Wednesday, October 9, 2024
spot_img
More

    നിങ്ങളുടെ ഫോണുകളിലേക്ക് അപരിചിതര്‍ സത്യവിശ്വാസത്തിന് വിരുദ്ധമായ കാര്യങ്ങള്‍ അയ്ക്കാറുണ്ടോ? കരുതിയിരിക്കുക

    സത്യവിശ്വാസത്തില്‍ നിന്ന് നമ്മെ അകറ്റാനും തെറ്റിദ്ധരിപ്പിക്കാനുമായി പല സെക്ടുകളുടെയും ആഭിമുഖ്യത്തില്‍ തെറ്റായ പ്രബോധനങ്ങള്‍ നല്കിവരുന്നുണ്ട്. ഇക്കാലത്തിനുള്ളില്‍ പലതവണ അത്തരം വിഘടിതഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മരിയന്‍ പത്രത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ചയില്‍ എംപറര്‍ ഇമ്മാനുവലിന്റെ യൂട്യൂബ് ചാനലിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്കിയിരുന്നത് ഓര്‍മ്മിക്കുമല്ലോ.

    ഇതിനൊക്കെ പുറമേ അതേ ഗ്രൂപ്പ് മറ്റൊരു രീതിയിലും കത്തോലിക്കാവിശ്വാസത്തില്‍ നിന്ന് നമ്മെ അകറ്റിക്കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുന്നതായി ചില വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന അറിയാന്‍ കഴിയുന്നു. അതിലൊന്നാണ് നമ്മുടെ വാട്‌സാപ്പിലേക്കും മറ്റ് സോഷ്യല്‍മീഡിയാകളിലേക്കും ഇക്കൂട്ടര്‍ അയച്ചുതരുന്ന തെറ്റായ സന്ദേശങ്ങള്‍.

    പലപ്പോഴും നമുക്ക് പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നായിരിക്കാം ഇവര്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ അയ്ക്കുന്നത്. നമ്മുടെ ഫോണ്‍നമ്പറുകള്‍ ആസൂത്രിതമായ നീക്കത്തിലൂടെ കളക്ട് ചെയ്തതിന് ശേഷം നമ്മെ അത്തരം സെക്ടുകളിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് ഇതുപോലെയുളള സന്ദേശങ്ങള്‍ അയ്ക്കുന്നത്. ഫേസ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചും അവര്‍ തെറ്റായ സന്ദേശങ്ങള്‍ കൈമാറുന്നതായി അറിയാന്‍ കഴിയുന്നു. ക്രൈസ്തവനാമധാരികളും ക്രിസ്തീയ വിശ്വാസങ്ങളുമാണ് എന്നതിനാല്‍ ഇതിന്റെ പിന്നിലെ അപകടം നാം ശരിയായ രീതിയില്‍ മനസ്സിലാക്കുകയില്ല. മാത്രവുമല്ല ശരിയാണെന്ന് ധരിക്കുകയും ചെയ്യും.

    എന്നാല്‍ ആശയക്കുഴപ്പം വരുത്തി നമ്മുടെ ഇടയില്‍ അനൈക്യം വിതയ്ക്കാനും സെക്ടുകളിലേക്ക് ചേര്‍ക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെങ്കില്‍ ജാഗരൂകരായിരിക്കുക. കത്തോലിക്കാവിശ്വാസത്തിനും പരിശുദ്ധ സിംഹാസനത്തിനും സഭയ്ക്കും എതിരെയുളള സന്ദേശങ്ങള്‍ കിട്ടുമ്പോള്‍ സൂക്ഷിച്ചുകൊള്ളുക. അത് കെണിയാണ്, നമ്മെ വരുതിയിലാക്കാനുള്ള തന്ത്രമാണ്.

    നാം ഉണര്‍ന്നിരിക്കുക മാത്രമേ ഇതിനുള്ള പരിഹാരമുള്ളൂ. അപരിചിതരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് കൂട്ടായ്മകളിലും അംഗമാകുമ്പോഴും ശ്രദ്ധിക്കുക. ബ്ലോക്ക് ചെയ്യേണ്ടതിനെ ബ്ലോക്ക് ചെയ്യാനും എക്‌സിറ്റ് ചെയ്യേണ്ടതിനെ എക്‌സിറ്റ് ചെയ്യാനും മറക്കാതിരിക്കുക. അത് സഭയുടെ കെട്ടുറപ്പിനും സഭയോടുള്ള നമ്മുടെ സ്‌നേഹത്തിനും നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നിസ്സാരമായ ഒരു കാര്യമാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!