നിരവധി തെരേസമാര്‍ ആഗോള കത്തോലിക്കാസഭയിലെ വിശുദ്ധ ഗണത്തിലുണ്ട്. വിശുദ്ധ മദര്‍ തെരേസ, മറിയം ത്രേസ്യ, കൊച്ചുത്രേസ്യ, കുരിശിന്റെ വിശുദ്ധ തെരേസ… എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും മഹതിയായ തെരേസയാണ് ആവിലായിലെ തെരേസ. അമ്മ ത്രേസ്യ എന്നും നാം ആവിലാ.യിലെ ത്രേസ്യയെ വിളിക്കാറുണ്ട്. ഇന്ന് അമ്മത്രേസ്യായുടെ തിരുനാള്‍ ദിനമാണ്. ഈ ദിനത്തില്‍ വിശുദ്ധ ത്രേസ്യ പറയുന്ന ചില ആത്മീയസത്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ക്രിസ്തീയ ജീവിതം നയിക്കുന്നതിന് നമുക്ക് സഹായകരമാകും.
ആദ്യം പ്രാര്‍ത്ഥന, പിന്നീട് പ്രവര്‍ത്തനം
ദൈവവുമായി ധ്യാനത്തിലാകുന്ന നിമിഷങ്ങളാണ് പ്രാര്‍ത്ഥനയുടേത്. ദൈവസ്വരം കേള്‍ക്കുന്ന സമയം. അവിടുന്നുമായി സൗഹൃദം സ്ഥാപിക്കുന്ന സമയം. പക്ഷേ പലര്‍ക്കും തിരക്കുപിടിച്ച ജീവിതത്തില്‍ പ്രാര്‍ത്ഥിക്കാന്‍ മാത്രം സമയം കിട്ടുന്നില്ല. കാരണം ജോലി ചെയ്യാനുണ്ടത്രെ. എന്നാല്‍ ഈ ത്രേസ്യ പറയുന്നത് ആദ്യം പ്രാര്‍ത്ഥിക്കുക, പി്ന്നീട് പ്രവര്‍ത്തിക്കുക എന്നാണ്. വ്യക്തിപരമായ,സ്വകാര്യമായ പ്രാര്‍ത്ഥനയ്ക്കായി സമയം കണ്ടെത്തുക. അത് നമ്മെ ദൈവസ്വരം കേള്‍ക്കാന്‍ മാത്രമല്ല എളിമ പഠിപ്പിക്കാനും സഹായകരമാകും എന്നാണ് അമ്മ ത്രേസ്യ പറയുന്നത്.
നമ്മെയും നമുക്ക് പ്രിയപ്പെട്ടവരെയും ദൈവത്തിന് സമര്‍പ്പിക്കുക
ദൈവത്തിന് നമ്മെയും പ്രിയപ്പെട്ടവരെയും സമര്‍പ്പിക്കുന്ന എളുപ്പമായ മാര്‍ഗ്ഗം കൂടിയാണ് പ്രാര്‍ത്ഥന. നമ്മുടെ ജീവിതത്തിലേക്ക് പലസമയങ്ങളിലായി പലരും കടന്നുവരാറുണ്ട്. അവരെയെല്ലാം ദൈവത്തിന് സമര്‍പ്പിക്കുക
ജീവിതത്തെ സരളമായി എടുക്കുക
ചില നേരങ്ങളില്‍ ഞാന്‍ എന്നെതന്നെ നോക്കി ചിരിക്കാറുണ്ട്. എന്തൊരു ദുരിതപൂരിതമായ ജന്മമാണ് എന്റേതെന്നോര്‍ത്ത്. അമ്മ ത്രേസ്യ പറഞ്ഞിട്ടുള്ള കാര്യമാണ് ഇത്. നാം വിചാരിക്കുന്നത് പലപ്പോഴും നമ്മള്‍ വലിയവരാണെന്നും നമ്മുടെ ജീവിതം വളരെ ഗൗരവത്തിലുള്ളതുമാണ് എന്നാണ്. ദൈവം മനുഷ്യനെ സരളഹൃദയനായിട്ടാണ് സൃഷ്ടിച്ചത് പക്ഷേ അവന്റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ അവന്റെ തന്നെ സൃഷ്ടിയാണ് എന്നാണല്ലോ തിരുവചനം പറയുന്നത്.
അതെ, നാം നമ്മെ ഗൗരവത്തിലെടുക്കാതിരിക്കുക. ജീവിതവും ലളിതമായി അനുഭവപ്പെടും.