ന്യൂ ഡെല്‍ഹി: ശമ്പളം കൈപ്പറ്റുന്ന വൈദികരും കന്യാസ്ത്രീകളും നികുതി അടയ്ക്കണമെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മാര്‍ച്ച് 20 നാണ് ഇതു സംബന്ധിച്ച് മദ്രാസ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇതിനെതിരെ ഫ്രാന്‍സിസ്‌ക്കന്‍ മിഷനറിസ് ഓഫ് മേരി സമര്‍പ്പിച്ച പരാതിയിന്മേലാണ് സുപ്രീം കോടതിയിലെ ജസ്റ്റീസുമാരായ അശോക് ഭൂഷാനും കെ. എം ജോസഫും അടങ്ങുന്ന ബെഞ്ച് സ്റ്റേ നല്കിയത്.
അധ്യാപകരായും മറ്റും ജോലി ചെയ്യുന്ന മിഷനറിമാരുടെ ശമ്പളം അവര്‍ ലൗകികസുഖങ്ങള്‍ക്ക് വേണ്ടിയോ സ്വകാര്യാവശ്യങ്ങള്‍ക്ക് വേണ്ടിയോ വിനിയോഗിക്കുന്നില്ല എന്നും രൂപതയ്‌ക്കോ സന്യാസസഭയ്‌ക്കോ ആണ് ആ തുക നല്കുന്നതെന്നും പരാതിക്കാര്‍ക്കു വേണ്ടി കേസ് ഫയല്‍ ചെയ്ത മുതിര്‍ന്ന അഭിഭാഷകനായ അരവിന്ദ് പി ദത്തര്‍ കോടതിയില്‍ വാദിച്ചു. ദാരിദ്ര്യം എന്ന വ്രതമെടുത്തവരാണ് മിഷനറിമാരെന്നും അതുകൊണ്ട് അവരുടെ ശമ്പളത്തെ നികുതിയുടെ കീഴില്‍ പെടുത്തരുതെന്നും അദ്ദേഹം വാദിച്ചു.
ഇതിനേതുടര്‍ന്നാണ് സുപ്രീം കോടതി മദ്രാസ് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തത്.