വത്തിക്കാന്‍ സിറ്റി: ലോക മന:സാക്ഷിയെ നടുക്കിക്കളഞ്ഞ നീസ് ബസിലിക്ക കത്തീഡ്രല്‍ ആക്രമണത്തിന്റെ ഇരകളായവരുടെ കുടുംബാംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ കണ്ടുമുട്ടും. പാരീസ് സിറ്റി മേയറാണ് ഇക്കാര്യം അറിയിച്ചത്.
ഇരകളുടെ വലിയ സ്വപ്‌നമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടുക എന്നും അവര്‍ക്ക് നടക്കാന്‍ കഴിയാതെ പോയ സ്വപ്‌നം താന്‍ അവരുടെ ബന്ധുക്കള്‍ക്ക് സാധ്യമാക്കികൊടുക്കും എന്നുമാണ് മേയര്‍ അറിയിച്ചിരിക്കുന്നത്. ഇരകള്‍ക്കുവേണ്ടി നവംബര്‍ ഏഴിന് സംഘടിപ്പിച്ച അനുസ്മരണപരിപാടിയിലാണ് മേയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
മൂന്നുപേര്‍ കൊല്ലപ്പെട്ട നീസ് ബസിലിക്ക ആക്രമണത്തില്‍ ആദ്യം കൊല്ലപ്പെട്ടത് 60 കാരിയായ നാദീനായിരുന്നു. നാദീന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മാര്‍പാപ്പയെ കണ്ടുമുട്ടുക എന്നത് അടുത്തയിടെ ഭര്‍ത്താവ് ജോഫ്രി ഡെവില്ലേഴ്‌സ് ഒരു ഫ്രഞ്ച് ദിനപ്പത്രത്തിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഭാര്യക്ക് നടക്കാതെ പോയ ആഗ്രഹമാണ് ഇപ്പോള്‍ ഭര്‍ത്താവിന് മേയര്‍ സാധ്യമാക്കിക്കൊടുക്കുന്നത്.
വിന്‍സെന്റ് ലോക്വസ്, സൈമണ്‍ സില്‍വ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേര്‍. മൂന്നുപേരുടെയും ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
2016 ല്‍ നീസില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 85 പേരുടെ ബന്ധുക്കളെ ദുരന്തത്തിന്റെ രണ്ടുമാസത്തിന് ശേഷം മാര്‍പാപ്പ വ്യക്തിപരമായി കണ്ടിരുന്നു.