കാഞ്ഞിരപ്പള്ളി: സമൂഹത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ നടത്തുന്ന ദീര്‍ഘവീക്ഷണമുള്ള പൊതുപ്രവര്‍ത്തകര്‍ നാടിന്റെ സമ്പത്താണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. പത്തനംതിട്ട, കോട്ടയം മേഖലകളില്‍ നിന്നുള്ള കാഞ്ഞിരപ്പള്ളി രൂപതാംഗങ്ങളായ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളുടെ അനുമോദനസമ്മേളനം കൂവപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സമൂഹത്തിന്റെ സാധ്യതകളും പ്രശ്‌നങ്ങളും പഠിക്കുകയും അവയ്ക്ക് ആത്മാര്‍ത്ഥമായ പരിഹാരം തേടുകയും ചെയ്യുമെന്ന പൗരന്മാരുടെ വിശ്വാസം ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ കാത്തുസൂക്ഷിക്കണം. നാടിന്റെ നന്മയ്ക്കും വികസനത്തിനുമായി എല്ലാ വ്യത്യസ്തതകള്‍ക്കുമതീതമായ കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അസംഘടിത സമൂഹത്തിന്റെ പ്രത്യേകിച്ച് കര്‍ഷകരുടെ ശബ്ദമായി പൊതുപ്രവര്‍ത്തകര്‍ മാറണമെന്നും അദ്ദേഹം പറഞ്ഞു.
തിരിച്ചടികളും പ്രതിസന്ധികളും നമ്മെ നഷ്ടധൈര്യരാക്കാത്തവിധം ദൈവാശ്രയത്തിലായിരിക്കുവാന്‍ നാം ശ്രദ്ധിക്കണം. ദൈവവുമായുള്ള ബന്ധം സഹോദരങ്ങളുമായുള്ള ബന്ധത്തെ ശക്തിപ്പെടുത്തും. നമ്മുടെ ഭാരമിറക്കാനാവുന്ന ഉറച്ച സങ്കേതമായ ദൈവത്തിന്റെ സമാധാനം നമ്മുടെ ഹൃദയങ്ങളെ ഭരിക്കുമ്പോള്‍ മാത്രമേ നാമും യഥാര്‍ത്ഥ സമാധാന വാഹകരാകുകയുള്ളുവെന്നും മാര്‍ ജോസ് പുളിക്കല്‍ ഓര്‍മ്മിപ്പിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ അനുമോദനസമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപത ചാൻസിലർ ഫാ. കുര്യൻ താമരശേരി അധ്യക്ഷത വഹിച്ചു. രൂപതാ സിഞ്ചെല്ലൂസ് ഫാ.ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റ്റി.സി.മാത്യു ജനപ്രതിനിധികളുടെ അടിയന്തരശ്രദ്ധ പതിയേണ്ട പൊതുവിഷയങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി. രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഷെവ. അഡ്വ.വി.സി.സെബാസ്റ്റ്യന്‍, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിക്കുട്ടി മഠത്തിനകം, നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനപ്രതിനിധികള്‍ ആശയങ്ങള്‍ പങ്കുവെച്ചു. സമ്മേളനത്തിന് രൂപത പി.ആര്‍.ഓ. ഫാ.സ്റ്റാന്‍ലി പുള്ളോലിക്കല്‍ നന്ദിയര്‍പ്പിച്ചു.