ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. ആത്മാഭിഷേകത്തിന്റെ പുതിയ അഗ്നിസ്‌നാനം കൊണ്ട് ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിന്റെ ആത്മീയതയില്‍ പരിശുദ്ധാത്മാവിന്റെ അഗ്നി നിറച്ച വൈദികന്‍. മലയാളികള്‍ ഏറെ ഭയഭക്തി ബഹുമാനങ്ങളോടെ കാണുന്ന വട്ടായിലച്ചന്‍ തന്റെ പൗരോഹിത്യജീവിതത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ലോകത്തിന് മുമ്പില്‍ അട്ടപ്പാടി എന്ന സ്ഥലത്തെ സുപരിചിതനാക്കുകയും അവിടം ആത്മീയതയുടെ പുതിയ പ്രഭവകേന്ദ്രമാക്കി മാറ്റുകയും ചെയ്തു എന്നതാണ് വട്ടായിലച്ചന്‍ ചെയ്ത മഹത്തായ പ്രവര്‍ത്തനങ്ങളിലൊന്ന്. ഡിവൈന്‍ ശുശ്രൂഷയെ തുടര്‍ന്ന് പുതിയൊരു ആത്മീയതരംഗവും പരിശുദ്ധാത്മാഭിഷേകവും നിറഞ്ഞൊഴുകിയ മണ്ണായി അട്ടപ്പാടിയും അവിടത്തെ സെഹിയോന്‍ മിനിസ്ട്രിയും മാറാന്‍ അധികം കാലമെടുത്തില്ല. ആരാലും അറിയപ്പെടാതെ കിടന്നിരുന്ന ഒരു ഭൂമണ്ഡലത്തെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനനിരത കൊണ്ട് ആത്മീയതയില്‍ പുതിയ ചലനം സൃഷ്ടിക്കാന്‍ അച്ചന് സാധിച്ചു എന്നത് നിസ്സാരകാര്യമല്ല.
ആഴ്ച തോറും സെഹിയോന്‍ കുന്നിലേക്ക് ആത്മീയപ്രശ്‌നങ്ങളുമായി കയറിപ്പോകുന്നവരും ആത്മഭാരമില്ലാതെ ഇറങ്ങിപ്പോരുകയും ചെയ്യുന്നത് എത്രയോ കാലമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നു. അത്യത്ഭുതം എന്ന് പറയാവുന്ന എത്രയോ സംഭവങ്ങള്‍ക്ക് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം സാക്ഷിയായിരിക്കുന്നു.
പാലക്കാട് രൂപതാംഗമായ വട്ടായിലച്ചന്‍ ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന സെഹിയോന്‍ മിനിസ്ട്രീസിന്‍റെ സ്ഥാപക ഡയറക്ടറും ലോകസുവിശേഷവത്ക്കരണത്തിനായി സജ്ജമാക്കപ്പെടുന്ന Anointing Fire Catholic Ministry യുടെ സ്ഥാപക ഡയറക്ടറും Preachers of Divine Mercy, Abhishekagni, Sisters of Jesus & Mary കോണ്‍ഗ്രിഗേഷനുകളുടെ സ്ഥാപകരിലൊരുവനുമാണ്.
ഫാ. സോജി ഓലിക്കല്‍, ഫാ. റെനി പുല്ലുകാലായില്‍, ഫാ. ബിനോയി, ഫാ. ആന്‍റണി എന്നിങ്ങനെ വചനപ്രഘോഷണ വേദിയില്‍ തീപ്പന്തങ്ങളായി എരിയുന്ന എത്രയോ വചനപ്രഘോഷകരുടെ ആത്മീയ വഴികാട്ടിയും ഗുരുവുമാണ് വട്ടായിലച്ചന്‍. ശാലോം ടിവിയുടെ പ്രേക്ഷകവര്‍ദ്ധനവ് കൂട്ടാന്‍ അച്ചന്‍റെ അഭിഷേകാഗ്നി പ്രോഗ്രാമിനുള്ള അഭിഷേകവും പ്രസക്തിയും ആര്‍ക്കും തള്ളിക്കളയാനാവില്ല.
വട്ടായിലച്ചന്‍റെ പൗരോഹിത്യ രജതജൂബിലി നമ്മുടെയെല്ലാവരുടെയും സന്തോഷത്തിന്‍റെ കാരണങ്ങളിലൊന്നാണ്. പഴയ നിയമകാലത്തെ പ്രവാചകരെ അനുസ്മരിപ്പിക്കുന്ന വട്ടായിലച്ചന് നമുക്ക് പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്യാം. സര്‍വ്വശക്തനായ ദൈവത്തിന്‍റെ കരങ്ങള്‍ക്ക് താഴെ വിനീതനായി നില്ക്കുന്ന അച്ചനിലൂടെ ഇനിയും ഒരുപാട് അനുഗ്രഹങ്ങള്‍ ലോകത്തിന് ലഭിക്കുന്നതിനായി നമുക്ക് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
ജോസ് കുര്യാക്കോസ്