കാനഡ: കൊറോണക്കാലത്ത് ഏറ്റവും കൂടുതല്‍ അവഗണന നേരിടുന്ന വൃദ്ധരുടെ അന്തസും അഭിമാനവും ഉയര്‍ത്തിപിടിച്ച് കാനഡായിലെ കത്തോലിക്കാ മെത്രാന്മാര്‍. വൃദ്ധരായ കൊറോണ രോഗികള്‍ക്ക് മതിയായ ചികിത്സയും ആദരവും നല്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ പകര്‍ച്ചവ്യാധിയുടെ കാലത്ത് വൃദ്ധരായ രോഗികള്‍ ഏകാന്തതയും ഒറ്റപ്പെടലും തിരസ്‌ക്കരണവും അനുഭവിക്കുന്നു. മനുഷ്യന്റെ മഹത്വം ഉയര്‍ത്തിപിടിക്കാനുള്ള അവസരമാണ് ഇത്. വൈകാരികവും ആത്മീയവുമായ അവരുടെ ആവശ്യങ്ങളില്‍ കൂടുതല്‍ പങ്കുചേരണം.
രോഗികളായ പല വൃദ്ധരും ഏകാകികളായും അടുത്ത ബന്ധുക്കളെ പോലും കാണാന്‍ അവസരമില്ലാതെയും കുദാശകള്‍ സ്വീകരിക്കാതെയുമാണ് മരിക്കുന്നതെന്നും പത്രക്കുറിപ്പ് .വ്യക്തമാക്കി. ഇത് വളരെ ഹൃദയഭേദകമായ കാര്യമാണ്. രോഗികളെ ശുശ്രൂഷിക്കാന്‍ മതിയായ സൗകര്യങ്ങളോ വ്യക്തികളോ ഇല്ലാത്തതും പ്രശ്‌നമാണെന്നും പത്രക്കുറിപ്പ് നിരീക്ഷിച്ചു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് വലിച്ചെറിയല്‍ സംസ്‌കാരത്തിനെതിരെയും പത്രക്കുറിപ്പ് പ്രതികരിച്ചു. സഭയുടെ പ്രധാന ദൗത്യം രോഗികളെയും പ്രായമായവരെയും സംരക്ഷിക്കുക എന്നതാണ്. നമ്മുടെ സഹോദരിസഹോദരന്മാരുടെ ആവശ്യങ്ങളില്‍ സഹായിക്കാനും അവരുടെ സഹായത്തിനുള്ള നിലവിളി കേള്‍ക്കാനും നമുക്ക് കഴിയണം. ദൈവികസാന്നിധ്യം പ്രതിസന്ധികളില്‍ ഉറപ്പുവരുത്തണം.
നാം സാധാരണജീവിതത്തിലേക്ക് അധികം വൈകാതെ തിരിച്ചുവരുമെന്ന പ്രത്യാശയും കുറിപ്പിലുണ്ട്.