മൂന്നുവര്‍ഷം മുമ്പ് ക്രൈസ്തവവിശ്വാസം സ്വീകരിച്ചവരാണ്. അന്നുമുതല്‍ ഇരുവര്‍ക്കും നേരെ മതമൗലികവാദികളുടെ ഭീഷണി ഉണ്ടായിരുന്നു.
ഇന്ത്യയില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ പത്താം സ്ഥാനത്താണ് ഒഡീഷ. കഴിഞ്ഞവര്‍ഷം 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഈ വര്‍ഷം ഇതുവരെ എട്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒഡീഷയിലെ ക്രൈസ്തവ വിരുദ്ധതയുടെ ഏറ്റവും ഭയാനകമായ മുഖം കണ്ടത് 1999 ജനുവരി ഒന്നിനായിരുന്നു. അന്നായിരുന്നു ഓസ്‌ട്രേലിയന്‍ മിഷനറിയായിരുന്ന ഗ്രഹാം സ്‌റ്റെയ്ന്‍സിനെയും രണ്ടു മക്കളെയും അക്രമികള്‍ തീകൊളുത്തി കൊന്നത്.