എന്തൊക്കെയാണ് യൗസേപ്പിതാവിന്റെ സ്വഭാവപ്രത്യേകതകള്‍? ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം തിരുവചനം ഈ വിശുദ്ധമനുഷ്യന്റെ ഒരു വാക്ക് പോലും രേഖപ്പെടുത്തിയിട്ടില്ല എന്നാണ്. മറിയം എല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു എന്ന് പറയുന്ന തിരുവചനം യൗസേപ്പിതാവിനെക്കുറിച്ച് അങ്ങനെ പോലും പറയുന്നില്ല. വാക്കുകള്‍ കൊണ്ടല്ലപ്രവൃത്തികള്‍ കൊണ്ട് സംസാരിത്തവനായിരുന്നു ജോസഫ്.
ബൈബിള്‍ ജോസഫിന്റെ പ്രവൃത്തികളെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നവ ഇങ്ങനെയാണ്.
യൗസേപ്പ് മേരിയെ പരിഗണിച്ചു. ബെദ്‌ലഹേമിലും ഈജിപ്തിലും നസ്രത്തിലും എല്ലാം മേരിയെ പരിഗണിക്കുന്ന ഭര്‍ത്താവായ ജോസഫിനെ നാം കാണുന്നുണ്ട്. ദൈവത്തിന്റെ സ്വരത്തോട് ജോസഫ് ശ്രദ്ധാലുവായിരുന്നു. ദൈവത്തെ ചോദ്യം ചെയ്യാതെ അനുസരിക്കാന്‍ ജോസഫ് തയ്യാറായി. സ്‌നേഹം കൊണ്ടും കരുതല്‍ കൊണ്ടും ജോസഫ് യേശുവിനെ വളര്‍ത്തി.
ജോസഫിന്റേത് അസാധാരണമായ ജീവിതമായിരുന്നു ആ ജീവിതത്തിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്നുണ്ട്. നമ്മെപോലെയുള്ള സാധാരണക്കാരനായിരുന്നു ജോസഫ്. മറിയം ജന്മപാപമില്ലാതെ ജനി്ച്ചവളായിരുന്നുവെങ്കില്‍ ജോസഫ് അങ്ങനെയായിരുന്നില്ല. എന്നിട്ടും ജോസഫ് വിശുദ്ധിയുടെ ഉന്നതശൃംഗങ്ങളിലെത്തി. സാധാരണക്കാരനായി ജീവിച്ചുകൊണ്ടും അസാധാരണമായ വിശുദ്ധിയിലെത്താം എന്നതാണ് ജോസഫിന്റെ ജീവിതം നമ്മോട് പറയുന്ന ഒരു കാര്യം. അനുദിനജീവിതത്തിലെ ചെറുതും വലുതുമായ കാര്യങ്ങളിലൂടെ ജോസഫ് വിശുദ്ധിയുടെ കൊടുമുടി കീഴടക്കി.
ഇനി ജോസഫിന്റെ വ്യക്തിത്വത്തെ, ആത്മീയതയെ ആറു പുണ്യങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാന്‍ ശ്രമിക്കാം:
നീതിമാന്‍
വിശുദധ മത്തായിയുടെ സുവിശേഷം 1: 19 ല്‍ നാം ജോസഫിന്റെ വിശേഷണം ഇങ്ങനെ വായിക്കുന്നു.ന ീതിമാന്‍. ഒരാള്‍ നീതിമാനാകുന്നത് അര്‍ഹിക്കുന്നത് അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കുന്നതിലൂടെയാണ്. മറിയത്തിന് വേണ്ട പരിഗണന, യേശുവിന് വേണ്ട കരുതല്‍. നിയമങ്ങളോടുള്ള പ്രതിബദ്ധത, ഇതെല്ലാം നീതിമാന്റെ പ്രത്യേകതയാണ്. ദൈവപുത്രന്റെ വളര്‍ത്തച്ഛനായി എന്നതുകൊണ്ട് അയാള്‍ ഭരണാധികാരിയുടെ ഉത്തരവിനെ അവഗണിക്കുന്നില്ല. അതുകൊണ്ടാണ് ഗര്‍ഭാവസ്ഥയിലും മേരിയെയും കൂടിപേരെഴുതിക്കാന്‍ യാത്രയാകുന്നത്. തന്നില്‍ ഏല്പിക്കപ്പെട്ട കുടുംബം എന്ന വ്യവസ്ഥയോട് അയാള്‍ അങ്ങേയറ്റം നീതിപുലര്‍ത്തി. ബൈബിളില്‍ കാണുന്ന എല്ലാ കുടുംബങ്ങളെയും തിരുക്കുടുംബം അതിശയിപ്പിക്കുന്നുണ്ടെങ്കില്‍ അതിന് കാരണം ജോസഫ് എന്ന വ്യക്തിയുടെ നീതി ബോധം മാത്രമായിരുന്നു.
