കാലിഫോര്‍ണിയ: വിശുദ്ധ രൂപങ്ങള്‍ക്ക് നേരെ നടന്നുകൊണ്ടിരിക്കുന്ന ആക്രമണങ്ങളുടെ പരമ്പരയിലേക്ക് ഒന്നുകൂടി. കാലിഫോര്‍ണിയായിലെ സിട്രസ് ഹോളി ഫാമിലി ഇടവകയിലെ മാതാവിന്റെ രൂപമാണ് ഏറ്റവും ഒടുവിലായി തകര്‍ക്കപ്പെട്ടത്. മാതാവിന്റെ രൂപത്തിന്റെ ശിരസാണ് തകര്‍ത്തത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
ഇത്തരം ലജ്ജാകരമായ പ്രവൃത്തികള്‍ ചെയ്തത് ആരാണെന്നറിയില്ല. എന്തായാലും വളരെ ഹൃദയഭേദകമാണ് ഇത്തരം പ്രവൃത്തികള്‍. ഇടവക വികാരി ഫാ. എന്റിക് അല്‍വാരെസ് പറഞ്ഞു. ഇടവകയിലെ തന്നെ പത്തുപ്രമാണങ്ങളുടെ രൂപത്തിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്. സ്വസ്തിക ചിഹ്നമാണ് അതില്‍ വരച്ചുവച്ചിരിക്കുന്നത്.
കഴിഞ്ഞ ഏതാനും ആഴ്ചകളിലായി വിശുദ്ധ രൂപങ്ങള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. കന്യാമറിയത്തിന്റെയും വിശുദ്ധ ജൂനിപ്പെറോ സേറയുടെയും രൂപങ്ങളാണ് കൂടുതലായും തകര്‍ക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഞങ്ങളുടെ വിശ്വാസം രൂപങ്ങളിലോ ചിത്രങ്ങളിലോ അല്ല. നിത്യനായ ദൈവത്തിലാണ്. യേശുക്രിസ്തുവിലാണ്, ഉയിര്‍ത്തെണീറ്റ ക്രിസ്തുവിലാണ്, പുനരുത്ഥാനത്തിലാണ്. ഇക്കാര്യം എല്ലാവരും ഓര്‍ത്തിരിക്കണം. ഫാ. എന്റിക്കോ പറഞ്ഞു.