Tuesday, December 3, 2024
spot_img
More

    ആരെയാണ് നാം തിരഞ്ഞെടുക്കേണ്ടത്?


    ഫറവോ സേവകന്‍മാരോടു പറഞ്ഞു: ദൈവത്തിന്‍റെ ആത്‌മാവ്‌ കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യ നെ കണ്ടെണ്ടത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു:ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതു കൊണ്ട്‌, നിന്നെപ്പോലെ വിവേകിയും ബുദ്‌ധിമാനുമായ ഒരാള്‍ വേറെയില്ല.നീ എന്‍റെ വീടിനു മേലാളായിരിക്കും. എന്‍റെ ജനം മുഴുവന്‍ നിന്‍റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്‌തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.ഫറവോ തന്‍റെ കൈയില്‍നിന്ന്‌ മുദ്രമോതിരം ഊരിയെടുത്ത്‌ ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്‌ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണമാലയിടുകയും ചെയ്‌തു.അവന്‍ തന്‍െറ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന്‌ അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്‌തിനു മുഴുവന്‍ അധിപനാക്കി.”(ഉല്‍പത്തി 41 : 38-43)
     

    ൽപ്പത്തി പുസ്തകത്തിൽ ഒരു ദേശത്തെ മുഴുവൻ നയിക്കുന്നതിനു വേണ്ടി ദൈവത്തിന്‍റെ വലിയ ഒരു ഇടപെടൽ നമുക്ക് കാണാൻ കഴിയും. അതേ രീതിയിൽ ഭാരതത്തെ മുൻപോട്ട് നയിക്കാൻ കഴിയുന്ന വിവേകവും ബുദ്ധിശക്തിയും വിശാല വീക്ഷണമുള്ള നേതാക്കന്മാരെ  ലഭിക്കുന്നതിനുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
    ഭാഷയുടെയോ വർഗ്ഗത്തിന്‍റെയോ മതത്തിന്‍റെയോ ജാതിയുടെയോ ലിംഗത്തിന്റെയോ വേർതിരിവുകളില്ലാതെ ഭാരതീയരെല്ലാം ഒന്നാണെന്ന ചിന്തയോടെ എല്ലാവരെയും ചേർത്തു നിർത്തുകയും മുന്നോട്ടു നയിക്കുകയും ചെയ്യുന്ന, ക്രിയാത്മക ചിന്താഗതിയുള്ള നേതാക്കന്മാരെ ലഭിക്കുന്നതിനുവേണ്ടി നമുക്ക് നമ്മുടെ സമ്മതിദാന അവകാശം വിനിയോഗിക്കാം.

    മുൻ രാഷ്ട്രപതി വന്ദ്യനായ എ. പി .ജെ. അബ്ദുൾ കലാം പറഞ്ഞതുപോലെ… പൂർവ്വ യൗസേപ്പിനുണ്ടായ …. ശോഭനമായ ഭാവിയെക്കുറിച്ച്…. സ്വപ്നം കാണുകയും അത് സാക്ഷാത്ക്കരിക്കാൻ നിരന്തരം പ്രയത്നിക്കുകയും ചെയ്യുന്ന ധിഷണാശാലികളായ നേതാക്കളെയാണ് ഭാരതത്തിനാവശ്യം..
     

    മാനുഷികമൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന, മനുഷ്യോചിതമായ പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വിശാലവീക്ഷണമുള്ള നേതാക്കൻമാരെയാണ് ഭാരതത്തിനു വേണ്ടത്..
     കാർഷിക മേഖലയിലും തൊഴിൽമേഖലയിലും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും സമഗ്രമായ സംഭാവനകൾ നൽകി ഭാരതത്തെയും ഭാരതീയരെയും സമ്പന്നമാക്കാൻ കഴിയുന്ന ഒരു നേതൃത്വ നിരയെയാണ് നമുക്ക് ഇന്ന് ആവശ്യം. സാമ്പത്തിക പ്രയാസങ്ങളും തൊഴിലില്ലായ്മയും രൂക്ഷമാകുമ്പോൾ, യുവതി-യുവാക്കൻ മാർക്കും കാർഷിക രംഗത്ത് പ്രവർത്തിക്കുന്നവർക്കും പ്രതീക്ഷയും പ്രത്യാശയും നൽകുകയും, പറയുന്ന വാക്കുകൾ യഥാവിധി പാലിക്കുകയും ചെയ്യുന്ന കരുത്തരായ നീതിയും ന്യായവും നടപ്പിലാക്കുന്ന സത്യസന്ധരായ നേതാക്കന്മാരെയും ഭരണാധികാരികളെയും നൽകി ഭാരതത്തെ അനുഗ്രഹിക്കണമെന്ന് പൂർവ്വ യൗസോപ്പിനോടൊപ്പം നമുക്കും പ്രാർത്ഥിക്കാം.

    ഒരു കൊച്ചു കുഞ്ഞിനു പോലും നിർഭയമായി ജീവിക്കാൻ കഴിയുന്ന രീതിയിൽ, തങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങൾ നിർവ്വഹിച്ചു തരാൻ കഴിയുന്ന വിശ്വസ്തരായ ഭരണാധികാരികൾ തെരഞ്ഞെടുക്കപ്പെടേണ്ടത് ഇന്നിന്റെ ആവശ്യമാണ്..

    ഒരമ്മ പെറ്റ മക്കളെപ്പോലെ വിവിധ വിശ്വാസങ്ങളെയും മതങ്ങളെയും സംരക്ഷിക്കുകയും സ്വാതന്ത്ര്യത്തോടെ ഓരോ വ്യക്തിക്കും അവനവന്റെ വിശ്വാസത്തിൽ ഭയം കൂടാതെ വളരാൻ ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്ന നേതാക്കൻമാരെ ലഭിക്കുന്നതിനായി നമുക്ക് വോട്ടു ചെയ്യാം. പ്രാർത്ഥിക്കാം.
    സത്യവും നീതിയുമുള്ള നേതൃത്വനിരയെ തിരഞ്ഞെടുക്കാം.

    “നീതി ജലം പോലെ ഒഴുകട്ടെ; സത്യം ഒരിക്കലും വറ്റാത്തനീര്‍ച്ചാലുപോലെയും.”(ആമോസ്‌ 5 : 24.)


    പ്രേംജി മുണ്ടിയാങ്കൽ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!