സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാജ്ഞിയായി വണങ്ങുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ദിനമാണ് ഇന്ന്. മാതാവിന്റെ രാജ്ഞിത്വത്തെ ആദരിച്ചുകൊണ്ടാണ് ഇന്നേ ദിനം ആഘോഷിക്കുന്നത്. ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്ക് സംവഹിക്കപ്പെട്ടവളാണ് പരിശുദ്ധഅമ്മയെന്ന് നമുക്കറിയാം. ഇങ്ങനെയൊരു ഭാഗ്യത്തിന് മറിയം അര്‍ഹയായത് അവളുടെ അമലോത്ഭവത്വം വഴിയായിരുന്നു.
ദൈവത്താല്‍ കൃപാവരം കൊണ്ട് നിറയ്ക്കപ്പെട്ട് മറിയം അവളുടെ ഉത്ഭവനിമിഷം മുതല്‍ തന്നെ രക്ഷിക്കപ്പെട്ടവള്‍ ആണെന്ന് നൂറ്റാണ്ടുകളിലൂടെ സഭ ബോധവതിയായി. പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ 1854 ല്‍ പ്രഖ്യാപിച്ച അമലോത്ഭവം എന്ന വിശ്വാസസത്യം ഏറ്റുപറയുന്നത് ഇതാണ്. അനന്യമായ ദൈവകൃപയാലും സര്‍വ്വശക്തനായ ദൈവത്തിന്റെ ആനുകൂല്യത്താലും മനുഷ്യവര്‍ഗ്ഗത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ യോഗ്യകകളെ മുന്‍നിര്‍ത്തിയും ഏറ്റവും പരിശുദ്ധയായ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്റെ എല്ലാ മാലിന്യങ്ങളില്‍ നിന്നും പരിരക്ഷിക്കപ്പെട്ടു. സൃഷ്ടിക്കപ്പെട്ട മറ്റേതൊരു വ്യക്തിയെക്കാളുമധികമായി മറിയത്തെ പിതാവ് ക്രി്‌സ്തുവില്‍ സ്വര്‍ഗ്ഗീയമായ എല്ലാ അനുഗ്രഹങ്ങളും കൊണ്ട് ആശീര്‍വദിച്ചു.
സ്വര്‍ലോകരാജ്ഞിയായ മറിയമേ ഞങ്ങളെയും സ്വര്‍ഗ്ഗഭാഗ്യത്തിന് അര്‍ഹരാക്കണമേയെന്ന് ഈ പുണ്യദിനത്തില്‍ നമുക്ക് മാതാവിനോട് പ്രാര്‍ത്ഥിക്കാം.