മുംബൈ: അജപാലനദൗത്യങ്ങള്‍ വീണ്ടും ആരംഭിച്ച സാഹചര്യത്തില്‍ അതിരൂപതയിലെ വൈദികര്‍ ജാഗ്രതയുള്ളവരായിരിക്കണമെന്ന് കര്‍ദിനാള്‍ ഓസ് വാള്‍ഡ് ഗ്രേഷ്യസ്. ചില വൈദികര്‍ കോവിഡ് ബാധിതരായി മാറിയ സാഹചര്യത്തിലാണ് കര്‍ദിനാള്‍ ഈ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. രണ്ടു വൈദികര്‍ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിരുന്നു. ഫാ. ഡൊമിനിക് ആല്‍വ്‌സും ഫാ. ജോണി നിക്കോളാസുമാണ് മരണമടഞ്ഞത്. ഇവരുടെ മരണം തങ്ങളെ സംബന്ധിച്ച് വലിയൊരു നടുക്കമായിരുന്നുവെന്നും അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കര്‍ദിനാള്‍ പറഞ്ഞു.
മാസ്‌ക്ക് കൃത്യമായി ധരിക്കുക,സാമൂഹിക അകലം പാലിക്കുക,കൈകഴുകുക തുടങ്ങിയ കാര്യങ്ങളില്‍ പുരോഹിതര്‍ മടിവിചാരിക്കരുത്. ബിപിയും ഷുഗറുമുള്ള വൈദികര്‍ മറ്റുളളവരെക്കാള്‍കൂടുതല്‍ കരുതലോടെയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അജപാലനപരമായ കടമങ്ങള്‍ പുനരാരംഭിക്കുമ്പോള്‍ രോഗബാധിതരാകാനുള്ള സാധ്യതകൂടുതലാണ്. അതുകൊണ്ട് പ്രത്യേക മുന്‍കരുതല്‍ എടുക്കുകയും വേണം. തീരെ ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ പോലും ഉടന്‍ തന്നെ വിദഗ്ദ ചികിത്സ തേടണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.