പ്രതിസന്ധികളുടെ കാലത്ത് കൂടുതല്‍ ധീരതയോടെ സുവിശേഷം പ്രസംഗിക്കണമെന്ന് ലോസ് ആഞ്ചല്‍സിലെ സഹായ മെത്രാന്‍ റോബര്‍ട്ട് ബാറോന്‍.
പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും ഇക്കാലത്ത് സുവിശേഷം പങ്കുവയ്ക്കുന്നതില്‍ ആരും വിസമ്മതം പറയരുത്. മുമ്പ് എന്നത്തെക്കാളും കൂടുതലായും ധീരതയോടെയും സുവിശേഷം പ്രസംഗിക്കേണ്ട സമയമാണ് ഇത്. കാരണം ഇപ്പോള്‍ നിരവധി പ്രതിസന്ധികള്‍ സഭ നേരിട്ടുകൊണ്ടിരിക്കുകയാണ്. മുറിവുകളെ സംബോധന ചെയ്യുകയും അത് സുഖമാക്കുകയും വേണം. മറ്റേതെങ്കിലും രീതിയില്‍ നാം അതിനെ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ അതൊരിക്കലും സഹായകരമായിരിക്കില്ല. ബൈബിളിന്റെ അടിസ്ഥാനമായ പുതുമ, സൃഷ്ടിപരത, ലാളിത്യം എന്നിവയിലേക്ക് മടങ്ങിപ്പോകേണ്ട നിമിഷങ്ങളാണിത്. പല വഴികളിലൂടെ നാമെല്ലാവരും ഭീഷണകള്‍ നേരിട്ടുകൊണ്ടിരിക്കുന്നു. അതെന്നെയും ബാധിച്ചിട്ടുണ്ട്. പക്ഷേ നാം കൂടുതല്‍ ധീരതയോടെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അദ്ദേഹം ആവര്‍ത്തിച്ചു. നമ്മളെല്ലാവരും നമ്മുടെ ജീവിതം ആരംഭിച്ചിരിക്കുന്നത് പദവി, പണം, പ്രശസ്തി, ആനുകൂല്യം, ലൗകികവിജയം തുടങ്ങിയവ ലക്ഷ്യമാക്കിക്കൊണ്ടാണ്.
സ്വഭാവികമായും നമ്മുടെ മനസ്സ് അസ്വസ്ഥവും ഭീതിജനകവും ഉത്കണ്ഠാഭരിതവുമായിത്തീരുന്നു. ഇതിന് പകരം ലോകത്തില്‍ നിന്ന് ഉയര്‍ത്തി നമ്മുടെ ജീവിതങ്ങളെ ദൈവത്തിലേക്ക് ഉയര്‍ത്തുകയും അവിടുത്തെ വീക്ഷണകോണിലൂടെ കാണുകയും ചെയ്താല്‍ വിശുദ്ധിയും സമാധാനവും നമുക്ക് ലഭിക്കുന്നു. അദ്ദേഹം പറഞ്ഞു. കത്തോലിക്കാവിശ്വാസസംബന്ധമായ വീഡിയോ പ്രഭാഷണങ്ങളിലൂടെ ഏറെ പ്രശസ്തനാണ് ബിഷപ് ബാരോണ്‍.