ദൈവഹിതത്തിലുള്ള കീഴടങ്ങല്‍
നിരവധി തവണ മാലാഖ ദൈവികനിര്‍ദ്ദേശങ്ങളുമായി ജോസഫിനെ സമീപിക്കുന്നുണ്ട്. അപ്പോഴെല്ലാം ജോസഫ് അതിനെ അനുസരിക്കുന്നു, ചോദ്യം ചെയ്യാതെ ദൈവത്തെ അനുസരിക്കാനുള്ള സന്നദ്ധതയും സന്മനസുമാണ് ജോസഫ്. ചോദ്യം ചെയ്യാതെ അനുസരിക്കാന്‍ കഴിയുക വിശുദ്ധര്‍ക്ക് മാത്രം സാധിക്കുന്ന ഒന്നാണ്. ദൈവത്തെ അനുസരിക്കുന്നവര്‍ക്ക് ദൈവം അഹിതകരമായത് ഒന്നും ചെയ്യില്ല എന്ന സന്ദേശം കൂടിയുണ്ട് ഇതില്‍. ദൈവത്തെ ചോദ്യം ചെയ്യാതിരിക്കുക. ദൈവത്തെ അനുസരിക്കുക, ദൈവത്തെ സ്‌നേഹിക്കുക. ദൈവം അനുഗ്രഹിക്കും. ഇതാണ് ജോസഫിന്റെ ജീവിതം നമ്മോട് പറയുന്ന മറ്റൊരു കാര്യം.
സംരക്ഷകന്‍
ജോസഫ് സംരക്ഷകനായിരുന്നു മറിയത്തിന്റെയും ഉണ്ണീശോയുടെയും. ആത്മത്യാഗിയായ ഒരാള്‍ക്ക് മാത്രമേ മറ്റൊരാളുടെ സംരക്ഷകനാകാന്‍ കഴിയൂ. തന്റെ തന്നെ ജീവന്‍ നഷ്ടപ്പെടുത്താന്‍ തയ്യാറുള്ള ഒരാള്‍ക്ക് മാത്രമേ മറ്റൊരാളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ കഴിയൂ. ബോഡി ഗാര്‍ഡ്, സെക്യൂരിറ്റി, ഇങ്ങനെയുള്ള പദവികള്‍ തന്നെ നോക്കൂ. സുരക്ഷാഭടന്മാരാണ് അവര്‍. എതിരാളികള്‍ക്ക് മുമ്പില്‍ പലപ്പോഴും അവര്‍ക്ക് ജീവന്‍ നഷ്ടമായേക്കാം. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അവര്‍ തന്നെഭരമേല്പിക്കപ്പെ്ട്ടവരുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. ശാരീരികമായ ബുദ്ധിമുട്ടുകള്‍ പലതും അതിനിടയില്‍ അവര്‍ക്ക് ഏല്‌ക്കേണ്ടിവന്നേക്കാം. ഉറക്കമിളച്ചുളള കൂട്ടിരിപ്പുകള്‍, ക്ഷീണം സഹിച്ചുകൊണ്ടുള്ള യാത്രകള്‍, അലച്ചിലുകള്‍… സംരക്ഷകനാകാന്‍ പലര്‍ക്കും കഴിയില്ല. പിറുപിറുക്കാതെ, മുറുമുറുക്കാതെ സംരക്ഷകനാകുക. ജോസഫ് നമ്മുക്ക് മുമ്പില്‍ വയ്ക്കുന്ന മറ്റൊരു വെല്ലുവിളി അതാണ്.
ഉത്തരവാദിത്തബോധം
ഒരാളുടെ സംരക്ഷണം ഏറ്റെടുക്കുമ്പോള്‍ അയാളുടെ ചുമലിലേക്ക് പല ഉത്തരവാദിത്തങ്ങളും കടന്നുവരുന്നുണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധൈര്യം ആവശ്യമാണ്. കുുടംബജീവിതം ഒരേ സമയം ധൈര്യത്തോടെ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ളതിന്റെയും ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ളതിന്റെയും സാധ്യതകള്‍ നല്കുന്നുണ്ട്. ജോസഫ് ധൈര്യത്തോടെ ഉത്തരവാദിത്തം ഏറ്റെടുത്തു.
ശുദ്ധത
ദാമ്പത്യജീവിതത്തിലും ശുദ്ധത എന്ന പുണ്യം കാത്തുസൂക്ഷിക്കാന്‍ കഴിയും എന്ന് കാണിച്ചുതന്ന അത്ഭുതപ്രതിഭാസമാണ് ജോസഫ്. വിശുദ്ധിയില്‍ ജീവിക്കാന്‍ നമുക്ക് ഇതിലും നല്ല മാതൃക വേറെയൊന്നില്ല.
വിശ്വസ്തത
ദൈവത്തോടും മനുഷ്യരോടും ഒന്നുപോലെ വിശ്വസ്തനായിരുന്നു ജോസഫ്. വിശ്വസ്തനായ ഒരാള്‍ക്ക് മാത്രമേ ഉത്തരവാദിത്തബോധമുള്ളവനും നീതിമാനുമാകാന്‍ കഴിയൂ.