ബാംഗഌര്‍: കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സിലേക്ക് മദ്രാസ്- മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപും സിസിബിഐ വൈസ് പ്രസിഡന്റുമായ ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസ്വാമിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 1952 ഫെബ്രുവരി 15 ന് തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ജനനം. 2012 ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയാണ് മദ്രാസ് -മൈലാപ്പൂര്‍ അതിരൂപതാധ്യക്ഷനായി നിയമിച്ചത്.
1622 ല്‍ പോപ്പ് ഗ്രിഗറി പതിനഞ്ചാമനാണ് പ്രൊപ്പഗാന്‍ഡ ഫിദെ എന്ന പേരില്‍ സുവിശേഷവല്‍ക്കരണ തിരുസംഘം സ്ഥാപിച്ചത്. 1967 ല്‍ പോപ്പ് പോള്‍ ആറാമനാണ് നിലവിലുള്ള പേര് നിര്‍ദ്ദേശിച്ചത്. വത്തിക്കാനിലെ ഏറ്റവും വലിയ ഓഫീസുകളില്‍ ഒന്നാണ് ഇത്. സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഭൗതികസഹായം നല്കുക, പുതിയ മിഷനറി സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രോത്സാഹിപ്പിക്കുക, മിഷന്‍പ്രവര്‍ത്തനത്തിന് വൈദികരെ പരിശീലിപ്പിക്കുക തുടങ്ങിയവയാണ് തിരുസംഘത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ആഫ്രിക്ക, ഏഷ്യ, ഓഷ്യാന എന്നിവിടങ്ങളിലെ രൂപതകള്‍ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ലോകത്തിലെ മൂന്നിലൊന്ന് രൂപതകളില്‍ ഇതിന്റെ പ്രവര്‍ത്തനം സജീവമാണ്.
ഫിലിപ്പൈന്‍സിലെ കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെയാണ് സുവിശേഷവല്‍ക്കരണ സംഘത്തിന്റെ തലവന്‍. ഈ പദവിയിലെത്തിയ രണ്ടാമത്തെ ഏഷ്യക്കാരനാണ് കര്‍ദിനാള്‍ ടാഗ്ലെ.