യൗസേപ്പിതാവിന്റെ പ്രായത്തെക്കുറിച്ച് നിലവില്‍ പല സംശയങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. യൗസേപ്പിതാവ് വൃദ്ധനായിരുന്നുവെന്നും അതല്ല യുവാവ് ആയിരുന്നുവെന്നും വിരുദ്ധാഭിപ്രായങ്ങളുണ്ട്.
പക്ഷേ ജോസഫ് യുവാവായിരുന്നുവെന്നാണ് പരക്കെയുള്ള വിശ്വാസം. മാതാവിന്റെ കന്യകാത്വത്തെയും ജോസഫിന്റെ പ്രായത്തെയും കുറിച്ച് സംശയിക്കുന്നവര്‍ക്കുളള മറുപടിയായി ദൈവമനുഷ്യന്റെ സ്‌നേഹഗീതയില്‍ ഈശോ തന്നെ മരിയാ വാള്‍ത്തോര്‍ത്തയ്ക്ക് നല്കിയ മറുപടി ഇപ്രകാരമാണ്:
മേരിയുടെ പ്രസവത്തിന് ശേഷമുള്ള കന്യാത്വവും ജോസഫിന്റെ ചാരിത്ര്യവും പലരും ശക്തിയായി നിഷേധിക്കുന്നുണ്ട്. തങ്ങള്‍ തന്നെ ഭോഗാസക്തിയുടെ ചെളിക്കുണ്ടായതിനാല്‍ തങ്ങളെപോലെയുള്ള ഒരാള്‍ക്ക് പ്രകാശം പോലെ നിര്‍മ്മലവും തെളിവുറ്റതുമായ പരിശുദ്ധ ജീവിതം നയിക്കാന്‍ കഴിയുമെന്ന് അവര്‍ സമ്മതിക്കുകയില്ല.
നികൃഷ്ടമായ അവരുടെ ആത്മാക്കള്‍ അത്യന്തം ദുഷിച്ചതും അവരുടെ മനസ്സ് മാംസത്തോട് വ്യഭിചരിക്കുന്നതുമാണ്.
തന്മൂലം തങ്ങളെപോലെയുള്ള ഒരാള്‍ ഒരു സ്ത്രീയെ അവളുടെ ശരീരത്തെ പ്രതിയല്ലാതെ ആത്മാവിനെ പ്രതി ബഹുമാനിക്കാന്‍ കഴിയുമെന്ന് വിചാരിക്കാന്‍ അവര്‍ക്ക്‌സാധിക്കുകയില്ല. മേരി കന്യകയായിരുന്നു. കന്യകയായി തന്നെ ജീവിച്ചു. അവളുടെ ആത്മാവ് മാത്രം ജോസഫിനോട് വിവാഹിതമായിരുന്നു. അവളുടെ അരൂപി ദൈവത്തിന്റെ അരൂപിയോട് ചേര്‍ന്നതുപോലെ ദൈവത്തിന്റെ പ്രവൃത്തിയാല്‍ അവള്‍ തന്റെ ഏകജാതന്‍ ഈശോയായ എന്നെ ഗര്‍ഭം ധരിച്ചു.
പിതാവായ ദൈവത്തിന്റെയും മേരിയുടെയും ഏകജാതനായ എന്നെ ഗര്‍ഭം ധരിച്ചു. പരിശുദ്ധയായ ഒരു കന്യക നീതിമാനും വിരക്തനുമായ മനുഷ്യന്‍ ചാരിത്ര്യത്തിന്‌റെ സൗരഭ്യം വീശിയിരുന്ന രണ്ടു ലില്ലിപ്പൂക്കള്‍. അവരുടെ മധ്യേ പരിശുദ്ധിയുടെ പരിമളം സ്വീകരിച്ചാണ് ഞാന്‍ വളര്‍ന്നത്.