കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ദേവാലയങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടന്ന ഭീകരാക്രമണങ്ങളെ തുടര്‍ന്ന് പരസ്യമായി ദിവ്യബലി അര്‍പ്പിക്കേണ്ടതില്ലെന്ന് ശ്രീലങ്കയിലെ കത്തോലിക്കാ നേതൃത്വം തീരുമാനിച്ചു. സുരക്ഷയെക്കുറിച്ചു ആശങ്കകള്‍ നിലനില്ക്കുന്ന സാഹചര്യത്തിലാണ് സഭാ നേതൃത്വം ഇങ്ങനെയൊരു തീരുമാനമെടുത്തത്.
ഭീകരാക്രമണത്തെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങളും ഈസ്റ്റര്‍ ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയും വേണ്ടെന്ന് വയ്ക്കുമായിരുന്നുവെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
രണ്ട് കത്തോലിക്കാ ദേവാലയങ്ങളിലും ഒരു പ്രൊട്ടസ്റ്റന്റ് ദേവാലയത്തിലുമായിരുന്നു ഈസ്റ്റര്‍ ദിനത്തില്‍ ചാവേറാക്രമണം നടന്നത്. കൂടാതെ മൂന്നു ഹോട്ടലുകളിലും ബോംബ് സ്‌ഫോടനം നടന്നു. 359 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് ഏകദേശ കണക്ക്. എന്നാല്‍ 253 പേരാണ് കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക സ്ഥിരീകരണം.