ന്യൂഡല്‍ഹി: മിഷനറി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ ബ്ലെസഡ് സേക്രമെന്റ്( എംസിബിഎസ്) ന്റെ അപ്പസ്‌തോലിക് വിസിറ്ററായി ഫാ. പോള്‍ ആച്ചാണ്ടി സിഎംഐ നിയമിതനായി. വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഓറിയന്റല്‍ ചര്‍ച്ചസ് ആണ് നിയമനം നടത്തിയത്.ഇതുസംബന്ധിച്ച് ഡല്‍ഹിയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ എംസിബിഎസ് സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസഫ് മലേപ്പറമ്പിലിന് കത്തയച്ചു. സഭാ അധികാരപരിധിയില്‍ സംഘര്‍ഷം രൂപപ്പെടുന്ന സാഹചര്യത്തില്‍ പ്രസ്തുത വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ഇതുവഴി വത്തിക്കാനു അവകാശമുണ്ടായിരിക്കും.
ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറാണ് ഫാ. പോള്‍ ആച്ചാണ്ടി. ധര്‍മ്മാരാം കോളജിന്റെ റെക്ടറുമാണ്. എംസിബിഎസ് സഭ 1933 മെയ്ഏഴിന് വൈദികരായ മാത്യു ആലക്കളവും ജോസഫ് പാറേടവും ചങ്ങനാശ്ശേരി ബിഷപ് ജെയിംസ് കാളാശ്ശേരിയുടെ പിന്തുണയോടെ ആരംഭിച്ച സന്യാസസമൂഹമാണ്. ദിവ്യകാരുണ്യസ്‌നേഹം വളര്‍ത്തുക എന്നതായിരുന്നു സഭയുടെ ലക്ഷ്യം. 1989 ഡിസംബര്‍ രണ്ടിന് പൊന്തിഫിക്കല്‍ പദവി ലഭിച്ചു.
ഇന്ത്യയിലെ ഒരു സന്യാസസമൂഹത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ ഈ വര്‍ഷം രണ്ടാം തവണയാണ് വത്തിക്കാന്റെ ഇടപെടലുണ്ടാകുന്നത്. മെയ് മാസത്തില്‍ ക്ലരീഷ്യന്‍ സഭയുടെ ബാംഗ്ലൂര്‍ പ്രോവിന്‍സില്‍ സമാനമായ അവസ്ഥ ഉണ്ടായപ്പോള്‍ വത്തിക്കാന്റെ ഇടപെടലുണ്ടായിരുന്നു.
ഇന്ത്യയില്‍ തന്നെ ഒരു സന്യാസസമൂഹത്തിന്റെ ഭരണകാര്യങ്ങളില്‍ വത്തിക്കാന്റെ ഇടപെടലുണ്ടായത് 1990 ല്‍ ബാംഗ്ലൂരിലെ ആശിര്‍വനം ബെനഡിക്ടന്‍ ആശ്രമത്തിലായിരുന്നു. അന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിതനായത് പില്ക്കാലത്തെ കര്‍ദിനാള്‍ മാര്‍ വര്‍ക്കിവിതയത്തില്‍ സിഎസ്എസ് ആര്‍ ആയിരുന്നു.