ഭോപ്പാല്‍: മധ്യപ്രദേശ്, ഭോപ്പാല്‍ അതിരൂപതയിലെ പിആര്‍ഒ ആയിരുന്ന ഫാ. ആനന്ദ് മുട്ടുങ്ങലിനെ വൈദികവൃത്തിയില്‍ നി്ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പുറത്താക്കി. വൈദികവൃത്തിയുടെ എല്ലാ ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാത്രമല്ല ബ്രഹ്മചര്യം ഉള്‍പ്പടെയുള്ള വ്രതവാഗ്ദാനങ്ങളില്‍ നിന്നുമാണ് പുറത്താക്കിയിരിക്കുന്നത്. ഒക്ടോബര്‍ 22 നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇക്കാര്യത്തില്‍ തീരുമാനമെടുത്തതതെന്ന് ഇന്നലെ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ഭോപ്പാല്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ലിയോ കോര്‍ണേലിയോ അറിയിച്ചു.
48 കാരനായ ഫാ. ആനന്ദ് ആര്‍ച്ച് ബിഷപ് പാസ്‌ക്കല്‍ ടോപ്പ്‌നോ, ആര്‍ച്ച് ബിഷപ് കോര്‍ണേലിയോ എന്നിവരുടെ കീഴില്‍ ഏഴുവര്‍ഷത്തോളം രൂപതയുടെ പിആര്‍ഒ ആയി ആനന്ദ് സേവനം ചെയ്തിരുന്നു. എങ്കിലും റിബല്‍ എന്നതിന്റെ പേരില്‍ ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു.
2013 ല്‍ ആനന്ദ്, രൂപതാധ്യക്ഷനും വികാര്‍ ജനറലിനുമെതിരെ കേസ് കൊടുക്കുകയും മജിസ്‌ട്രേറ്റ് കേസ് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. വൈദികന്റെ സ്വഭാവവൈകല്യവുംപെരുമാറ്റത്തിലെ കുറവുകളുമാണ് കാരണമെന്നാണ് ആര്‍ച്ച് ബിഷപ് കോര്‍ണേലിയോ കോടതിയില്‍ വ്യാഖ്യാനിച്ചത്.
മനശ്ശാസ്ത്രചികിത്സ വൈദിന് നല്കിയിരുന്നുവെന്നും തുടര്‍ന്ന് അദ്ദേഹം സാധാരണരീതിയിലായെന്നും അന്ന് കോടതിയില്‍ ആര്‍ച്ച് ബിഷപ് വ്യക്തമാക്കിയിരുന്നു. സഭയോടും അധികാരികളോടും വിധേയത്വം പുലര്‍ത്താത്ത വ്യക്തിയാണ് ആനന്ദ് എന്നും ആര്‍ച്ച് ബിഷപ് വാദിച്ചു. 2019 ഡിസംബര്‍ 11 ന് ഇദ്ദേഹത്തെ ഇക്കണോമിക് ഒഫന്‍സ് വിംങ് അറസ്റ്റ് ചെയ്തിരുന്നു. അമ്പതു ദിവസങ്ങള്‍ക്ക് ശേഷമാണ് ജയില്‍ മുക്തനായത്.
വഞ്ചന, ക്രിമിനല്‍ വാസന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയവയായിരുന്നു ഇദ്ദേഹത്തിന് മേലുള്ള ആരോപണങ്ങള്‍.