സഭാചരിത്രത്തിലെ ഇരുപത്തിയൊന്നാം സാർവ്വത്രിക കൗൺസിൽ ആയിരുന്നു രണ്ടാംവത്തിക്കാൻ കൗൺസിൽ. വിശുദ്ധ ജോൺ ഇരുപത്തിമൂന്നാം പാപ്പയാണ് അത് വിളിച്ചുകൂട്ടിയത്. കൗൺസിലിനിടയിൽ അദ്ദേഹം മരണമടഞ്ഞപ്പോൾ പിന്നീട് പോപ്പ് ആയ വിശുദ്ധ പോൾ ആറാമൻ പാപ്പ അത് പൂർത്തിയാക്കി. 1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെയായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ.
പരിശുദ്ധാത്മാവിൻ്റെ സവിശേഷമായ പ്രചോദനത്താലാണ് ഈ കൗൺസിൽ വിളിച്ചുകൂട്ടുന്നതെന്ന് വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ പറഞ്ഞിരുന്നു. കൗൺസിലിൻ്റെ ആരംഭത്തിൽ അദ്ദേഹം പരിശുദ്ധാത്മാവിനെ വിളിച്ചു നടത്തിയ പ്രാർത്ഥന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ”പരിശുദ്ധാത്മാവേ ഒരു പുതിയ പെന്തക്കുസ്തക്കായി അവിടുത്തെ അത്ഭുതകൃത്യങ്ങൾ ആവർത്തിക്കണമേ.” പരിശുദ്ധ പിതാവിൻറെ ഈ പ്രാർത്ഥനയ്ക്ക് കൗൺസിലിൽ ശക്തമായ അഭിഷേകം ചൊരിഞ്ഞ് പരിശുദ്ധാത്മാവ് മറുപടി നൽകിയെന്നും കൗൺസിലിനു പിന്നാലെ കരിസ്മാറ്റിക് മൂവ്മെൻ്റ് ഉൾപ്പെടെ അൻപതോളം നവീകരണ മുന്നേറ്റങ്ങളിലൂടെ അവിടുന്ന് സഭയിൽ ഏറെ പ്രവർത്തനനിരതനായി കാണപ്പെട്ടുവെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
ഏറ്റവുമധികം മെത്രാന്മാർ പങ്കെടുത്ത കൗൺസിൽ അകത്തോലിക്കാ സഭാപ്രതിനിധികൾ നിരീക്ഷകരും അതിഥികളുമായി എത്തിയ കൗൺസിൽ കത്തോലിക്കാ സ്ത്രീപുരുഷന്മാർ ശ്രോതാക്കളായി എത്തിയ കൗൺസിൽ തുടങ്ങി പല പ്രത്യേകതകളും രണ്ടാം വത്തിക്കാൻ കൗൺസിലിനുണ്ട്. മുൻപ് കത്തോലിക്കാ വിശ്വാസികൾ മാത്രം ഇടപെട്ടിരുന്ന കൗൺസിൽ രണ്ടാം വത്തിക്കാൻ കൗൺസിലിൽ ലോകം മുഴുവനോടെയാണ് സംബന്ധിച്ചത്. മറ്റു സൂനഹദോസുകളൊക്കെ തെറ്റായ പഠനങ്ങളെ ശപിച്ചുതള്ളി സത്യപ്രബോധനങ്ങൾ നൽകാൻ വേണ്ടിയായിരുന്നു. ഈ കൗൺസിലാകട്ടെ സഭയുടെ മാനസാന്തരത്തിന് വേണ്ടിത്തന്നെയായിരുന്നു.
ആകെ 16 രേഖകളാണ് കൗൺസിലിൽ രൂപപ്പെടുത്തിയത്. അതിൽ ആദ്യത്തെ കോൺസ്റ്റിറ്റ്യൂഷൻ ആയ തിരുസഭയെക്കുറിച്ചുള്ള രേഖയാണ് മറ്റെല്ലാ രേഖകളുടെയും അടിസ്ഥാനം. തിരുസഭയെക്കുറിച്ചുള്ള കോൺസ്റ്റിറ്റ്യൂഷൻ കൂടാതെ ദൈവാവിഷ്കരണം ആരാധനക്രമം സഭ ആധുനിക ലോകത്തിൽ എന്നീ കോൺസ്റ്റിറ്റ്യൂഷനുകളും പൗരസ്ത്യ സഭകൾ മെത്രാന്മാർ വൈദികർ വൈദികപരിശീലനം അൽമായ പ്രേഷിതത്വം പ്രേഷിത പ്രവർത്തനം സഭൈക്യം സാമൂഹിക മാധ്യമങ്ങൾ എന്നീ ഡിക്രികളും വിദ്യാഭ്യാസം അക്രൈസ്തവ മതങ്ങൾ മതസ്വാതന്ത്ര്യം എന്നീ പ്രഖ്യാപനങ്ങളുമാണ് കൗൺസിൽ പ്രമാണരേഖകളിൽ ഉള്ളത്.
ഈ വിഷയസംബന്ധമായ കൂടുതൽ പഠനങ്ങൾക്ക് ചുവടെ നൽകുന്ന ലിങ്ക് ഉപയോഗിക്കുക.
https://youtu.be/sOSrn-UOfZ0