Friday, January 3, 2025
spot_img
More

    “ആരൊക്കെ നിഷേധിച്ചാലും എനിക്കവ നിഷേധിക്കാൻ കഴിയുകയില്ല”ഫാ. മാത്യു നായ്ക്കം പറമ്പിലിനെക്കുറിച്ച് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ എഴുതിയ കുറിപ്പ്

    സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ വ്യക്തിപരമായ വിമര്‍ശനത്തിന്റെ പേരില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമമാര്‍ഗ്ഗങ്ങളിലൂടെ അപഹസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന വന്ദ്യപുരോഹിതനാണ് ഫാ. മാത്യു നായ്ക്കംപറമ്പില്‍ വിസി. തന്റെ വാക്കുകള്‍ മൂലം സൃഷ്ടിക്കപ്പെട്ട അപസ്വരങ്ങളെ പ്രതി അദ്ദേഹം പരസ്യമായി മാപ്പു പറഞ്ഞിട്ടും ചിലര്‍ അദ്ദേഹത്തെ വിടാതെ പിന്തുടരുകയാണ്.

    ഈ സാഹചര്യത്തിലാണ് ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, നായ്ക്കംപറമ്പില്‍ അച്ചനെക്കുറിച്ച് എഴുതിയ ഒരു കുറിപ്പ് പ്രസക്തമാകുന്നത്. സെഹിയോന്‍ മിനിസ്ട്രിക്കും കേരളസമൂഹത്തിനും നായ്ക്കംപറമ്പിലച്ചന്‍ വഴിയായി ചെയ്തുകിട്ടിയ നന്മകളെക്കുറിച്ചാണ് ഈ കുറിപ്പില്‍ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നത്. ഇതിനകം വൈറലായി മാറിക്കഴിഞ്ഞ കത്തിന്റെ പൂര്‍ണ്ണരൂപം ചുവടെ:

    ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും.

    1994 മുതൽ 1998 വരെയുള്ള കാലഘട്ടത്തിലാണ് ഞാൻ അട്ടപ്പാടിയിലെ ഒരു ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടത്തിൽ ഇടവകയിലെ അനേകം മദ്യപാനികളെയും, തകർന്ന കുടുംബങ്ങളെയും, വിശ്വാസം നഷ്ടപ്പെട്ടവരെയും എങ്ങനെ നല്ലൊരു അവസ്ഥയിലേക്ക് കൊണ്ടുവരാം എന്നത് എന്റെ ഒരു പ്രധാനപ്പെട്ട ചിന്താവിഷയമായിരുന്നു. മാനുഷികമായ അധ്വാനങ്ങൾ ഫലം ചൂടാതെ വന്നപ്പോൾ ആഴ്ചതോറും ആളുകളെ പോട്ടയിലേക്കും മുരിങ്ങൂർ ധ്യാനകേന്ദ്രത്തിലേയ്ക്കും അയയ്ക്കാൻ തുടങ്ങി. ധ്യാനം കഴിഞ്ഞ് തിരിച്ചുവന്ന അവരിൽ അത്ഭുതകരമായ മാറ്റങ്ങളാണ് ഞാൻ കണ്ടത്. അനേകം മദ്യപാനികൾ മദ്യപാനം നിർത്തി, കുടുംബസമാധാനം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ വീണ്ടും ജീവിതം ആരംഭിച്ചു, കുർബാനയും കുമ്പസാരവും ഉപേക്ഷിച്ച് നടന്നിരുന്ന ഒട്ടനവധി പേർ ഇടവകയിൽ സജീവമായി വരാൻ തുടങ്ങി. അങ്ങനെയാണ് ഒരു ഇടവക വികാരിയായിരുന്ന ഞാൻ നായ്ക്കംപറമ്പിലച്ചന്റെയും ടീമംഗങ്ങളുടെയും ശുശ്രൂഷകളുടെ ഫലങ്ങൾ ആദ്യമായി നേരിട്ട് അനുഭവിച്ചറിയുന്നത്.

    പിന്നീട് 1998 – 1999 കാലഘട്ടത്തിൽ അട്ടപ്പാടിയിൽ സെഹിയോൻ ധ്യാനകേന്ദ്രം ആരംഭിച്ചപ്പോൾ സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ആദ്യത്തെ വാർഷിക കൺവെൻഷൻ നടത്തി ധ്യാനകേന്ദ്രത്തിന് ആരംഭം കുറിക്കാൻ സഹായിച്ചത് ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചനും ടീമംഗങ്ങളുമാണ്. ആ ദിവസങ്ങളിൽ യേശുവിന്റെ നാമത്തിൽ നടന്ന അത്ഭുത രോഗശാന്തികൾ, അടയാളങ്ങൾ, ശക്തമായ മനസാന്തരങ്ങൾ ഇവ എന്റെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവങ്ങളാണ്. ആരൊക്കെ നിഷേധിച്ചാലും എനിക്കവ നിഷേധിക്കാൻ കഴിയുകയില്ല. അട്ടപ്പാടി അന്ന് പലരാലും ഉപേക്ഷിക്കപ്പെട്ട് കിടന്നിരുന്ന ഒരു പ്രദേശം. സെഹിയോൻ മിനിസ്ട്രീസിന്റെ ശൈശവ അവസ്ഥയിൽ ആരും കൂടെയില്ലാതിരുന്ന സമയത്ത്, കഷ്ടപ്പാടിന്റെ നാളുകളിൽ അച്ചനും ടീമംഗങ്ങളും കാണിച്ച കരുണയും സ്നേഹവും മറക്കാൻ പറ്റാത്തതാണ്.

    ബഹുമാനപ്പെട്ട നായ്ക്കംപറമ്പിലച്ചാ….. അച്ചനെ ആരൊക്കെ ദുഷിച്ചാലും അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസും മിനിസ്ട്രീസിനോട് ബന്ധപ്പെട്ട വൈദികരും, സിസ്റ്റേഴ്‌സും, വലിയൊരു സംഘം ശുശ്രൂഷകരും, വിശ്വാസികളും, കുടുംബങ്ങളും അച്ചനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് അച്ചനോടൊപ്പം എന്നുമുണ്ടായിരിക്കും. തുടർന്നും ഞങ്ങൾക്ക് മുൻപിൽ നിന്ന് അച്ചൻ നേതൃത്വം നൽകണം. ശുശ്രൂഷകൾ നയിക്കണം. ഞങ്ങൾ വലിയൊരു സമൂഹം അതിനായി ആഗ്രഹിക്കുന്നു…. കാത്തിരിക്കുന്നു…..

    ദിവസവും അനേകം മണിക്കൂറുകൾ ദിവ്യകാരുണ്യ ആരാധനയുടെ മുൻപിൽ ചിലവഴിക്കുകയും ലോകം മുഴുവനുംവേണ്ടി മധ്യസ്ഥ പ്രാർത്ഥനകൾക്കായി മണിക്കൂറുകൾ ചിലവഴിക്കുകയും ചെയ്യുന്ന അച്ചൻ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം.

    മറക്കാനാവാത്ത ഓർമകളോടെ,

    പ്രാർത്ഥനാപൂർവ്വം – സേവ്യർ ഖാൻ വട്ടായിലച്ചൻ ‍

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!