ഹൈദരാബാദ്: സെന്റ് ജോണ്‍സ് റീജിയനല്‍ സെമിനാരിക്ക് മുമ്പാകെ അല്മായരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം. നാലു വര്‍ഷം മുമ്പ് ക്രിമിനല്‍ കുറ്റാരോപിതരായ മൂന്ന് വൈദികരെ തിരികെയെടുത്തതുമായി ബന്ധപ്പെട്ടാണ് പ്രക്ഷോഭം.
2016 ല്‍ അന്നത്തെ കടപ്പ രൂപതാധ്യക്ഷനായ ബിഷപ് ഗലേല പ്രസാദിനെ മൂന്ന് വൈദികര്‍ ചേര്‍ന്ന് ആക്രമിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ദളിത് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള ബിഷപ്പാണ് പ്രസാദ്. അദ്ദേഹം ഉന്നത കുലജാതരായ മൂന്ന് വൈദികരെ സേവനത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. 2018 ല്‍ ബിഷപ് പ്രസാദ് മെത്രാന്‍ പദവിയില്‍ നിന്ന് രാജിവച്ചിരുന്നു. ഗുണ്ടുര്‍ ബിഷപ് ബാലിയെ കടപ്പായുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റായി പിന്നീട് മാര്‍പാപ്പ നിയമിച്ചു. ഇദ്ദേഹം സസ്‌പെന്റ് ചെയ്ത വൈദികരെ തിരികെയെടുത്തു.
ഇതാണ് അല്മായരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിന് കാരണമായത്. കോടതിയില്‍ കേസ് നിലവിലിരിക്കെ കുറ്റാരോപിതരായ വൈദികരെ ഇടവകഭരണം തിരികെ ഏല്പിച്ചതാണ് അല്മായരെ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ പ്രേരിപ്പിച്ചത്.
പ്രക്ഷോഭകാരികളുടെ ആവശ്യം വത്തിക്കാനെ അറിയിക്കാമെന്നും ഉചിതമായ നടപടികള്‍ സ്വീകരിക്കാമെന്നും ബിഷപ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ബിഷപ് പ്രകാശം അല്മായര്‍ക്ക് ഉറപ്പുനല്കി.