ശനിയാഴ്ചകള്‍ പ്രത്യേകിച്ച് ആദ്യശനിയാഴ്ചകള്‍ പരിശുദ്ധ അമ്മയോടുള്ള വണക്കത്തിനായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ദിവസമാണ്.
എന്നാല്‍ ഈ വണക്കം എങ്ങനെയാണ് രൂപപ്പെട്ടത് എന്നറിയാമോ. ഫാത്തിമായിലെ വിഷനറിയായ ലൂസിക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ നിര്‍ദ്ദേശിച്ചത് പ്രകാരമാണ് ആദ്യ ശനിയാഴ്ചകളിലെ പ്രത്യേക വണക്കം എന്ന് കരുതപ്പെടുന്നു. 1925 ഡിസംബര്‍ പത്തിന് സിസ്റ്റര്‍ ലൂസി ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ബാലനായ ഈശോയുമൊത്ത് മാതാവ് പ്രത്യക്ഷപ്പെടുകയും മാതാവ് ലൂസിയുടെ തോളില്‍ കൈകള്‍ വച്ചുകൊണ്ട് പറയുകയും ചെയ്തത് ഇതാണ്.
‘ മകളേ മനുഷ്യര്‍ അവരുടെ പാപങ്ങളാല്‍ എന്റെ ഹൃദയം മുള്ളുകള്‍ കൊണ്ട് നിറച്ചിരിക്കുന്നു. നീ എങ്കിലും എന്നെ ആശ്വസിപ്പിക്കുക. മരണസമയത്ത് പ്രത്യേകം പ്രസാദവരം നല്‍കി മനുഷ്യരെ രക്ഷിക്കുന്നതിന് വേണ്ടി തുടര്‍ച്ചയായി അഞ്ച് ആദ്യശനിയാഴ്ചകളില്‍ കുമ്പസാരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിച്ച് ജപമാലയുടെ അഞ്ചു രഹസ്യങ്ങള്‍ ചൊല്ലി 15 മിനിറ്റ് ധ്യാനിക്കണമെന്ന് നീ എന്റെ നാമത്തില്‍ എല്ലാവരെയും അറിയിക്കണം.‘
ഈശോ അന്ന് ലൂസിയോട് പറഞ്ഞത് ഇപ്രകാരമാണ്.
‘
എന്റെ അമ്മയുടെ ഹൃദയത്തെ നീ നോക്കൂ. മനുഷ്യരുടെ പാപങ്ങള്‍മൂലം എന്റെ അമ്മയുടെ ഹൃദയം മുള്ളുകളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു. പരിഹാരപ്രവൃത്തികളാല്‍ ഈ മുള്ളുകള്‍ മാറ്റുവാന്‍ ആരും ഇല്ല‘.
മാതാവിന്റെ ഈ സന്ദേശമനുസരിച്ച് വരുന്ന ആദ്യശനിയാഴ്ചകള്‍ നമുക്ക് കൂടുതല്‍ ഭക്തിയോടെ ആചരിക്കാം. ലോകത്തിന്റെ പാപപരിഹാരത്തിന് വേണ്ടി നമുക്ക് ത്യാഗങ്ങള്‍ അനുഷ്ഠിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യാം.