കുട്ടിക്കാനം: സമാധാനത്തിന്റെ ശുശ്രൂഷകരാകാന്‍ സാധിക്കുന്ന നല്ല പൊതുപ്രവര്‍ത്തകര്‍ക്കാണ് സമൂഹത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ സാധിക്കുന്നതെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ്പുളിക്കല്‍.
ഹൈറേഞ്ചിന്റെ നന്മയ്ക്കും വികസനത്തിനുമായി എല്ലാ വ്യത്യസ്തകള്‍ക്കുമതീതമായ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അസംഘടിതരായ കര്‍ഷക സമൂഹത്തിന്റെ ശബ്ദമായി പൊതുപ്രവര്‍ത്തകര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു. മലയോരപ്രദേശത്തിന്റെ കുതിപ്പും വേദനകളും അറിഞ്ഞ് നല്ല നേതൃത്വം നല്‍കുവാന്‍ ജനപ്രതിനിധികള്‍ക്കാവണമെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ടത് ആര്‍ക്കും നിഷേധിക്കുവാന്‍ പാടില്ല. അലിവുള്ള ഹൃദയത്തോടെ സമൂഹത്തില്‍ നിസ്സാരരെന്ന് കരുതപ്പെടുന്നവര്‍ക്ക് ആശ്വാസമാകുവാന്‍ നമുക്ക് കഴിയണം. തിരക്കുകള്‍ക്കിടയില്‍ സഹായം ഏറ്റം അര്‍ഹതയുള്ള നിസ്സഹായരായ മനുഷ്യര്‍ അവഗണിക്കപ്പെടുന്നി്‌ല്ലെന്ന് നാം ഉറപ്പുവരുത്തണം.
വലിയഉത്തരവാദിത്തങ്ങളുടെ ബാഹുല്യങ്ങള്‍ക്കിടയിലും ദൈവതിരുമുമ്പില്‍ അല്പസമയമെങ്കിലും ശാന്തരായിരിക്കുവാന്‍ ശ്രമിക്കണമെന്നും മാര്‍ പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു. ഹൈറേഞ്ച് മേഖലയില്‍ നിന്നുള്ള കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ പുതുതായി ചുമതലയേറ്റ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ അനുമോദനസമ്മേളനം കുട്ടിക്കാലം മരിയന്‍ കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാര്‍ ജോസ് പുളിക്കല്‍.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ യോഗത്തില്‍ കാഞ്ഞിരപ്പള്ളി രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷനായിരുന്നു. രൂപതാ സിഞ്ചെല്ലൂസ് ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സ്വാഗതം നേര്‍ന്നു. രൂപത പിആര്‍ ഒ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ നന്ദി അറിയിച്ചു.