Friday, November 22, 2024
spot_img
More

    മരിയഭക്തിയുടെ നിറവിൽ വാൽസിംഗ്ഹാം തിരുനാൾ ആചരിച്ചു; പ്രതിസന്ധികളിൽ സംരക്ഷണമായി മറിയം നിലകൊള്ളുന്നുവെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ

    വാൽസിംഗ്ഹാം: ആയിരക്കണക്കിന് വിശ്വാസികൾ അഭയം തേടിയെത്താറുള്ള വാൽസിംഗ്ഹാമിലെ മാതൃസന്നിധിയിൽ ഇത്തവണ തികച്ചും വ്യത്യസ്തമായ ഒരു തിരുന്നാൾ ആചരണം. ബ്രിട്ടനിലെ സീറോ മലബാർ വിശ്വാസികളുടെ നാലാമത്തെ വാൽസിംഗ്ഹാം തീർത്ഥാടനം കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി ഹ്രസ്വമായി ആചരിച്ചു.

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടന്ന തീർത്ഥാടനത്തിൽ രൂപതയിലെ തെരഞ്ഞെടുക്കപ്പെട്ട വൈദികരും പരിമിതമായ വിശ്വാസസമൂഹവും പങ്കെടുത്തു.

    ജൂലൈ 18 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ജപമാലയോടുകൂടി ആരംഭിച്ച തിരുക്കർമ്മങ്ങൾ പൂർണ്ണമായും ഇംഗ്ലീഷിലാണ് ക്രമീകരിച്ചിരുന്നത്. ജപമാലക്കു ശേഷം അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും നടന്നു.

    ഈ മഹാമാരിയുടെ നിഴലിൽ വാൽസിംഗ്ഹാമിലെ പരിശുദ്ധ അമ്മയ്ക്കായി രൂപതാകുടുംബത്തെ മുഴുവൻ സമർപ്പിക്കുന്നതായും മറിയത്തിന്റെ മാർഗനിർദേശവും സംരക്ഷണവും യാചിക്കുന്നതായും അഭിവന്ദ്യ പിതാവ് തന്റെ സന്ദേശത്തിൽ പറഞ്ഞു. മറിയത്തിൽ അഭയം തേടുന്നതും പ്രയാസങ്ങളിലും അപകടങ്ങളിലും അവളുടെ മാതൃനന്മയിൽ സമാധാനം തേടുന്നതും കത്തോലിക്കരുടെ പതിവാണ്. ഏറ്റവും അനുഗ്രഹീതയായ ഈ കന്യകയിലൂടെ പാടുകളോ ചുളിവുകളോ ഇല്ലാതെ പൂർണ്ണതയിലെത്തുവാൻ സഭക്ക് കഴിഞ്ഞിട്ടുണ്ട്. ദൈവം അലങ്കരിക്കുന്ന അതേ മഹത്വത്തിൽ പരിശുദ്ധ കന്യകയെ നാം സ്വീകരിച്ചാൽ, സാത്താൻ നമ്മുടെ ജീവിതത്തിൽ നിന്ന് ഒളിച്ചോടും. ഈശോമിശിഹായെ പരിശുദ്ധ അമ്മ വളർത്തുകയും സംരക്ഷിക്കുകയും ചെയ്തതുപോലെ, നമ്മുടെ ജീവിതത്തിലും ദൗത്യത്തിലും മറിയത്തെ സ്വീകരിക്കാനുള്ള ദൈവത്തിന്റെ പദ്ധതി അംഗീകരിക്കാൻ സഭ നമ്മെ വിളിക്കുന്നതായും പിതാവ് ഉദ്ബോധിപ്പിച്ചു.

    ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത സ്ഥാപനത്തിനുശേഷം കഴിഞ്ഞ മൂന്നു വർഷമായി രൂപതയുടെ ആഭിമുഖ്യത്തിലാണ് വാൽസിംഗ്ഹാം തീർത്ഥാടനം നടന്നുവരുന്നത്. ഓരോ വർഷവും ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും യൂറോപ്പിൽ നിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് മാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ട് ഈ തീർത്ഥാടനത്തിൽ പങ്കുചേരാറുള്ളത്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് തങ്ങൾ ആയിരിക്കുന്നിടത്തു നിന്ന് തീർത്ഥാടനത്തിൽ പങ്കുചേരുവാൻ സാധ്യമാകുന്ന രീതിയിൽ രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തിരുനാൾ തത്സമയം സംപ്രേഷണം ചെയ്തിരുന്നു.

    ഫാ. ടോമി എടാട്ട്

    പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!