സിയൂള്‍: വൈദികരുടെ വിശുദ്ധീകരണത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനാദിനമായ തിരുഹൃദയ തിരുനാളില്‍ സിയൂള്‍ അതിരൂപത സംഘടിപ്പിച്ച ചടങ്ങുകള്‍ അവിസ്മരണീയമായി. മിയോങ്‌ഡോങ് കത്തീഡ്രലിലായിരുന്നു ചടങ്ങുകള്‍. കോവിഡ് വിലക്കുകളുടെ പശ്ചാത്തലത്തില്‍ വിശ്വാസികളെ കൂടാതെയായിരുന്നു ചടങ്ങുകള്‍.
പൗരോഹിത്യത്തിന്റെ 60 ഉം 70 ഉം വര്‍ഷം പൂര്‍ത്തിയാക്കിയ രണ്ടുവൈദികരുടെയും കര്‍ദിനാള്‍ ആന്‍ഡ്രൂ യോം ഉള്‍പ്പെട അമ്പതുവര്‍ഷം പൂര്‍ത്തിയാക്കിയ നാലു വൈദികരുടെയും രജതജൂബിലി ആഘോഷിച്ച 25 പുരോഹിതരുടെയും വാര്‍ഷികാഘോഷങ്ങളും ഇതോട് അനുബന്ധിച്ച് നടന്നു.
ദൈവത്തിന്റെ സ്‌നേഹവും സുവിശേഷത്തിന്റെ സന്തോഷവും സഭയ്ക്കും ലോകത്തിനും വൈദികര്‍ നല്കണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. ദൈവജനത്തിന്റെ നന്മയ്ക്കും രക്ഷയ്ക്കും വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണ് വൈദികരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനം വൈദികരുടെ വിശുദ്ധീകരണത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പ്രഖ്യാപിച്ചത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു. 2002 ല്‍ ആയിരുന്നു ഇത്.