Wednesday, January 22, 2025
spot_img
More

    വാക്കുകളും ആന്തരികതയും തമ്മില്‍ പൊരുത്തപ്പെട്ടു പോകണം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രെസ്റ്റണ്‍: വാക്കും ആന്തരികതയും മനസ്സും പ്രവൃത്തികളും തമ്മില്‍ യോജിച്ചുപോകണമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.ഫരിസേയന്‍ എന്ന വാക്കിന്റെ അര്‍ത്ഥം വേര്‍തിരിക്കപ്പെട്ടവര്‍ എന്നാണ്. അഭിഷേകം ചെയ്യപ്പെട്ടവരാണ്. പക്ഷേ നിര്‍ഭാഗ്യകരമെന്ന് പറയട്ടെ വേര്‍തിരിക്കപ്പെട്ടവരാകാന്‍ അവര്‍ക്ക് കഴിയുന്നില്ലഎന്നതാണ് വാസ്തവം. ഫരിസേയര്‍, നിയമജ്ഞര്‍,സദുക്കായര്‍ എന്നിവര്‍ തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് വചനം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇതിനെ ക്രിസ്തു നിശിതമായി വിമര്‍ശിക്കുന്നുണ്ട്.

    വാക്കുകൊണ്ട് മാത്രം ആരാധിക്കുകയും ഹൃദയം അകന്നിരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ക്രിസ്തുപരാമര്‍ശിക്കുന്നുണ്ട്. മാനുഷികമായി, ബാഹ്യമായി ഒരു പെരുമാറ്റവും ആന്തരികമായി മറ്റൊരു പെരുമാറ്റവും ചിന്തയും. ഇത് കാപട്യമാണ്. യൂറോപ്പിനെ ക്രൈസ്തവവല്‍ക്കരിക്കാന്‍ വിളിക്കപ്പെട്ട വിശുദ്ധനായിരുന്നു ബെനഡിക്ട്. നമ്മുടെ മനസ്സ്, ആന്തരികത ഇവ നമ്മുടെ വാക്കുകളുമായി ചേര്‍ച്ചയുള്ളതായിരിക്കണമെന്ന് വിശുദ്ധന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

    നമ്മുക്ക് ആവശ്യമുള്ളത് എന്തെന്ന് നമ്മുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് മനസ്സിലാക്കുന്നുണ്ട്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ബോധപൂര്‍വ്വം പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയണം. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന് ആ പ്രാര്‍ത്ഥന ചൊല്ലിത്തീര്‍ക്കാന്‍ കഴിയാതെ പോയതായി ചില കുറിപ്പുകളൊക്കെയുണ്ട്. അത്രയ്ക്കും ആഴത്തില്‍ നിന്ന് ചൊല്ലുമ്പോള്‍ അത് പൂര്‍ത്തിയാക്കാന്‍ ആര്‍ക്കും കഴിയാതെ പോകും.

    ജനം അധരം കൊണ്ട് മാത്രമാകരുത് കര്‍ത്താവിനെ ബഹുമാനിക്കേണ്ടത്. ജെറമിയായുടെ പുസ്തകം അക്കാര്യം പറയുന്നുണ്ട്.കര്‍ത്താവിന്റെ നിയമം ഉള്ളില്‍ വരുമ്പോള്‍ മാത്രമാണ് കര്‍ത്താവിനെ നമ്മുടെ ദൈവമായി നമുക്ക് അനുഭവിക്കാന്‍ സാധിക്കുന്നത്.

    ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ ഹൃദയത്തിന് ഇണങ്ങിയ മനുഷ്യനായിരിക്കണം, ദാവീദിനെ പോലെ. ഹൃദയപരമാര്‍ത്ഥത എന്നത് ക്രൈസ്തവന് അത്യാവശ്യമായിരിക്കേണ്ട ഗുണമാണ്. ഹൃദയപരമാര്‍ത്ഥത എന്നത് ആത്മാര്‍ത്ഥതയാണ്. നുറുങ്ങിയ ഹൃദയത്തെ ദൈവം നിരസിക്കുകയില്ല.

    എപ്പോഴാണ് നമുക്ക് ദൈവത്തെ കാണാന്‍ സാധി്ക്കുന്നത്? എന്റെ മുന്‍ഗണന അനുസരിച്ചാണ് അത് സാധിക്കുന്നത്. കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചപേക്ഷിക്കുന്നവനല്ല സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റിയവനാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നും ക്രിസ്തു ഓര്‍മ്മിപ്പിക്കുന്നുണ്ട്. നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍ നിന്ന് നന്മ പുറപ്പെടുവിക്കുന്നു. നമ്മള്‍ എന്താണ് കേട്ടുകൊണ്ടിരി്ക്കുന്നത് അതാണ് നാം സംസാരിക്കുന്നത്. വചനം കേട്ടുകൊണ്ടിരുന്നാല്‍ നാം വചനം സംസാരിക്കും. വചനം കേട്ട് അതിനെ നാം ധ്യാനിക്കണം. പരിശുദ്ധ അമ്മ എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചതുപോലെ.

    കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചിട്ട് നാം വാക്കിന് അനുസരിച്ച് പ്രവര്‍ത്തിക്കാതെ പോകരുത്. അത്തിവൃക്ഷത്തിന്റെ ഫലങ്ങളായിത്തീരേണ്ടവരാണ് മുള്‍ച്ചെടിയുടെ ഭാഗമായി മാറാനുള്ളവരല്ല നമ്മള്‍.

    പ്രാര്‍ത്ഥന ഉള്‍ച്ചേരലാണ്. അത് ഹൃദയത്തിലാണ് നടക്കുന്നത്. ക്രിസ്തു പിതാവില്‍ പ്രാര്‍ത്ഥനവഴി ഉള്‍ച്ചേര്‍ന്നു. നമ്മുടെ ഹൃദയം ക്രിസ്തുവില്‍ ഉള്‍ച്ചേരണം. ഹൃദയത്തിലാണോ നാം ഇതുവരെ പ്രാര്‍ത്ഥിച്ചത്? ഹൃദയത്തില്‍ പ്രാര്‍ത്ഥിക്കാത്തപ്രാര്‍ത്ഥന ഫലം തരാതെ പോകുമെന്നും മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!