പാലാ: ചേര്‍പ്പുങ്കല്‍ ബിവിഎം കോളജിന് എതിരെയുള്ള വൈസ് ചാന്‍സലറുടെ പ്രസ്താവന അപക്വവും വസ്തുതാവിരുദ്ധവുമാണെന്ന് പാലാ രൂപത. ചേര്‍പ്പുങ്കല്‍ കോളജില്‍ പരീക്ഷയെഴുതിയ പ്രൈവറ്റ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തിലെ യൂണിവേഴ്‌സിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് രൂപത പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ പ്രാഥമികപാഠങ്ങള്‍ അറിയാവുന്നവര്‍ക്കും എം ജി യൂണിവേഴ്‌സിറ്റിയുടെ സ്റ്റാറ്റിയൂട്ടുകള്‍ അല്പമെങ്കിലും പരിചയമുള്ളവര്‍ക്കും പ്രിന്‍സിപ്പലിന്റൈ പ്രവര്‍ത്തനത്തെ അഭിനന്ദിക്കാനല്ലാതെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല. കോപ്പിയടിച്ചതു തെളിവുസഹിതം പിടികൂടിയ ശേഷം ആ കുട്ടിയെ അപമാനിതയാക്കാന്‍ പാടില്ല എന്നുള്ളതുകൊണ്ടാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പലും കുട്ടിയെ എഴുന്നേല്പിക്കുക പോലും ചെയ്യാതെ ശാന്തവും സൗമ്യവുമായ രീതിയില്‍ സംസാരിച്ചത്.
ആ കുട്ടിക്ക് യാതൊരു മനോവിഷമവും ഉണ്ടാകാതിരിക്കാനാണ് ഏതാനും മിനിറ്റ് നേരം ഇപ്പോള്‍ വൈസ് ചാന്‍സലര്‍ നടക്കാന്‍ പോകുന്ന കൗണ്‍സലിംങ് സാന്ത്വനരൂപത്തില്‍ ആ കുട്ടിക്ക് കോളജിലെ പ്രമുഖയായ അധ്യാപികവഴി നല്കിയത്.
കോളജ് കത്തോലിക്കാ സ്ഥാപനം ആയതുകൊണ്ടും പ്രിന്‍സിപ്പല്‍ കത്തോലിക്കാ പുരോഹിതനായതുകൊണ്ടും അദ്ദേഹം ചെയ്ത നന്മകള്‍ തിന്മകളായി വ്യാഖ്യാനിച്ചാല്‍ തനിക്ക് സ്വീകാര്യത വര്‍ദ്ധിക്കുമെന്ന് വൈസ് ചാന്‍സലര്‍ കരുതുന്നുണ്ടാവാം. സ്ഥാപനത്തിന്റെ മുഖ്യനടത്തിപ്പുകാരനായ പ്രിന്‍സിപ്പല്‍ വേദനാജകമായവിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ക്രൂരമായ വിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുമ്പോള്‍ വസ്തുതകളുടെ യാഥാര്‍ത്ഥ്യം അന്വേഷിക്കുന്നവര്‍ക്കു വെളിവാക്കാന്‍ ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തരുതെന്നാണോ സര്‍വകലാശാല ഉദ്ദേശിക്കുന്നത്? പ്രസ്താവന ചോദിക്കുന്നു.
വൈസ് ചാന്‍സലറുടെ നിലപാട് വ്യക്തമാക്കാന്‍ പരസ്യസംവാദത്തിന് തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയും പ്രസ്താവനയിലുണ്ട്.