ബെയ്ജിംങ്: വിദ്യാര്‍ത്ഥികളുമായി ക്രൈസ്തവവിശ്വാസം പങ്കുവച്ചുവെന്ന് ആരോപിച്ച് ജയിലില്‍ പോയ നേഴ്‌സറി സ്‌കൂള്‍ അധ്യാപികയാണ് എസ്‌തേര്‍. പിന്നീട് അതേ വിശ്വാസം കൊണ്ടുതന്നെ രാജ്യം വിട്ടുപോകാന്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്നു സമ്മര്‍ദ്ദങ്ങളുമുണ്ടായി. ചൈന ബാന്‍സ് ഫെയ്ത്ത് ഫോര്‍ ഓള്‍ ചില്‍ഡ്രന്‍ എന്ന ശീര്‍ഷകത്തിലുള്ള യുഎന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ്‌തേര്‍.
2007 ല്‍ ഉണ്ടായ ഒരു വാഹനാപകടമാണ് നിരീശ്വരവാദിയായ എസ്‌തേറിനെ ഒരു ക്രൈസ്തവവിശ്വാസിയാക്കിയത്. അതേ വര്‍ഷം തന്നെ എസ്‌തേര്‍ ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നുവന്നു. ക്രിസ്തീയ ആദര്‍ശങ്ങളായ എളിമയും സന്തോഷവുമാണ്് സ്‌കൂള്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അതൊരിക്കലും ക്രിസ്തീയ പ്രോഗ്രാം ആയിരുന്നില്ല. എന്നിട്ടും അധികാരികള്‍ അതിനെ ആ രീതിയിലാണ് കണ്ടത്. കാരണം നേഴ്‌സറി സ്‌കൂള്‍ അധ്യാപികയായി ജോലി നോക്കുമ്പോള്‍ തന്നെ കൗമാരക്കാര്‍ക്കുവേണ്ടി ക്രിസ്ത്യന്‍ സമ്മര്‍ ക്യാമ്പുകള്‍ എസ്‌തേര്‍ സംഘടിപ്പിക്കാരുണ്ടായിരുന്നു.
സഭയുമായുള്ള എന്റെ എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണമെന്നായിരുന്നു അധികാരികളുടെ താക്കീത്. എഡ്യൂക്കേഷന്‍ ഡിപ്പാര്ട്ട്‌മെന്റില്‍ നിന്നും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നതായി എസ്‌തേര്‍ പറയുന്നു. അധികാരികള്‍ പിന്നീട് നേഴ്‌സറി സ്‌കൂളില്‍ റെയ്ഡ് നടത്തുകയും അനധികൃതമായ രേഖകള്‍ കണ്ടെത്തുകയും ചെയ്തു.
എസ്‌തേറിനെ അറസ്റ്റ് ചെയ്ത് ഒരു ക്യാമ്പിലാക്കി. നിര്‍ബന്ധിത തൊഴിലിനും വിധേയയാക്കി. 2015 ല്‍ രണ്ടുവര്‍ഷത്തെ ജയില്‍വാസം വരിക്കേണ്ടിവന്നു. തുടര്‍ന്ന് എസ്‌തേറും ഭര്‍ത്താവും ഗവണ്‍മെന്റിന്റെ കര്‍ശന നോട്ടപ്പുളളികളായി. തങ്ങള്‍ മൂലം കുടുംബവും സുഹൃത്തുക്കളും ബുദ്ധിമുട്ടിലാകുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. ചൈന തങ്ങള്‍ക്ക് സുരക്ഷിതമല്ലെന്നും. തുടര്‍ന്ന് ചൈന വിട്ടുപോരുകയായിരുന്നു. എസ്‌തേര്‍ പറഞ്ഞു.