പ്രസ്റ്റണ്‍: നിരന്തരമായി പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണെന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. പ്രാര്‍ത്ഥന സ്തുതിപ്പും കൃതജ്ഞതയും ആരാധനയും മധ്യസ്ഥതയുമാണ്. നിരന്തരമായി സ്തുതിക്കുകയും കൃതജ്ഞതയും ആരാധന അര്‍പ്പിക്കുകയും മാധ്യസ്ഥം യാചിക്കുകയും ചെയ്യുന്നതാണ് പ്രാര്‍ത്ഥന.
ഈശോയാകുന്ന വാതിലില്‍ നിരന്തരം മുട്ടിക്കൊണ്ടിരിക്കണം എങ്കില്‍ അത് തുറന്നുകിട്ടും. നിരന്തരമായി പ്രാര്‍ത്ഥിക്കുന്ന ഒരു വ്യക്തിക്ക് ദൈവം എല്ലാ ദാനങ്ങളും നല്കും, പരിശുദ്ധാത്മാവിനെ ഉള്‍പ്പടെ. നിരന്തരം പ്രാര്‍ത്ഥിക്കുന്നതിന് വിശ്വാസത്തിന്റെ ക്ഷമ ആവശ്യമാണ്. പ്രാര്‍ത്ഥിച്ചുതീരും മുമ്പ് ഉത്തരം തരും. പ്രാര്‍ത്ഥിച്ചുതീരാത്തവരുടെ ഒരുപാട് ഉദാഹരണങ്ങള്‍ സഭയില്‍ നമുക്ക് കാണാന്‍ കഴിയും. വിശുദ്ധ മോണിക്ക പോലെയുള്ള വ്യക്തികള്‍ ഉദാഹരണം. കണ്ണീരിന്റെ ഈ പുത്രന്‍ നശിച്ചുപോകുകയില്ല എന്നാണ് വിശുദ്ധ അംബ്രോസ് അന്ന് മോണിക്കയെ ആശ്വസിപ്പിച്ചത്. വിശ്വാസത്തിന്റെ ക്ഷമ മോണിക്കയിലുണ്ടായിരുന്നു.
മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്ന ചോദ്യം നമ്മെ ആശങ്കപ്പെടുത്തേണ്ടതാണ്. മൂന്നാം സഹസ്രാബ്ദത്തില്‍ മിസ്റ്റിക്ക് ആയിട്ടുള്ള വ്യക്തികള്‍ മാത്രമേ പിടിച്ചുനില്ക്കുകയുള്ളൂവെന്നാണ് പറയപ്പെടുന്നത്. അവസാനകാലത്ത് ആളുകള്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന കാര്യംപ്രസംഗിക്കുന്നവരെ വിളിച്ചൂകുട്ടൂം. കാതിന് ഇമ്പം നല്കുന്ന കാര്യങ്ങള്‍ സംസാരിക്കുന്നവരെയാണ് അവര്‍ക്കിഷ്ടം. സഹനത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ നിത്യജീവനെക്കുറിച്ചോ സംസാരിക്കുന്നവരായിരിക്കുകയില്ല അവര്‍.
നമ്മുടെ മനസ്സ് മൂുന്നു കാരണങ്ങളാല്‍ അസ്വസ്ഥമായിരിക്കുമെന്ന് തിരുവചനം ഓര്‍മ്മപ്പെടുത്തുന്നു. ജീവിതവ്യഗ്രത, മദ്യാസക്തി, സുഖലോലുപത എന്നിവയാണവ. ഈ കെണിയില്‍ വീഴാതിരിക്കാന്‍ നാം ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കണം. നിരന്തരമായി പ്രാര്‍തഥിക്കുന്നവ്യക്തിക്ക് മാത്രമേ കരുത്തുണ്ടായിരിക്കുകയുള്ളൂ.
നമ്മുടെശക്തി കേന്ദ്രമായ ദൈവത്തെ നിരന്തരം സ്തുതിക്കണം. ഞങ്ങളുടെ പാപങ്ങള്‍ തുടച്ചുനീക്കാന്‍ ശക്തി നല്കണമേയെന്ന് അനാഫൊറ പ്രാര്‍ത്ഥനയില്‍ വിശുദധ കുര്‍ബാനയില്‍ കാര്‍മ്മികന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. മനസ്സ് ദുര്‍ബലമാകുന്നത് പ്രാര്‍ത്ഥനയുടെ അഭാവത്തിലാണ്. അസാധ്യമായ കാര്യങ്ങള്‍ സാധ്യമാകാന്‍ വേണ്ടിയാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്.
വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം അക്കാര്യമാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ എളുപ്പമാകാന്‍ വേണ്ടി, പാപം ചെയ്യാതിരിക്കാന്‍ വേണ്ടി നാം പ്രാര്‍ത്ഥിക്കണമെന്ന് വിശുദ്ധന്‍ പറയുന്നു. പ്രാര്‍ത്ഥിക്കുന്ന വ്യക്തി രക്ഷിക്കപ്പെടുമെന്ന് വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറയുന്നു. നമ്മുടെ നീതികൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നതെന്ന് ചിലര്‍ക്ക് ധാരണയുണ്ട്. ഇത് ശരിയല്ല. നമ്മുടെ പാപങ്ങളിലേക്ക് നോക്കിയല്ല സഭയുടെ വിശ്വാസത്തിലേക്ക് നോക്കിയാണ് ദൈവം പ്രവര്‍ത്തിക്കുന്നത്. അങ്ങനെയാണ് സഭയ്ക്ക് നീതി ലഭിക്കുന്നത്. അതുകൊണ്ട് നിരന്തരമായി നാം പ്രാര്‍ത്ഥിക്കണം.
അവന്‍ പ്രാര്‍ത്ഥിക്കുന്നില്ല ഇവന്‍ പ്രാര്‍ത്ഥിക്കുന്നില്ല എന്നൊന്നും വിധിയെഴുതരുത്. അത് പൈശാചികമാണ്. സഭയിലെ അംഗത്തിന് പ്രാര്‍ത്ഥനയ്ക്കിടയില്‍ കൈകെട്ടി നോക്കിനില്ക്കാനാവില്ല. സ്വര്‍ഗ്ഗത്തിലേക്ക കണ്ണുകളുയര്‍ത്തി എളിമയോടെ നിന്ന് പ്രാര്ത്ഥിക്കണം.
ഈശോ പ്രാര്‍ത്ഥിച്ചതുപോലെ, പരിശുദ്ധ അമ്മ പ്രാര്‍ത്ഥിച്ചതുപോലെ അപ്പസ്‌തോലന്മാര്‍ പ്രാര്‍ത്ഥിച്ചതുപോലെ സഭ പ്രാര്‍ത്ഥിച്ചതുപോലെ പ്രാര്‍ത്ഥിക്കണം. നീതിമാന്‍ എന്ന ധാരണയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണം പെരുകിവരുന്നു. അവനെക്കാളുംഅവളെക്കാളും ഞാന്‍ മെച്ചപ്പെട്ടതാണ് എന്ന ധാരണയോടെ പ്രാര്‍ത്ഥിക്കരുത്.
പാപിയായ എന്നില്‍ കഴിയണമേ,ദാവീദിന്റെ പുത്രാ എന്നില്‍ കനിയണമേ എന്ന പ്രാര്‍ത്ഥന എപ്പോഴും നമ്മുടെ ചുണ്ടിലുണ്ടാവണം. എളിമയോടെ പ്രാര്‍ത്ഥിക്കണം.മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.