കോഴിക്കോട്: കേരളത്തിലെ മലയോര കാര്‍ഷിക മേഖലയെ ആകെ ബാധിക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്മേലും വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന ബഫര്‍ സോണ്‍ സംബന്ധിച്ചും രാജ്യമൊട്ടാകെ നടപ്പാക്കാനുദ്ദേശിക്കുന്ന പരിസ്ഥിതി ആഘാത നിയമം സംബന്ധിച്ചും അന്തിമ നിയമനിര്‍മ്മാണം കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നശേഷം മാത്രമേ നടത്താവൂ എന്ന് ഇന്‍ഫാം ദേശീയ സമിതിയുടെ ഓണ്‍ലൈന്‍ യോഗം ആവശ്യപ്പെട്ടു. ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ യോഗം ഉദ്ഘാടനം ചെയ്തു.
തങ്ങളെ സാരമായി ബാധിക്കുന്ന തരത്തിലുള്ള സുപ്രധാന നിയമ നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് കൂട്ടായി ചര്‍ച്ച ചെയ്യുന്നതിനോ വിശദീകരണങ്ങള്‍ ലഭിക്കുന്നതിനോ കോവിഡ് പ്രോട്ടോകള്‍ മൂലം സാധിക്കില്ല. പരിസ്ഥിതി ആഘാത പഠനത്തെ സംബന്ധിച്ച് തീരുമാനമെടുക്കും മുമ്പ് പ്രാദേശികഭാഷകളില്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതിയുടെ തന്നെ നിര്‍ദ്ദേശമുണ്ട്.
ഇത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും വന്യജീവി സങ്കേതം സംബന്ധിച്ച വിജ്ഞാപനത്തിലും ബാധകമാക്കണം. നിജസ്ഥിതി മനസ്സിലാക്കാന്‍ പ്രാദേശികഭാഷില്‍ ഇവയുടെ കോപ്പി ലഭ്യമാക്കണം. യോഗം ആവശ്യപ്പെട്ടു.