പുതുവര്‍ഷത്തില്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കാം

ഓ ദൈവമായ കര്‍ത്താവേ പുതിയ ഒരു വര്‍ഷവും ആയുസില്‍ പുതിയ ഒരു ദിനവും കൂടി എന്റെ ജീവിതത്തില്‍ എഴുതിച്ചേര്‍ത്തു തന്നതിനെയോര്‍ത്ത് ഞാന്‍ അങ്ങേയ്ക്ക് നന്ദി പറയുന്നു. അങ്ങേ സ്തുതിക്കുന്നു. എന്റെ കഴിഞ്ഞകാല ജീവിതത്തില്‍ അവിടുന്ന് ചെയ്തു തന്ന എല്ലാ നന്മകളെയും പ്രതി ഞാന്‍ അങ്ങയെ ആരാധിക്കുന്നു. വണങ്ങുന്നു.

കഷ്ടപ്പാടുകളുടെയും ദുരിതങ്ങളുടെയും വേദനകളുടെയും തിരസ്‌ക്കരണങ്ങളുടെയും അപമാനങ്ങളുടെയും ഒക്കെ നാളുകളെയും സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നപ്പോഴും അവിടുന്നെ കൈവിട്ടില്ല.

എന്റെ സങ്കടങ്ങളില്‍ ആശ്വാസമായും സന്തോഷങ്ങളില്‍ അഭിമാനമായും അങ്ങ് കൂടെ നിന്നു. അര്‍ഹതയില്ലാത്ത ഒരുപാട് അനുഗ്രഹങ്ങള്‍ എനിക്ക് നല്കി. എന്റെ മേന്മയോ പ്രാര്‍ത്ഥനയോ ജീവിതവിശുദ്ധിയോ കണക്കിലെടുക്കാതെ എനിക്കാവശ്യമായതെല്ലാം നല്കി. ദൈവമേ ഒരുപാട് നന്ദി.

ഈ വര്‍ഷത്തില്‍ എന്റെ ജീവിതത്തില്‍ എനിക്കെന്തെല്ലാമാണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല, അങ്ങേയ്ക്ക് മാത്രമേ അതറിയൂ. ഞാന്‍ ആഗ്രഹിക്കാത്തതു പലതും എന്റെ ജീവിതത്തില്‍ സംഭവിക്കുമ്പോഴും ക്ഷമയോടെയും സഹിഷ്ണുതയോടെയും അവയെ നേരിടാനും അങ്ങയെ വിട്ടുപോകാതിരിക്കാനും എന്നെ സഹായിക്കണമേ.

അവിടുത്തെ കൃപ എനിക്ക് സമൃദ്ധമായി വര്‍ഷിക്കണമേ, എന്റെ ജീവിതത്തിന്റെ ഓരോ ദിവസങ്ങളെയും അങ്ങേ കൈകളിലേക്ക് ഞാന്‍ സമര്‍പ്പിച്ചുതരുന്നു. പരിശുദ്ധ അമ്മേ എനിക്കുവേണ്ടി മാധ്യസ്ഥം യാചിക്കണേ. എന്റെ പേരിന് കാരണഭൂതരായ വിശുദ്ധരേ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ.

എന്റെ വരും ദിനങ്ങളെ അനുഗ്രഹിക്കുകയും എന്റെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുതരുകയും ചെയ്യണേയെന്നും ഞാന്‍ താഴ്മയോടെ അപേക്ഷിക്കുന്നു. എനിക്കുള്ളതിനെയും എനിക്കുളളവരെയും അങ്ങേ സംരക്ഷണത്തിന്റെ വലതുകരത്തിന്‍ കീഴിലേക്ക് ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു.

അങ്ങ് ആഗ്രഹിക്കുന്നതു മാത്രം എന്റെ ജീവിതത്തില്‍ സംഭവിക്കട്ടെ. അങ്ങ് ആഗ്രഹിക്കാത്തതെല്ലാം എന്റെ ജീവിതത്തില്‍ നിന്ന് അകന്നുപോകട്ടെ. ആമ്മേന്‍

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates