ഒരിക്കൽ ഒരു കുറുക്കൻ കാടിന്റെ പിൻഭാഗത്തുള്ള മൈതാനത്ത് വന്നിരുന്ന് മനോഹരമായ ഗാനങ്ങൾ ആലപിച്ചു. അദ്ദേഹത്തിന്റെ കൈയിൽ കുറെ ഭക്ത രൂപങ്ങളും ഉണ്ടായിരുന്നു. ഭക്തനായ കുറുക്കനെ കണ്ട് കുറച്ച് പ്രാവുകളും, മാൻപേടകളും, കുഞ്ഞാടുകളും അടുത്തേക്ക് വന്നു. തന്റെ സഞ്ചിയിൽ നിന്നും സ്വാദിഷ്ടമായ. അവരവർക്കിഷ്ടമുള്ള ഭക്ഷണങ്ങൾ നൽകി.
അവസാനം എല്ലാവരെയും സന്തോഷിപ്പിച്ച് കുറുക്കൻ മനോഹരമായ ഒരു ധ്യാന പ്രസംഗം നടത്തി. കേട്ട് നിന്ന നിഷ്കളങ്കരായവർ ആനന്ദലപ്തിയിൽ ആറാ ടി. അവസാനം കാണികളുടെയെല്ലാം വാട്സാപ്പ് നമ്പർ വാങ്ങി അവർക്കായി ഒരു ഗ്രൂപ്പ് തുടങ്ങി. ഇങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞു, ധാരാളം വാട്സാപ്പ് ഗ്രൂപ്പുകളും പല പേരുകളിലും നമ്പറുകളിലും ആരംഭിക്കേണ്ടി വന്നു.
ഏതാനും മാസങ്ങൾക്കകം കുറുക്കൻ കാടിന് വെളിയിൽ ഒരു കൂടാരം പണിതു. ലോകാവസാനത്തിന് മുൻപ് എല്ലാവരെയും തന്റെ കൂടാരത്തിൽ കയറാൻ കുറുക്കൻ നിർബന്ധിച്ചു, കേട്ടവരിൽ കുറെ കുഞ്ഞാടുകളും മാൻപേടകളും കൂടാരത്തിലേക്ക് പോയി. ലോകം അവസാനിച്ചില്ല; പക്ഷെ കൂടാരത്തിലേക്ക് പോയവർ തിരികെ വന്നില്ല. കുറുക്കന്മാരുടെ അനുയായികൾ ഇപ്പോഴും കാടിന്റെ പിന്നിലുള്ള മൈതാനങ്ങളിൽ കറങ്ങി നടപ്പുണ്ട്, പുതിയ പുതിയ ഗ്രൂപ്പുകളുമായി………..