അംബാല: ഹരിയാനയിലെ അംബാലയിലുള്ള ക്രൈസ്തവ സെമിത്തേരി നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. 176 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ സെമിത്തേരി 1844 ലാണ് പണികഴിപ്പിക്കപ്പെട്ടത്.
20.54 ഏക്കര്‍ സ്ഥലത്താണ് സെമിത്തേരിയുള്ളത്. ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ട 66 പട്ടാളക്കാരുടെയും ആംഗ്ലോ- ബോര്‍ യുദ്ധത്തിലെ തടവുകാരുടെയും ശവശരീരങ്ങള്‍ അടക്കം ചെയ്തിരിക്കുന്നതും ഇവിടെയാണ്. എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള സെമിത്തേരിയാണ് ഇത്. കത്തോലിക്കരും ആംഗ്ലിക്കന്‍സും എല്ലാം ഈ സെമിത്തേരിയാണ് ഉപയോഗിക്കുന്നത്.
1993 മുതല്‍ ഹരിയാന ഗവണ്‍മെന്റ് സെമിത്തേരിയെ സ്മാരകമായി നിലനിര്‍ത്തിപ്പോരുകയായിരുന്നു. സെമിത്തേരിയുടെ കൈവശാവകാശത്തെക്കുറിച്ചുളള തര്‍ക്കമാണ് നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരാശജനകവും സങ്കടകരവുമാണെന്ന് അംബാലയിലെ ഹോളി റെഡീമര്‍ കത്തോലിക്കാ ദേവാലയത്തിന്റെ വികാരിയും റിഡംപ്റ്ററിസ്റ്റുമായ ഫാ. ആന്റണി ചാക്കോ പ്രതികരിച്ചു.