സമാധാനപൂര്‍വ്വവും സന്തോഷകരവുമായ ഒരു ജീവിതത്തിന് ഏറ്റവും അത്യാവശ്യം നന്ദി നിറഞ്ഞ ഒരു മനസ്സുണ്ടായിരിക്കുക എന്നതാണ്. നന്ദി നിറഞ്ഞ മനസുണ്ടാകണമെങ്കില്‍ ദൈവം നമുക്ക് നല്കിയ നന്മകളെക്കുറിച്ചുള്ള സ്മരണ ഹൃദയത്തിലുണ്ടാവണം. ദൈവം നമുക്ക് ഓരോരുത്തര്‍ക്കും എത്രയോ വലിയ നന്മകളും അനുഗ്രഹങ്ങളുമാണ് ഓരോ ദിവസവും നല്കിക്കൊണ്ടിരിക്കുന്നത്. ചിലതു മാത്രമേ നാം കാണുന്നുള്ളൂ. ചിലത് മാത്രമേ നാം അറിയുന്നുള്ളൂ.
പകഷേ ഓരോ നിമിഷവും നമ്മെ ദൈവം പരിപാലിക്കുന്നുണ്ട്, അപകടങ്ങളില്‍ നിന്ന് രക്ഷിക്കുന്നുണ്ട്. നമ്മുടെ ആത്മീയവും ഭൗതികവുമായ എല്ലാ ആവശ്യങ്ങളിലും വേണ്ടവിധത്തിലുള്ളസഹായം നല്കുന്നുമുണ്ട്. ഈ നന്മകള്‍ക്ക് നമുക്ക് ദൈവത്തിന് തിരികെ നല്കാനൊന്നുമില്ല, കൃതജ്ഞതാപ്രകടനവും സ്തുതിയും ആരാധനയുമല്ലാതെ.
ഒരുപക്ഷേ പലപ്പോഴും വേണ്ടവിധത്തില്‍ ദൈവത്തിന് നന്ദിപറയാന്‍ നമ്മളില്‍ പലര്‍ക്കും കഴിയാറുമില്ല, അറിഞ്ഞുംകൂടായിരിക്കും.
ഇവിടെയാണ് 103 ാം സങ്കീര്‍ത്തനത്തിന്റെ പ്രസക്തി.
എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്ത്തുക, എന്റെ അന്തരംഗമേ അവിടുത്തെ വിശുദ്ധനാമം പുകഴ്ത്തുക, എന്റെ ആത്മാവേ കര്‍ത്താവിനെ വാഴ്ത്തുക, അവിടുന്ന് നല്കിയ അനുഗ്രഹമൊന്നും മറക്കരുത് എന്നാണ് ഈ സങ്കീര്‍ത്തനഭാഗം ആരംഭിക്കുന്നത്.
കര്‍ത്താവിനെ വാഴ്ത്താനും അവിടുത്തേക്ക് നന്ദിപറയാനും ഏറെ നല്ല മാര്‍ഗ്ഗമാണ് ഈ സങ്കീര്‍ത്തനഭാഗം. അതുകൊണ്ട് എല്ലാ ദിവസവും ഈ സങ്കീര്‍ത്തനം നമുക്ക ചൊല്ലാം. ദൈവത്തിന് നമ്മോട് കൂടുതല്‍സ്‌നേഹമുണ്ടാകട്ടെ. ദൈവത്തില്‍ നിന്ന് നമുക്ക് കൂടുതല്‍ അനുഗ്രഹങ്ങളും ലഭിക്കട്ടെ.