കൊച്ചി: അഞ്ചു പതിറ്റാണ്ടായി ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈശോസഭ വൈദികന്‍ ഫാ. സ്റ്റാന്‍ സ്വാമിയെ ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അറസ്റ്റ് ചെയ്ത നടപടി അപലപനീയമെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍. നിരോധിത സംഘടനകളുമായുള്ള ബന്ധം, മാവോയിസ്റ്റ് ബന്ധം തുടങ്ങി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എണ്‍പത്തിമൂന്നുകാരനും രോഗിയുമായ ഫാ. സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ദളിതരെയും ആദിവാസികളെയും അവരുടെ ശബ്ദമായി ജീവിക്കുന്ന മനുഷ്യാവകാശപ്രവര്‍ത്തകരെയും പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശ്ശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികള്‍ക്കെതിരെ ഭാരതത്തിലെ മതേതരസമൂഹംഉണരേണ്ടതുണ്ടെന്നും ഐക്യജാഗ്രതാ കമ്മീഷന്‍ ഓര്‍മ്മപ്പെടുത്തി. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയവാദ അജണ്ടകളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഫാ. സറ്റാന്‍ സ്വാമിയുടെ അറസ്റ്റ്.