കാക്കനാട്: ഗുജറാത്തിലെ രാജ്കോട്ട് സീറോമലബാര്‍ രൂപതയുടെ പ്രോട്ടോസിഞ്ചെല്ലൂസ് ആയി രൂപതാവൈദികനായ ഫാ. ജോയിച്ചന്‍ പറഞ്ഞാട്ടിനെ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ നിയമിച്ചു. രാജ്കോട്ട് രൂപതയിലെ ഗാന്ധിധാം സെന്‍റ് തോമസ് ഇടവക വികാരിയായും എപ്പാര്‍ക്കിയല്‍ യൂത്ത് ഡയറക്ടര്‍, ബൈബിള്‍ അപ്പസ്തോലേറ്റ് ഡയറക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തുവരികെയാണ് പുതിയ നിയമനം. പാലാ രൂപതയിലെ മുഴൂര്‍ ഇടവകാംഗമാണ് പുതിയ വികാരി ജനറാള്‍. അദ്ദേഹത്തിന്‍റെ ഒരു സഹോദരന്‍ ഫാ. മാത്യു, മേഘാലയിലെ തൂറാ രൂപതയില്‍ വൈദികനായും ഒരു സഹോദരി സി. മേഴ്സി, ഇറ്റലിയിലെ ഡോട്ടേഴ്സ് ഓഫ് സെന്‍റ് ജോസഫ്സ് എന്ന സന്ന്യാസിനി സമൂഹത്തിലെ അംഗമായും സേവനം ചെയ്യുന്നു.
പറഞ്ഞാട്ട് പരേതനായ പി. എം. മാത്യുവിന്‍റെയും ത്രേസ്യാമ്മയുടെയും ആറുമക്കളിലൊരുവനായ ജോയിച്ചന്‍ വൈദിക പരിശീലനത്തിനുശേഷം 2004-ലാണ് മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ പിതാവില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചത്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം ഇംഗ്ലീഷിനുപുറമേ ഹിന്ദി, ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്.