ഈ ലോകത്തിലേക്കുള്ള ആത്മീയസന്ദേശവാഹകരായിട്ടാണ് ദൈവം മാലാഖമാരെ സൃഷ്ടിച്ചിരിക്കുന്നത്. ബൈബിളിലെ നിരവധി സംഭവങ്ങളില്‍ മാലാഖമാരുടെ ഇടപെടലും നാം കാണുന്നുണ്ട്. ഈശോയുടെ ജനനവിവരം അറിയിക്കുന്നതുള്‍പ്പടെയുള്ള നിരവധി സംഭവങ്ങള്‍ ഉദാഹരണം.
മാലാഖമാര്‍ ഇതുപോലെ നമ്മുടെ ജീവിതത്തിലും വിവിധരീതിയില്‍ ഇടപെടുകള്‍ നടത്തുന്നുണ്ട്.
എന്നാല്‍ അദൃശ്യമായിട്ടാവാം ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അക്കാരണത്താല്‍ തന്നെ നാം ആ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബോധവാന്മാരല്ല.
മാലാഖമാര്‍ യഥാര്‍ത്ഥമാണ്. നമ്മുടെ ആത്മീയവും ഭൗതികവുമായ ക്ഷേമത്തിന് വേണ്ടിയാണ് മാലാഖമാര്‍ നമുക്കൊപ്പമുള്ളത്.
അതുകൊണ്ടു നാം ഒരു ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ഇവരെ അഭിവാദ്യം ചെയ്യണം.
കാരണം നമ്മുടെ കൂടെ എപ്പോഴുമുള്ള സാന്നിധ്യങ്ങളാണ് മാലാഖമാര്‍. ഒരു യാത്രയ്ക്ക് പോകുമ്പോഴും ഒരു കാര്യം ചെയ്യാന്‍ ഒരുങ്ങുമ്പോഴും നാം കാവല്‍മാലാഖയുടെ സഹായം തേടണം. തീരുമാനമെടുക്കുന്നതിന് മുമ്പ് കാവല്‍മാലാഖമാരോട് അഭിപ്രായം ചോദിക്കണം. അവരോട് ചോദിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ ഒരിക്കലും തെറ്റിപ്പോകുകയില്ല. നമ്മുടെ നന്മയും സുരക്ഷയും മാത്രമാണ് മാലാഖമാരുടെ ലക്ഷ്യമെന്ന് മറന്നുപോകരുത്.
അതുകൊണ്ട് ജോലിക്കിടയില്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ സംഭവിക്കുകയോ എന്തുമായിരുന്നുകൊള്ളട്ടെ കാവല്‍മാലാഖയുടെ സഹായം തേടുക. അവരോട് കാര്യം പറയുക. അവര്‍ നമ്മെ സഹായിക്കും. ആ വിഷയത്തില്‍ ഇടപെടുകയും ചെയ്യും.