Friday, October 18, 2024
spot_img
More

    ദൈവത്തെ സ്തുതിക്കാത്തത് കഠിന ഹൃദയത്തിന്റെ അടയാളം: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: ദൈവത്തിന്റെ അത്ഭുതമുണ്ടാകുമ്പോള്‍ സ്തുതിപ്പ് സ്വഭാവികമെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. പത്തുകുഷ്ഠരോഗികളെ ക്രിസ്തു സുഖപ്പെടുത്തിയതുമായിയ ബന്ധപ്പെട്ട സുവിശേഷഭാഗം വായിച്ച് വചന സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

    ദൈവത്തിന്റെവെളിപാട് ഉണ്ടാകുമ്പോള്‍, അത്ഭുതം ഉണ്ടാകുമ്പോള്‍ ജനങ്ങള്‍ ഭയക്കാറുണ്ട്. സൗഖ്യം ലഭിക്കുന്ന ആള്‍ സ്തുതിക്കുന്നു. കണ്ടുനില്ക്കുന്ന ആളും സ്തുതിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍ എന്നാണ് വിശുദ്ധ ഗ്രന്ഥം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്.

    നന്ദി പ്രകാശിപ്പിക്കുന്നവനെ ക്രിസ്തു സ്‌നേഹിച്ചു. എന്നാല്‍ നന്ദിഹീനരോട് അവിടുന്ന് കോപിച്ചു. ദൈവത്തെ സ്തുതിക്കാത്തത് കഠിനഹൃദയത്തിന്റെ അടയാളമാണ്. അവര്‍ തങ്ങളുടെ വിമോചകനെ അനുസ്മരിച്ചില്ല. തിരിച്ചുവന്ന് ദൈവത്തെ സ്തുതിച്ചവന് കൂടുതല്‍ ലഭിക്കുന്നു.

    സൗഖ്യം ലഭിച്ച ഒമ്പതുകുഷ്ഠരോഗികള്‍ക്ക് തിരിച്ചുവന്ന് ദൈവത്തെ സ്തുതിക്കാമായിരുന്നു. പക്ഷേ അവരില്‍ ഒരാള്‍ മാത്രമാണ് തിരികെ വന്ന് ദൈവത്തെ സ്തുതിച്ചത്.
    നന്ദിഹീനമായ മറവിയിലേക്ക് അവര്‍ വഴുതിവീണുവെന്നാണ് അലക്‌സാണ്ട്രിയായിലെ സിറില്‍ മറ്റ് ഒമ്പതുപേരെ വിശേഷിപ്പിക്കുന്നത്. ലൂക്കായുടെ സുവിശേഷത്തില്‍ നിരവധി അത്ഭുതങ്ങള്‍ നമുക്ക് കാണാന്‍ കഴിയും.

    ഏതെങ്കിലും ഒരു അവയവത്തിന്റെ സൗഖ്യത്തിന്‌റെ പ്രതികരണമാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും ഒരു അവയവത്തിന് ലഭിക്കുന്ന സൗഖ്യത്തിന് മനുഷ്യന്‍ നന്ദി ഈ വിധത്തില്‍ പ്രകാശിപ്പിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ മനുഷ്യവംശത്തെ മുഴുവന്‍ പാപത്തില്‍ നിന്ന് വിമോചിപ്പിക്കുന്ന ദൈവത്തിന്‌റെ മഹനീയമായ പ്രവൃത്തിക്ക് എന്തുമാത്രം നന്ദിയും ആരാധനയും സ്തുതിപ്പും നല്കാന്‍ മനുഷ്യവംശം കടപ്പെട്ടിരിക്കുന്നുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

    ഇങ്ങനെ സംഭവിക്കാത്തതില്‍ എത്രയോ അധികമായി ദൈവം സങ്കടപ്പെടുന്നുണ്ട്! രക്ഷാകരമായ ചരിത്രം അനുസ്മരിക്കാത്തതുകൊണ്ടല്ലേ സഭാംഗങ്ങളായ നാം ദൈവത്തെ സ്തുതിക്കാത്തത്? വിശുദ്ധ കുര്‍ബാനയിലൂടെ ക്രിസ്തുവിന്റെ പരസ്യരഹസ്യ ജീവിതങ്ങളിലും മനുഷ്യാവതാരത്തിലുമാണ് നാം പങ്കുചേരുന്നത്.

    സ്വര്‍ഗ്ഗാരോഹണത്തില്‍ പങ്കുചേരുകയാണ്. ഇതു മറക്കുന്നതുകൊണ്ടാണ് തിരിച്ചറിയാത്തതുകൊണ്ടാണ് നാം സ്തുതിക്കാത്തത്. നന്ദി പറയുന്നതുകൊണ്ടുമാത്രമേ രക്ഷയുടെ അനുഭവത്തില്‍ നമുക്ക് ജീവിക്കാന്‍ കഴിയൂ.

    ദൈവത്തെ സ്തുതിച്ചിട്ടില്ലെങ്കില്‍, മഹത്വപ്പെടുത്തിയിട്ടില്ലെങ്കില്‍ കഴിഞ്ഞകാല ജീവിതത്തിലെ ആ കുറവുകള്‍ക്ക് ദൈവത്തോട് മാപ്പു ചോദിച്ച് നമുക്ക് വരും ജീവിതങ്ങളില്‍ കൂടുതല്‍സ്തുതിപ്പിന്റെ ജീവിതം നയിക്കാം. യാമപ്രാര്‍ത്ഥനകളില്‍ നാം നടത്തുന്നത് സ്തുതിപ്പാണെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

    ദൈവത്തെ നിരന്തരം സ്തുതിക്കാന്‍ കഴിയാതെ പോകുന്നത് നമ്മിലെ പാപം കാരണമാണ്. പാപിക്ക് ദൈവസ്തുതി അരോചകരമാണ്. ദൈവത്തിന് യോഗ്യമായ വിധത്തില്‍ ജീവിക്കാനായിട്ടാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. പരിപൂര്‍ണ്ണരാകാനാണ് തിരുവചനം നമ്മെ ആഹ്വാനം ചെയ്യുന്നത്.

    ദൈവരാജ്യത്തിന്റെ ഭാഗമാകുന്ന വ്യക്തി ശിശുക്കള്‍ക്ക് തുല്യമാകണം. ശിശുക്കള്‍ക്ക് തുല്യമായി ജീവിക്കുമ്പോള്‍ മാത്രമേ ദൈവരാജ്യാനുഭവത്തില്‍ നമുക്ക് ജീവിക്കാനാകൂ. മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!