പാലക്കാട് : ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലങ്ങളിലും മറ്റു വിവിധ സ്ഥലങ്ങളിലും നടന്ന ഭീകരാക്രമണങ്ങളില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി അതീവ ദു:ഖം രേഖപ്പെടുത്തി.
മനുഷ്യകുലത്തിന്റെ പാപങ്ങള്‍ക്ക്് പരിഹാരമായി, യേശുക്രിസ്തു സ്വയം കുരിശുമരണം സ്വീകരിച്ച് ഉത്ഥാനം ചെയ്തതിന്റെ സ്‌നേഹസ്മരണ ആചരിക്കുന്ന ഈസ്റ്റര്‍ ദിനത്തില്‍, പള്ളികളില്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനെത്തിയ ക്രൈസ്തവ വിശ്വാസികള്‍ കൂട്ടക്കുരുതിയ്ക്ക് ഇരയായിരിക്കുന്നു. ഇത്തരം ഒരു ഭീകരാക്രമണം നടത്താന്‍ ഈസ്റ്റര്‍ ദിനം തന്നെ തിരഞ്ഞെടുത്തത് ഇതിന്റെ സൂത്രധാരരുടെ ക്രൂരത വെളിവാക്കുന്നു.
തികച്ചും പൈശാചികമായ ഈ ക്രൂരതയ്‌ക്കെതിരെ ലോക മനസ്സാക്ഷി ഉണരണം. മതവിശ്വാസത്തിന്റെ പേരില്‍ ഈസ്റ്റര്‍ ദിനത്തില്‍ നിരപരാധികളെ കൊന്നൊടുക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ലോകത്തിന് മുഴുവന്‍ ഭീഷണിയാണ്. വംശീയതയുടേയും വര്‍ഗീയതയുടേയും പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരപരാധികളെ കൊന്നൊടുക്കുന്നതിനെതിരെ ലോകരാഷ്ട്രങ്ങള്‍ ഒരു കൂട്ടായ്മയായി നിന്നുകൊണ്ട് പ്രതികരിക്കണമെന്നും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന രാജ്യങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്കണന്നെും കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി ആവശ്യപ്പെട്ടു.
ശ്രീലങ്കന്‍ ജനതയുടെ ദു:ഖത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് പാലക്കാട് രൂപതാ സമിതി പങ്കുചേരുകയും ശ്രീലങ്കന്‍ ജനതയോടും ശ്രീലങ്കന്‍ സഭ’യോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.