വത്തിക്കാന്‍ സിറ്റി: മരിയഭക്തിയുടെ വിശ്വാസപൈതൃകം ശ്രദ്ധയോടെ പരിരക്ഷിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ പ്രസിഡന്റ് മോണ്‍. സ്‌റ്റെഫനോ ചെക്കീന് അയച്ച കത്തിലാണ് പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടത്.
പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി സഭാപ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി അതിന്റെ മൗലികസ്വഭാവത്തില്‍ സംരക്ഷിക്കപ്പെടണം. സുവിശേഷ മാനദണ്ഡങ്ങളായ നീതി, സ്വാതന്ത്ര്യം, സത്യസന്ധത, ഐക്യം എന്നിവയുമായി പൊരുത്തപ്പെട്ടുപോകണം.
സുവിശേഷമൂല്യങ്ങള്‍ക്കും സഭയുടെ പ്രബോധനങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും ഇണങ്ങാത്ത രീതിയില്‍ പരിശുദ്ധ മറിയത്തോടുള്ള ഭക്തി കൈകാര്യം ചെയ്യുന്ന പ്രസ്ഥാനങ്ങളും സംഘടനകളും ലോകത്തിന്‌റെ വിവിധ ഭാഗങ്ങളില്‍ തല പൊക്കിയിട്ടുള്ള സാഹചര്യത്തിലാണ് പാപ്പ ഇക്കാര്യം വിശദീകരിച്ചുകൊണ്ട് കത്തെഴുതിയിരിക്കുന്നത്.
മരിയഭക്തിയുടെ പ്രചാരകരെന്ന നിലയില്‍ വിദേശങ്ങളില്‍ നിന്ന് ലഭിക്കുന്ന സാമ്പത്തികപിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അനേകം പ്രസ്ഥാനങ്ങള്‍ കേരളത്തിലും ഉണ്ട്. മാര്‍പാപ്പയ്ക്കും സഭയ്ക്കും എതിരെയുള്ള പല പ്രബോധനങ്ങളും അവര്‍ നല്കാറുമുണ്ട്. ഈ സാഹചര്യത്തിലാണ് പാപ്പായുടെ ഈ നിര്‍ദ്ദേശങ്ങള്‍ ഏറെ പ്രസക്തമാകുന്നത്.